എസ്. പി. ബി പാട്ടുവസന്തം തീർത്തത് 16 ഭാഷകളിൽ....
'ഈ കടലും മറുകടലും ഭൂമിയും മാനവും കടന്ന്,ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ..."
സിനിമ കടൽപ്പാലം.വയലാറിന്റെ വരികൾക്ക് വല്ലാത്തൊരു കാന്ത ശക്തിയുണ്ടെന്ന് എസ്.പി.ബാലസുബ്രമണ്യം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആദ്യ ഗാനത്തിലൂടെ തന്നെ മലയാളികളുടെ താരാപഥത്തിലേറി എസ്.പി.ബി എന്ന മൂന്നക്ഷരം.തന്റെ ശബ്ദത്തെ എങ്ങനെ വേണമെങ്കിലും ആക്കി തീർക്കാനുള്ള എന്തോ മാന്ത്രികത എസ്.പി.ബി കാത്തു സൂക്ഷിച്ചു. ശാസ്ത്രീയവും തനിനാടനും ഒരേപോലെ വഴങ്ങുന്ന ശബ്ദം.കൊഞ്ചിയും കരഞ്ഞും കുതിച്ചും പാടി തീർത്ത പാട്ടുകൾ.എസ്.പി ബി യുടെ ഓരോ പാട്ടും ശ്രോതാക്കളോട് സംവദിച്ചു.ഓരോ കഥാപാത്രങ്ങൾക്കും തന്റെ ശബ്ദം കൊണ്ട് കരുത്തുനൽകി. എത്ര തലമുറ കഴിഞ്ഞാലും ശ്രോതാക്കളെ ആസ്വാദനത്തിന്റെ ഉയരങ്ങളിൽ എത്തിക്കാനുള്ള ശക്തിയുണ്ട് എസ ്പി.ബിയുടെ ഓരോ ഗാനത്തിനും.16 ഭാഷകളിൽഎസ്. പി. ബി ഗാനവസന്തമായി. എല്ലാ പാട്ടും മലയാളം ഏറ്റെടുത്തു.
'യോഗമുള്ളവൾ" സിനിമയിലെ നീലസാഗരതീരം എന്ന ഗാനം ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എസ്.പി.ബി , എസ്. ജാനകിയോടൊപ്പം പ്രണയ ശബ്ദമായി പാടിയപ്പോൾ മലയാളികളുടെ മനമാണ് നിറഞ്ഞത്. ശ്രീകുമാരൻ തമ്പിയുടെ ജൂനിയറായി എൻജിനിയറിംഗ് കോളേജിൽ എസ്.പി.ബി പഠിച്ചിട്ടുണ്ട്. അന്നുമുതൽഇരുവരും തമ്മിൽ സൗഹൃദം തുടങ്ങി.
അർജുനൻ മാസ്റ്ററും എസ്.പി.ബിയും ആദ്യമായി നടത്തിയ കൂടിക്കാഴ്ച ഏറെ രസകരമാണ്. ആദ്യകാഴ്ചയിൽ എസ്. പി. ബി പേര് പറഞ്ഞു പരിചയപ്പെടുത്തിയില്ല. 'നിൻ മണിയറയിലെ" എന്ന പാട്ടിന്റെ അനുപല്ലവി പാടി കേൾപ്പിച്ചു . ശേഷം 'നീല നിശീഥിനി" പാടി. പയ്യനു ഈ ഗാനവുമായി എന്ത് ബന്ധമെന്ന് മാസ്റ്റർ ആലോചിച്ചപ്പോൾ ഒരു ഫ്ളാഷ്ബാക്ക് വീണു. വർഷം 1970. സംവിധായകൻ ഉദ്യോഗസ്ഥ വേണുവിന്റെ ഓഫീസിൽ ശ്രീകുമാരൻ തമ്പിയോടൊപ്പം സി ഐ ഡി നസീറിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന തിരക്കിലാണ് അർജുനൻ മാസ്റ്റർ. സ്ഥിരമായി സ്റ്റുഡിയോയിൽ വന്നു പാട്ടു കേൾക്കുന്ന ചെറുപ്പക്കാരന്റെ പേര് ബാലു.അന്ന് ആ പയ്യൻ കാണാപ്പാഠമാക്കിയ പാട്ടുകളാണ് നീല നിശീഥിനിയും നിൻ മണിയറയിലും . ആ പയ്യൻ വളർന്നു വലിയ പാട്ടുകാരനായി. അവനെ ഇന്ത്യൻ സംഗീത ലോകം എസ് .പി .ബി എന്നു വിളിച്ചു. എത്ര ഉയരങ്ങളിൽ എത്തിയാലും പിന്നിട്ട വഴി മറക്കാത്തവരാണ് യഥാർത്ഥ കലാകാരൻമാർ എന്ന് തോന്നാറുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എസ് പി ബി. ഇഷ്ടം കൊണ്ടാണ് ആ പാട്ടുകൾ എല്ലാം പഠിച്ചതെന്ന് എസ് പി ബി പറഞ്ഞപ്പോൾ തന്റെ കണ്ണ് നിറഞ്ഞുപോയി." അർജുനൻ മാസ്റ്റർ ഒരിക്കൽ പറഞ്ഞ ആ വാക്കുകളിൽ തുളുമ്പി നിന്നു എസ്.പി. ബിയുടെ കടുത്ത പാട്ടു പ്രേമം.നൂറ്റിഇരുപതിലധികം ഗാനങ്ങൾ എസ്.പി.ബി മലയാളത്തിൽ പാടിയിട്ടുണ്ട്. കിണർ എന്ന ചിത്രത്തിലാണ്ഒടുവിൽ പാടിയത്. ആ പാട്ട് പാടിയത് യേശുദാസിനൊപ്പവും. അനശ്വരത്തിലെ താരാപഥവും, ബട്ടർഫ്ളൈസിലെ പാൽ നിലാവിലെ,കിലുക്കത്തിലെ ഊട്ടിപ്പട്ടണം,ചന്ദ്രനുദിക്കുന്ന ദിക്കിലെ തെയ് ഒരു തേനവയൽ ,തുഷാരത്തിലെ മഞ്ഞേ വാ ,പ്രണവത്തിലെ സംഗീതമേ ,റാംജിറാവുവിലെ കളിക്കളം ,ഗാന്ധർവത്തിലെ നെഞ്ചിൽ കഞ്ജാബാനം, സി.െഎ. ഡി മൂസയിലെ മേനെപ്യാർ കിയ , ദോസ്തിലെ വാനം പോലെ അലയടിക്കുകയാണ് പുതിയ കാലത്തും എസ്. പി. ബി മാധുര്യം.കാരണം പാടിയതെല്ലാം ഹൃദയത്തിൽ നിന്നായിരുന്നു.
ശങ്കരാ നാദശരീരാ പരാ..
ശാസ്ത്രീയ സംഗീതം പഠിക്കാതെയാണ് എസ്.പി.ബി ശങ്കരാഭരണത്തിലെ ശാസ്ത്രീയ സംഗീതത്തിന് ശബ്ദമായി മാറിയത് .ദേശീയ അംഗീകാരം വരെ ലഭിച്ചു ആ ഗാനത്തിന്. കാണുന്നവർക്ക് വിസ്മയമായി തോന്നും എസ് .പി.ബി എന്ന മൂന്നക്ഷരം. കേളടി കൺമണിയിൽ 'മണ്ണിൽ ഇന്ത കാതൽ...", മേഘങ്ങളോളം ഉയർന്നു സഞ്ചരിക്കുന്ന 'ഇളയ നിലാ" ...അങ്ങനെയെത്രെയെത്ര അത്ഭുതങ്ങളാണ് എസ് .പി .ബി സംഗീത ലോകത്ത് പെയ്ത് തീർത്തത്.
തേരേ മേരേ ബീച്ച് മേ
ബോളിവുഡിലെ കാമുകിമാരുടെ ഉറക്കം കളഞ്ഞ ആ കാമുക ശബ്ദം എസ്.പി.ബിയുടേതാണ്. ഹിന്ദി ഉച്ചാരണം ശരിയല്ലെന്ന് പറഞ്ഞ് എസ്.പി.ബിയെ ബോളിവുഡ് ആദ്യം തഴഞ്ഞെങ്കിലും അതിലൊന്നും കൂസാതെ അവിടെ സംഗീതത്തിന്റെ മാന്ത്രികത തന്നെ സൃഷ്ടിച്ചു .തന്നെ വിലക്കിയവർക്ക് ഉള്ള മധുര പ്രതികാരമായിരുന്നു ബോളിവുഡിൽ തീർത്ത ഓരോ സൂപ്പർഹിറ്റ് ഗാനങ്ങളും. 'ഏക് ദൂജേ കേലിയേ"എന്ന ഗാനത്തിന് ദേശീയ പുരസ്കാരം വാങ്ങി . 'തേരേ മേരേ ബീച്ച് മേ കൈസാ ഹേ യേ ബന്ധൻ" ഗാനം പാടാത്ത സംഗീത ആസ്വാദകരുടെ എണ്ണം കുറവാണ്.തുംസേ മിൽനേ കി തമന്നാ ഹേ ,പ്യാർ കാ ഇരാദാ ഹേ,സാജന് കി ആഖോം മേ പ്യാർ തുടങ്ങിയ പാട്ടു കേട്ട് ബോളിവുഡ് താളം പിടിച്ചു.
വിനയം വിജയമാക്കിയ മനുഷ്യൻ - യേശുദാസ്
എന്താണോ തോന്നുന്നത് അതങ്ങ് ചെയ്യുക അതാണ് ബാലുവിന്റെ സ്വഭാവം. അടുക്കും ചിട്ടയുമില്ലാതെ സ്വഭാവം. ഐസ് ക്രീം ,ശീതള പാനീയങ്ങൾ എന്നിവയോട് നോ പറയില്ല. നേരത്തെ പുകവലി ഉണ്ടായിരുന്നു. തിരുത്താൻ ശ്രമിക്കുമ്പോൾ അതൊന്നും തന്നെ ബാധിക്കില്ലെന്ന ഭാവത്തിൽ ചിരിക്കും. പിന്നീട് അത് സ്വയം മാറ്റി. ഏത് സ്റ്റേജ് പ്രോഗ്രാമിൽ കണ്ടാലും കാലിൽ വീഴും.അവിടെ എത്ര പേരുണ്ടോ താൻ എത്ര വലിയ സംഗീതജ്ഞനാണെന്നൊന്നും ശ്രദ്ധിക്കാറില്ല. വിനയമാണ് അദ്ദേഹത്തിന്റെ വിജയം.
നായകനായ ഗായകൻ
ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഗായകൻ എന്ന റെക്കോർഡും എസ്.പി.ബി സ്വന്തമാക്കി. 1990ൽ കേളടി കണ്മണി എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിലെ ഗാനം 'മണ്ണിൽ ഇന്ത കാതൽ" എന്ന ഗാനത്തിെല ചില വരികൾ ഒറ്റ ശ്വാസത്തിൽ പാടി അഭിനയിച്ച് കൈയടിനേടി . 1993ൽ തിരുടാ തിരുടായിൽ സി.ബി .ഐ ഓഫീസർ ലക്ഷ്മി നാരായണൻ എന്ന കഥാപാത്രമായി എത്തി. 1994 ൽ ഇറങ്ങിയ കാതലൻ എന്ന ചിത്രത്തിലെ എസ് പി ബി യുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉല്ലാസത്തിലെ അച്ഛൻ വേഷം പ്രേക്ഷകരുടെ മനമാണ് കവർന്നത്. ശിഖരം, ഗുണ, തലൈവാസൽ, പാട്ടുപാടവ, മാജിക് മാജിക് അങ്ങനെ പോകുന്നു സിനിമകളുടെ നിര. തെലുങ്ക് സിനിമകളിലും വേഷമിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |