ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസമായി മാറുന്ന അപൂർവം ചിലരുണ്ട്. അത്തരത്തിലൊരു അപൂർവ പ്രതിഭയായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യം. പാടിയ പാട്ടിലൊക്കെ തന്റെ ഹൃദയം ചേർത്ത് വച്ച് ആസ്വാദകരുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ മഹാഗായകൻ. പതിനേഴോളം ഭാഷകൾ, അമ്പതിനായിരത്തോളം ഗാനങ്ങൾ, ആറ് ദേശീയ പുരസ്കാരങ്ങളും പത്മശ്രീ, പത്മഭൂഷൺ ബഹുമതികളും.ഗായകനെന്നതിലുപരി നടനായും സംഗീതം സംവിധായകനായുമൊക്കെ തിളങ്ങിയ അത്യുപൂർവ പ്രതിഭ. പ്രണാമം എസ്.പി.ബി...
ഗായകനാക്കിയതുംരോഗം!
എസ്.പി.ബിയെ ഗായകനാക്കിയതും ഒരു രോഗമായിരുന്നുവെന്നതാണ് വിചിത്രം.
ആന്ധ്രയിലെ ഒരു എൻജിനിയറിംഗ് കോളേജിൽ ആദ്യവർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ ടൈഫോയിഡ് പിടിപെട്ടതിനെ തുടർന്ന് എസ്.പി.ബിയ്ക്ക് തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ശരീരത്തിനും മനസിനും അതിനുള്ള ഊർജ്ജമുണ്ടായിരുന്നില്ലെന്നതാണ് നേര്.
കുട്ടിക്കാലം തൊട്ടേ സംഗീതപ്രേമിയായിരുന്നു എസ്.പി.ബി. ആന്ധ്രയിലെ എൻജിനിയറിംഗ് കോളേജിൽ നിന്ന് ചെന്നൈയിലെത്തി അസോസിയേഷൻ ഒഫ് എൻജിനിയേഴ്സ് ഒഫ് ഇന്ത്യയിൽ ചേർന്ന് പഠനത്തോടൊപ്പം പാട്ടുവഴിയിലെ ഭാഗ്യാന്വേഷണവും തുടങ്ങി.ടൈഫോയ്‌ഡ് എന്ന രോഗം ആന്ധ്രയിൽ നിന്ന് തമിഴ്‌നാട്ടിലേക്കെത്തിച്ച എസ്.പി. ബാലസുബ്രഹ്മണ്യം പിന്നീട് സംഗീതലോകത്തിന്റെ നെറുകയിലെത്തിയത് ചരിത്രം.
എം.ജി. ആറിന് വേണ്ടി പാടി; താരമായി
എം.ജി. ആർ, ശിവാജി ഗണേശൻ തുടങ്ങിയ തമിഴകത്തെ അക്കാലത്തെ 'താരദൈവ"ങ്ങൾക്ക് വേണ്ടി പതിവായി പാടിയിരുന്നത് ടി.എം. സൗന്ദർരാജനായിരുന്നു. അടിമൈപ്പെൺ എന്ന ചിത്രത്തിലെ 'ആയിരം നിലവേ വാ..." എന്ന പാട്ട് എസ്.പി.ബി യെന്ന പയ്യൻ പാടുന്നുവെന്നറിഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ അദ്ദേഹത്തിന്റെ മേലായി.
''പാട്ട് ഹിറ്റാകുമോ, എസ്.പി.ബിയുടെ പാട്ട് എം.ജി.ആറിന് യോജിക്കുമോ എന്നൊക്കെയുള്ള ചർച്ചകളും വിവാദങ്ങളും കൊഴുത്തു.എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി എസ്.പി.ബിയുടെ ആ പുതുശബ്ദം എം.ജി.ആറിന് 'പെർഫെക്ട് മാച്ചായി." പാട്ട് സൂപ്പർഹിറ്റായി ; എസ്.പി.ബിയെന്ന 'സ്റ്റാർസിംഗറി"ന്റെ പിറവി ആ പാട്ടിൽ നിന്നായിരുന്നു.
സംഗീതം ഇളയരാജയെങ്കിൽ പാട്ട് എസ്.പി.ബിയുടേത് തന്നെ
എസ്.പി.ബി സിനിമയിൽ വെന്നിക്കൊടി പാറിച്ച് തുടങ്ങിയപ്പോഴും ഉറ്റമിത്രമായ ഇളയരാജയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചുതുടങ്ങിയിരുന്നില്ല.എഴുപതുകൾക്ക് ശേഷമാണ് അന്നക്കിളി എന്ന ചിത്രത്തിലൂടെ ഇളയരാജ സംഗീതസംവിധായകനായി അരങ്ങേറിയത്. ആദ്യ ചിത്രം തന്നെ രാജയെ തമിഴ് സംഗീത ലോകത്തെ രാജാവാക്കി മാറ്റി.
ഇളയരാജയും എസ്.പി. ബാലസുബ്രഹ്മണ്യവും ഒന്നിച്ചപ്പോൾ കാലാതിവർത്തിയായ പരശ്ശതം പാട്ടുകൾ പിറന്നു. തമിഴിൽ മാത്രമല്ല തെലുങ്കിലും കന്നഡയിലും ഈ കൂട്ടുകെട്ട് വിസ്മയങ്ങൾ തീർത്തു. ഒരു സിനിമയിൽ ഇളയരാജ ഈണമിട്ടാൽ എസ്.പി.ബിയുടെ രണ്ട് മൂന്ന് പാട്ടുകളെങ്കിലുമുണ്ടാകുമെന്ന ഉറപ്പ് എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലും സംഗീതപ്രേമികൾക്കുണ്ടായിരുന്നു.
തമിഴകം വിളിച്ചു പാടും നിലാ
എണ്ണമറ്റ പാട്ടുകൾ കൊണ്ട് തങ്ങളുടെ ഹൃദയത്തിൽ തൊട്ട പാട്ടുകാരനെ പാട്ടും സിനിമയും ചോരയിൽ നിറച്ച തമിഴകം സ്നേഹാരാധനയോടെ വിളിച്ചു: ''പാടും നിലാ...".1946 ജൂൺ നാലിന് അന്നത്തെ മദ്രാസിലെ പള്ളിപ്പെട്ട് ജില്ല (ഇന്നത്തെ തിരുവള്ളുവർ ജില്ല) യിലാണ്എസ്.പി.ബിയുടെ ജനനം. അന്ന് ആന്ധ്രാപ്രദേശിന്റെ ഭാഗമായിരുന്നു പള്ളിപ്പെട്ട്.
നാടക നടനും ഹരികലാക്ഷേപ കലാകാരനുമായിരുന്ന സാബ മൂർത്തിയാണ് എസ്.പി.ബിയുടെ പിതാവ്. കുട്ടിക്കാലം തൊട്ടേ എസ്.പി.ബിയും ഹാർമോണിയവും ഫ്ളൂട്ടുമൊക്കെ അഭ്യസിച്ചിരുന്നുവെങ്കിലും മകൻ എൻജിനിയറിംഗ് പഠിച്ച് നല്ലൊരു ജോലി നേടണമെന്നായിരുന്നു അച്ഛന്റെ മോഹം.
അസുഖബാധിതനായി ചെന്നൈയിലെത്തിയ എസ്.പി.ബി സംഗീത ട്രൂപ്പിൽ ചേർന്ന് പാട്ടുകൾ പാടാൻ തുടങ്ങി. ഇളയരാജയെയും സഹോദരൻ ഗംഗൈ അമരനെയുമൊക്കെ എസ്.പി.ബി പരിചയപ്പെടുന്നത് ആയിടയ്ക്കാണ്. ഇളയരാജയും ഗംഗൈ അമരനുമൊക്കെ സംഗീതക്കച്ചേരികൾ ഉപജീവനമാർഗമായി കണ്ടിരുന്ന കാലം.ആയിടയ്ക്കാണ് മദ്രാസ് - തെലുങ്ക് അസോസിയേഷൻ ഒരു സംഗീത മത്സരം നടത്തിയത്. ആ മത്സരത്തിൽ പങ്കെടുക്കാൻ എസ്.പി.ബിയെ നിർബന്ധിച്ചത് ഇളയരാജയും ഗംഗൈ അമരനും ചേർന്നാണ്.എസ്.പി.ബി ആ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സമ്മാനം നേടി. സംഗീതലോകത്തെ നിരവധി പ്രമുഖർക്ക് മുന്നിൽ എസ്.പി.ബിയ്ക്ക് ലഭിച്ച ആദ്യ അംഗീകാരം എസ്.പി.ബിയുടെ സംഗീത ജീവിതത്തിന്റെ തുടക്കവും അവിടെ നിന്നായിരുന്നു.
തുടക്കം തെലുങ്കിൽ
1966-ൽ എസ്.പി. കോദണ്ഡപാണി എന്ന സംഗീത സംവിധായകനാണ് എസ്.പി.ബിയ്ക്ക് സിനിമയിൽ ആദ്യ അവസരം നൽകിയത്. ശ്രീമര്യാദരാമണ്ണ എന്ന തെലുങ്ക് ചിത്രം. പിന്നെ ഒരു കന്നഡ ചിത്രം.
1969 ൽ ശാന്തിനിലയം എന്ന സിനിമയിൽ 'ഇയർക്കൈയെനും ഇളയക്കനി"യെന്ന പാട്ട് പാടിയാണ് തമിഴിലെ തുടക്കം.
ഒറ്റ ദിവസം 21 പാട്ട്
1981-ൽ ഒറ്റ ദിവസം കൊണ്ട് എസ്.പി. ബാലസുബ്രഹ്മണ്യം പാടിയ 21 ഇളയരാജാ ഗാനങ്ങളാണ് റെക്കോഡ് ചെയ്യപ്പെട്ടത്. ഇന്നും തകർക്കപ്പെടാത്ത ഒരുപക്ഷേ ഇനിയൊരിക്കലും തകർക്കപ്പെടാനാകാത്ത ഒരത്യപൂർവ റെക്കോഡ്.
രാവിലെ എട്ട് മണിക്ക് തുടങ്ങി രാത്രി പന്ത്രണ്ട് മണി വരെ തുടർച്ചയായി പത്തൊൻപത് തമിഴ് പാട്ടുകൾ റെക്കോഡ് ചെയ്തിട്ടുണ്ട് എസ്.പി. ബാലസുബ്രഹ്മണ്യം. ഹിന്ദി സിനിമയിൽ ഒറ്റ ദിവസം കൊണ്ട് പതിനാറ് പാട്ടുകൾ പാടിയ റെക്കാഡും എസ്.പി.ബിയുടെ പേരിലാണ്.
ഗിന്നസ് റെക്കോഡ്
വിവിധ ഭാഷകളിലായി അമ്പതിനായിരത്തോളം പാട്ടുകൾ പാടിയ എസ്.പി.ബി ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്സിലും ഇടം പിടിച്ചു.കർണാടക സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എസ്.പി.ബി ശങ്കരാഭരണത്തിലെ കർണാടക സംഗീതത്തിലധിഷ്ഠിതമായ പാട്ടുകൾ ഗംഭീരമാക്കി ദേശീയ പുരസ്കാരം നേടി സംഗീതപ്രേമികളെ വിസ്മയിപ്പിച്ചു.
എം.ജി.ആർ, ശിവാജി, ജയശങ്കർ, രജനികാന്ത്, കമൽഹാസൻ, അജിത്, വിജയ്, ഹിന്ദിയിൽ സൽമാൻഖാൻ, മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ... എസ്.പി.ബിയുടെ ശബ്ദത്തിനനുസരിച്ച് ചുണ്ടനക്കാത്ത സൂപ്പർ താരങ്ങൾ ഇന്ത്യൻ സിനിമയിലില്ലെന്ന് തന്നെ പറയാം.സൽമാൻഖാന്റെആദ്യകാല സൂപ്പർ ഹിറ്റായ ഹം ആപ് കെ ഹെ കോൻ എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും എസ്.പി.ബിയാണ് പാടിയത്.രാജ്യത്തെ ഏതാണ്ടെല്ലാ പ്രമുഖ സംഗീത സംവിധായകർക്ക് വേണ്ടിയും എസ്.പി.ബി പാടിയിട്ടുണ്ട്.ഇനി പാടാൻ എസ്.പി.ബിയില്ല. പക്ഷേ അദ്ദേഹം പാടിയ പാട്ടുകൾക്ക് ഒരിക്കലും മരണമില്ല. തലമുറകൾ ആ സുവർണ ഗാനങ്ങൾ ഏറ്റുപാടും. സംഗീതമുള്ള കാലത്തോളം ആ മഹാഗായകൻ സംഗീതപ്രേമികളുടെ ഓർമ്മകളിൽ ജീവിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |