കൊല്ലം: വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറിയതിന്റെ പേരിൽ കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത കേസിന്റെ ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറി. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെ ഡിവൈ.എസ്.പി പി. അനിൽകുമാറിനാണ് സിറ്റി ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അഭിലാഷ് ഫയൽ കൈമാറിയത്. സിറ്റി ക്രൈംബ്രാഞ്ച് കണ്ടെത്തിയ നിർണായക തെളിവുകൾ സഹിതമാണ് ഫയൽ സംസ്ഥാന ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. യുവതിയുടെ മരണത്തിന് കാരണമായ സംഭവങ്ങളിൽ കൂടുതൽ പേരുടെ പങ്ക് പുറത്താകുന്ന തെളിവുകളാണ് സിറ്റി ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനമായത്. എന്നാൽ ഇതിനിടെ സാങ്കേതിക പിഴവ് മൂലം ഫയൽ കൊല്ലം സിറ്റി പൊലീസിന് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ചിലാണ് എത്തിയത്. തുടർന്നാണ് ഫയൽ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.
നിർണായക തെളിവ് ശേഖരിച്ചെന്ന് സൂചന
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അഭിലാഷ് കഴിഞ്ഞദിവസം യുവതിയുടെ വീട്ടിൽ നേരിട്ടെത്തി മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി. നിർണായകമായ ചില തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കേസ് ഫയൽ കൈപ്പറ്റിയതായും കൊല്ലം ക്രൈംബ്രാഞ്ച് എസ്.പിയുടെ ചുമതല വഹിക്കുന്ന കോട്ടയം എസ്.പി കെ.ജി സൈമണുമായി കൂടിയാലോചിച്ച ശേഷമേ അന്വേഷണം ആരംഭിക്കൂവെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി. അനിൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |