നിശ്ചയിക്കപ്പെട്ടതിലും എട്ടുദിവസം മുൻപേ പാർലമെന്റിന്റെ മഴക്കാല സമ്മേളനം അവസാനിപ്പിക്കേണ്ടിവന്നു. മന്ത്രിമാരുൾപ്പെടെ നിരവധി എം.പിമാർക്ക് സമ്മേളന കാലത്ത് കൊവിഡ് പിടിപെട്ടതിനെത്തുടർന്നാണ് സമ്മേളനം വെട്ടിച്ചുരുക്കേണ്ടിവന്നതെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും യാഥാർത്ഥ്യം അതല്ല. വിവാദപരമായ ഏതാനും നിയമ നിർമ്മാണങ്ങളുടെ പേരിൽ പ്രതിപക്ഷ പാർട്ടികൾ സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. കാർഷിക ബില്ലുകളെച്ചൊല്ലി വലിയ എതിർപ്പാണ് ഇരു സഭകളിലും ഉയർന്നത്. ലോക്സഭയിൽ മികച്ച ഭൂരിപക്ഷമുള്ളതിനാൽ അനായാസം ബില്ലുകൾ പാസാക്കാൻ സർക്കാരിനു കഴിഞ്ഞു. എന്നാൽ രാജ്യസഭയിൽ മറിച്ചായിരുന്നു സ്ഥിതി. വോട്ടിംഗിനു മുൻപ് സഭ കലങ്ങിമറിഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതു പലതും നടക്കുകയും ചെയ്തു. സഭാനടപടികൾ നിയന്ത്രിച്ചിരുന്ന അദ്ധ്യക്ഷനു നേരെ പ്രതിപക്ഷത്തെ ചിലർ നടത്തിയ പരാക്രമങ്ങൾ ജനങ്ങൾ കണ്ടതാണ്. കണ്ടുകണ്ട് ഇതൊക്കെ സാധാരണ ദൃശ്യങ്ങളായിട്ടുണ്ടെങ്കിലും മുതിർന്നവരുടെ സഭ എന്നു വിശേഷണമുള്ള രാജ്യസഭ ഇത്തരം അതിരുവിട്ട പ്രവൃത്തികളിലേക്കു വഴുതിവീഴുന്നത് വളരെ അപൂർവമാണ്. ഏതായാലും പ്രതിപക്ഷം സൃഷ്ടിച്ച ബഹളത്തിനും ലജ്ജാകരമായ രംഗങ്ങൾക്കും മദ്ധ്യേ രാജ്യസഭയും കാർഷിക ബില്ലുകൾ പാസാക്കിയെടുത്തു. അദ്ധ്യക്ഷനോട് അപമര്യാദയായി പെരുമാറിയതിന് എട്ട് എം.പിമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഇരു സഭകളും പ്രതിപക്ഷം അവസാന രണ്ടുദിവസം ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സർക്കാർ പതിനഞ്ചോളം ബില്ലുകളാണ് ചൂടപ്പം പോലെ പാസാക്കിയെടുത്തത്.
കാർഷിക മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾക്കു കാരണമായേക്കാവുന്ന മൂന്ന് നിയമനിർമ്മാണങ്ങൾക്കു പുറമെ തൊഴിൽ നിയമ പരിഷ്കരണമുൾപ്പെടെ ഒട്ടേറെ സുപ്രധാന ബില്ലുകൾക്കാണ് വർഷകാല സമ്മേളനം അനുമതി നൽകിയത്. സമഗ്രമായ ചർച്ചകളും അഭിപ്രായ രൂപീകരണവും ആവശ്യപ്പെടുന്ന നിയമ നിർമ്മാണങ്ങളാണ് അവയിൽ പലതും. രാഷ്ട്രീയമായ എതിരിടലും അസഹിഷ്ണുതയും വലിയ തോതിൽ ബാധിച്ചതുകൊണ്ടാവാം സമീപകാലത്ത് നിയമ നിർമ്മാണ സഭകളിൽ ആരോഗ്യകരമായ സംവാദങ്ങളും ചർച്ചകളും നന്നേ കുറവാണ്. വിവാദ ബില്ലുകളെക്കുറിച്ചു ചർച്ചയ്ക്കു വേണ്ടത്ര സമയം നൽകാതെയാണ് ഭരണപക്ഷം അവ പാസാക്കിയെടുത്തതെന്നു പരാതിപ്പെടുന്നവർ സഭാ ബഹിഷ്കരണത്തിലൂടെ എന്തു സന്ദേശമാണു ജനങ്ങൾക്കു നൽകുന്നത്? രാജ്യസഭയിൽ അദ്ധ്യക്ഷനോട് നിന്ദ്യമായി പെരുമാറിയതിന്റെ പേരിലാണ് എട്ട് മെമ്പർമാർക്കു സസ്പെൻഷൻ നേരിടേണ്ടിവന്നത്. ബില്ലിനെതിരെ പ്രതിഷേധിച്ചതിനാണ് തങ്ങൾക്ക് നേരെ ഈ നടപടി ഉണ്ടായതെന്നാണ് ആക്ഷേപം. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല അത്. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയിലൂടെ നിരവധി സുപ്രധാന ബില്ലുകളുടെ ചർച്ചയ്ക്കുള്ള അവസരമാണ് പ്രതിപക്ഷം പാഴാക്കിയത്. കോടിക്കണക്കിനു തൊഴിലാളികളെ ബാധിക്കുന്ന തൊഴിൽ ചട്ട നിയമ ഭേദഗതികളാണ് യാതൊരു എതിർപ്പുമില്ലാതെ പാർലമെന്റ് കടന്നത്. സഭാ ചട്ടങ്ങൾക്കു വിരുദ്ധവും സഭയുടെ അന്തസിനു നിരക്കാത്തതുമായ പ്രവൃത്തിയുടെ പേരിൽ അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നത് രാജ്യത്ത് ആദ്യ സംഭവമൊന്നുമല്ല. പാർലമെന്റിലും നിയമസഭകളിലും നടക്കുന്ന സാധാരണ കാര്യമാണിത്. ഖേദം പ്രകടിപ്പിച്ചാൽ തീരുമായിരുന്ന രാജ്യസഭയിലെ സസ്പെൻഷൻ പ്രശ്നം വലിയൊരു പ്രക്ഷോഭമായി മാറ്റുകയായിരുന്നു. എന്തു രാഷ്ട്രീയ നേട്ടമാണ് ഇതിലൂടെ നേടാനായതെന്ന് അതിനു നേതൃത്വം നൽകിയവർ ചിന്തിക്കേണ്ടതാണ്.
കൊവിഡ് മഹാമാരിക്കിടയിലും പ്രധാനപ്പെട്ട ചില നിയമ നിർമ്മാണങ്ങൾക്കുവേണ്ടി മാത്രമാണ് വൻ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളോടെ പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടിയത്. ലക്ഷങ്ങൾ അധികം ചെലവഴിച്ചാണ് ഇരു സഭകളിലും ക്രമീകരണങ്ങൾ ഒരുക്കിയത്. അവധി ദിനങ്ങൾ പോലും ഉപേക്ഷിച്ച് എല്ലാ ദിവസവും സമ്മേളിച്ച് നിയമ നിർമ്മാണം നടത്തണമെന്നായിരുന്നു ഉദ്ദേശ്യം. ഇതിന്റെ പേരിലാണ് ചോദ്യോത്തരവേള ഉപേക്ഷിച്ചതും ശൂന്യവേള പകുതിയായി കുറച്ചതുമൊക്കെ. ഈ തീരുമാനത്തിനെതിരെയും എന്തെല്ലാം കോലാഹലങ്ങളാണുണ്ടായത്. രാജ്യത്തെ മുഴുവൻ ബാധിക്കുന്ന നിരവധി നിയമ നിർമ്മാണം നടക്കുമ്പോൾ ഉത്തരവാദിത്വം മറന്ന് സഭ അപ്പാടെ ബഹിഷ്കരിക്കുന്നതിലെ ജനാധിപത്യ വിരുദ്ധ നടപടി എങ്ങനെ അംഗീകരിക്കാനാകും. ഭരണപക്ഷക്കാർ മാത്രം പങ്കെടുക്കുന്ന ബിൽ ചർച്ചകൾ കേവലം ചടങ്ങു മാത്രമായി അധഃപതിക്കുകയാണു പതിവ്. കാർഷിക ബില്ലുകളെന്ന പോലെ തൊഴിൽ നിയമ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട മൂന്നു സുപ്രധാന ബില്ലുകളും സഭയിൽ എത്തിയിരുന്നു. പ്രതിപക്ഷം ഇല്ലാത്ത ഇരു സഭകളിലും ഗൗരവമേറിയ ചർച്ച ഉണ്ടായില്ല. പ്രാബല്യത്തിലുണ്ടായിരുന്ന നാല്പത്തിനാല് നിയമങ്ങൾ എടുത്തുകളഞ്ഞ് അവയെല്ലാം നാലു ചട്ടങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ തൊഴിൽ പരിഷ്കരണ നിയമം. രാജ്യസഭയിൽ തങ്ങൾക്കുള്ള മേൽക്കോയ്മ പോലും ഓർക്കാതെയാണ് പ്രതിപക്ഷം ബഹിഷ്കരണ തീരുമാനമെടുത്തത്. അതിന്റെ ഫലമായി ഭരണപക്ഷത്തിന് ഒരു ബില്ലിന്റെ കാര്യത്തിലും യാതൊരു എതിർപ്പും നേരിടേണ്ടിവന്നില്ല. ജനങ്ങൾ അർപ്പിച്ച ചുമതല മറന്ന് സമ്മേളനം അടിച്ചുകലക്കി പാർലമെന്റിനു പുറത്ത് ധർണയും പ്രകടനവും നടത്തുന്നതിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞേക്കും. ജനപ്രതിനിധിയെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറപ്പെടുകയില്ല.
ഏതു നിയമവും പാർലമെന്റിലെത്തുമ്പോൾ നന്മതിന്മകളെക്കുറിച്ച് ജനങ്ങൾക്ക് അറിവു ലഭിക്കുന്നത് ഗൗരവമേറിയ ചർച്ചകളിലൂടെയാണ്. നിർഭാഗ്യവശാൽ നിയമനിർമ്മാണ സഭകളിൽ ഇന്ന് ഏറെ അവഗണിക്കപ്പടുന്നത് നിയമ നിർമ്മാണ വേളകളാണ്. എതിർപ്പും വിയോജനവും വാക്കുകളിലൂടെയല്ല കൈയാങ്കളിയിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. ഒട്ടുമിക്ക നിയമ നിർമ്മാണങ്ങളും നടക്കുന്നത് സഭയിലെ കൂട്ടക്കുഴപ്പങ്ങൾക്കിടയിലാണ്.
പാർലമെന്റ് പാസാക്കിയ ബില്ലുകളുടെ സവിശേഷതകൾ മനസിലാക്കാൻ ജനങ്ങൾ മറ്റു മാർഗങ്ങൾ തേടേണ്ട അവസ്ഥയാണ്. നിയമം കൊണ്ടുവരുന്ന സർക്കാരിന് അത് ഏതുവിധവും പാസാക്കണമെന്നേ ഉള്ളൂ. ജനങ്ങൾ അവയുടെ ഉള്ളടക്കം അറിയണമെന്ന് ഒരു താത്പര്യവും ഇല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |