SignIn
Kerala Kaumudi Online
Thursday, 10 July 2025 7.40 AM IST

കൊറോണക്കാലത്തെ പ്രവാസി

Increase Font Size Decrease Font Size Print Page

eee

അകലം പാലിച്ചു ഞാൻ വിമാനത്തിലിരുന്നു
കുളിർ കാറ്റേറ്റു മന്ദം മയങ്ങാനൊരുങ്ങവേ
കഴിഞ്ഞുപോയ കാലമോർമ്മത്തിരശ്ശീലയിൽ
ചലിക്കുന്ന ചിത്രം പോൽ തെളിയാൻ തുടങ്ങയായ്

നാട്ടിലെ ജോലിയ്ക്കായിട്ടുഴറി നടന്നതും
വീട്ടിലെ കഷ്ടപ്പാടും ദുഃഖവും ദാരിദ്ര്യവു
മറിഞ്ഞു മനസലിഞ്ഞെന്നുടെ പ്രിയതോഴൻ
കനിഞ്ഞ സമായമീ പ്രാവസിത ജീവിതം

എണ്ണപ്പാടത്തിൻ നാട്ടിലലഞ്ഞു തളർന്നെന്റെ
കണ്ണുനീരൊപ്പാനായിട്ടാരെയും കണ്ടീല ഞാൻ
എത്രയോ ദിനങ്ങളിൽ ചുമടും താങ്ങിക്കൊണ്ടു –
മെത്രയോ ദിനങ്ങളിലെരിയും വയറുമായ്

തത്രപ്പാടോടെ തീവ്രദുഃഖഭാരവും കൂടെ
അന്യദേശക്കാരുടെ ക്രൂരപീഡനങ്ങളും
കൊടു വെയിലിൽ പണിയെടുക്കുമ്പോഴും താപ –
മേൽക്കുകയില്ലാ വീട്ടിൻ സ്ഥിതിയൊട്ടോർത്തീടുകിൽ

നാളുകൾ കഴിഞ്ഞു ഞാൻ തികച്ചും പ്രവാസിയായ്
ലഭിക്കുന്നതോ കയ്യിൽ വിദേശപൊന്നിൻ പണം
മുറതെറ്റാതെ പണം വീട്ടിലെത്തിയ്ക്കുമെന്റെ
ദിനചര്യകൾ പോലും മുടങ്ങിപ്പോയെന്നാലും

വീട്ടിലേയ്‌ക്കെന്റെ വരവുത്സവ പ്രതീതിയും
നാട്ടിലെ ചങ്ങാതിമാരാഘോഷത്തിമിർപ്പിലും
ആയൽക്കാർക്കെന്നോടേറെ സ്‌നേഹവും വാത്സല്യവു
മതിലും വേറിട്ടൊരു കൌതുകം കാണുന്നേരം

ആയവർക്കോരോ തരം വിദേശസമ്മാനങ്ങ
ളേകിടുമവർക്കതിൽ തൃപ്തിയും സന്തോഷവും
ഒരുനാൾ നാട്ടിൽ വന്നിട്ടച്ഛനുമമ്മയ്ക്കുമെൻ
സോദരർക്കും വസ്ത്രവും ഭൂഷണങ്ങളും നൽകി

പലനാളുകൾകൊണ്ടു ഞങ്ങടെ നികേതനം
പുനർനിർമ്മിച്ചു നല്ല സുന്ദരസൌധം തീർത്തു
എന്റെ ഭാവനയിലെ സുന്ദരമണിയുമൊ
ത്തിവിടെ പാർക്കാനെന്റെ ഹൃദയം കൊതിച്ചുപോയ്

മർത്ത്യന്റെ പ്രതീക്ഷകൾ തച്ചുടയ്ക്കുവാനീശൻ
നിശ്ചയിച്ചാൽ പിന്നതു തടുക്കാനാവില്ലാർക്കും
സമ്പത്ത്, സേനാബലം,ശാസ്ത്രീയ പുരോഗതി
യൊക്കെയും നേടിയെന്ന ധാർഷ്ട്യവും ധിക്കാരവും

തകർത്തു രാഷ്ട്രങ്ങളെ മുട്ടുകുത്തിക്കാനായി
കൊറോണമഹാമാരി ചുറ്റിലും പരക്കെയായ്
മരണം നൃത്തം ചെയ്തു രോഗികൾ നിറച്ചുമായി
വാണിജ്യം തകർന്നുപോയ് നിർമ്മാണം നിലച്ചുുപോയ്

പണിശാലകൾപൂട്ടി പണിയില്ലാതെയായി
ഭയപ്പാടോടെ ജനം വീടുകൾക്കുള്ളിൽ തങ്ങി
അമ്മയെപ്പോലാണെന്റെ ജന്മനാടെനിയ്‌ക്കെന്നു
മവിടെ ചെന്നെത്തണം സസുഖം ജീവിക്കണം

മൃദുലകരസ്പർശം കൊണ്ടുഞാനുണർന്നപ്പോ
ളരികിൽ നിൽക്കുന്നൊരു സുന്ദരാംഗിയാൾ തന്റെ
കൈകളിൽ കുടിയ്ക്കുവാൻലശീതള പാനീയവും
മുഖത്തിൽ മന്ദസ്മിതം ചൊരിയും പ്രകാശവും

ഓർത്തുഞാൻ, വീട്ടിൽ ചെന്നാലെന്റെ സോദരപുത്ര
രോടിയെന്നടുത്തെത്തും നിസ്വനെന്തേകീടുവാൻ
രണ്ടുവാരമാരോടും സമ്പർക്കമില്ലാതെ ഞാൻ
മുകളിൽ മുറിയ്ക്കുള്ളിലേകനായിരിക്കണം

കുട്ടികളോടി വന്നാലകലം പാലിയ്ക്കുവാൻ
നിർബന്ധിക്കണമെന്നുചൊല്ലും ഞാൻ മുന്നേ തന്നെ
ഈ വിധ ചിന്തയോടെ വിമാനം വിട്ടു താഴെ
ശകടം തേടിയാരും വന്നതായ് കാണ്മാനില്ല.

വാടകയ്ക്ക് വാഹനം നേടി ഞാൻ പുറപ്പെട്ടു
എവിടെയെന്തൊക്കെയോ പിഴയ്ക്കുന്നെന്നു തോന്നി
വീടിന്റെയടുത്തെത്തി കണ്ടുഞാനയൽക്കാരെ
എങ്കിലും കണ്ടിലെങ്ങും സ്‌നേഹവും വാത്സല്യവും

അറിയില്ലെനിയ്‌ക്കൊന്നുമറിയാത്തവർ പോലെ
ഭീതിയോ, വിദ്വോഷമോ,ദുഃഖമോ,സന്ദേഹമോ
അങ്കണത്തട്ടിൽ നിൽക്കെ സോദരസന്താനങ്ങൾ
രണ്ടിളം കിടാവുകളോടിയെന്നടുത്തെത്തി

പുറകേമാതാവെത്തിയവരെയകത്താക്കി
സോദരപത്നിയെന്നോടീവിധം ചൊല്ലി ''യേട്ടാ
നാട്ടിലീരോഗത്തിന്റെ താണ്ഡവം നടക്കയാ
ണിവിടെ പതിനാലു ദിവസം കഴിയുവാ

നാവില്ലെൻ കുഞ്ഞുങ്ങളുണ്ടമ്മയോരോഗഗ്രസ്ത
ആകയാൽ ക്വാറന്റൈൻ കഴിഞ്ഞു വന്നാൽമതി''
ഇടിവെട്ടേറ്റപോലെ ഞെട്ടിപ്പോയ് പ്രപഞ്ചമെൻ
കൺമുന്നിൽ കറങ്ങുന്നു രക്തസമ്മർദ്ദം കൂടി

സൌജന്യമായി സർക്കാർ നൽകിയ നിരീക്ഷണ
മന്ദിരം തന്നിൽ ഞാനുമഭയാർത്ഥിയായ് ചേർന്നു
ഉള്ളതിൽ തൃപ്തനായിട്ടൊന്നുമാശിച്ചീടാതെ
ജയിലിൽപ്പെട്ടതുപോൽ കഴിഞ്ഞുകുറച്ചുനാൾ

വിളിച്ചില്ലാരും ഫോണിലന്വേഷിച്ചതുമില്ല
അങ്ങോട്ടു വിളിച്ചാലൊട്ടെടുക്കില്ലങ്ങേപ്പുറം
ഓരോരോനാളുമോരോ യുഗം പോൽകഴിഞ്ഞുപോയ്
സാമൂഹ്യ ജീവി ഞാനുമേകാന്തവാസത്തിലും

കറുത്തദിനത്തിന്റെ പ്രഭാതം വിടർന്നെന്റെ
കണ്ണുകൾ മങ്ങുന്നല്ലോ വിശപ്പുമില്ലാതെയായ്
തൊണ്ടയിൽ ജലം വറ്റി ശ്വസിക്കാൻ പ്രയാസമായ്
അരുതാത്തവയെന്തോ വരുവാനെന്നപോലെ

ഒരു മാലാഖയെന്റെ അരികിൽ വന്നുമെല്ലെ
സ്ഥിരീകരിച്ചു രോഗം അനുകമ്പാർദ്രയായി
നടുങ്ങിപ്പോയി യിനിയെന്തു ചെയ്യേണ്ടുഞാനും
തുണയ്ക്കായിട്ടാരുമേ വന്നതില്ലീനാൾ വരെ

രോഗിയായില്ലരോഗം വരുമെന്നുറപ്പില്ല
അന്നാട്ടിപ്പായിച്ചവർ വരുവാൻ തരമില്ല
വീട്ടിലെ ദാരിദ്ര്യവും കഷ്ടവുമുള്ളപ്പോഴും
ഒരുമിച്ചിരുന്നാലേ ഭക്ഷണം കഴിയ്ക്കുള്ളൂ

അച്ഛനു ചെറിയൊരു ജോലിയുണ്ടതിൽ കിട്ടും
തുച്ഛമാംപണം കൊണ്ടാണഞ്ചുപേർ ജീവിച്ചത്
കഠിനാദ്ധ്വാനം കൊണ്ടും ജീവിതക്ലേശം കൊണ്ടും
നിത്യരോഗിയായച്ഛൻ വേതനം കിട്ടാതെയായ്

താതന്റെ വിയോഗത്തിൻ വാർത്തയിൽ ദുഃഖാർത്തനായ്
വീട്ടിലെത്തുവാനായി വ്യോമയാനത്തിലേറി
കർമ്മങ്ങൾക്കായി വീട്ടിൽ നാളുകൾ കഴിയവേ
കുഞ്ഞനുജനുവേണ്ടി പീടികതുടങ്ങിഞാൻ

എന്നേക്കാൾ സ്‌നേഹിച്ചെന്റെ കുഞ്ഞനുജത്തിയേയും
അവൾക്കായേറെ വാങ്ങിയൊരുക്കി കൂട്ടിവച്ചു
നല്ലൊരു വൈവാഹിക ജീവിതം വേണമവൾ
അല്ലലില്ലാതെയെന്നും വാഴണമെന്നാശിച്ചു

പെങ്ങൾക്കുവരനായി വിദ്യയുമുദ്യോഗവും
ബുദ്ധിയും വിവേകവുമുള്ളൊരു യുവാവിനെ
കണ്ടറിഞ്ഞാർഭാടമായ് മംഗല്യം നടത്തിച്ചു
നാട്ടുകാരേറെ കൂടി വീട്ടുകാർക്കാഘോഷമായ്

സോദരനിഷ്ടപ്പെട്ട പെണ്ണിന്റെ വേളിക്കായി
സാദരമനുവാദം ചോദിച്ചുവരവായി
അതുകേട്ടെന്നോടമ്മ യീവിധം ചോദിക്കയായ്
''നിന്റെ മംഗല്യമെന്തേ നടത്താനൊരുങ്ങാത്തെ

അതിനുശേഷമല്ലേ അനിയൻ ചിന്തിക്കേണ്ടൂ'
അമ്മയോടന്നേരം ഞാൻ പറഞ്ഞു സകൌതുകം
'' എന്നെഞാൻ ചിന്തിച്ചീലാ എനിക്കായ് നേടീല്ലൊന്നും
എന്റെ പ്രാണനെക്കാളും വലുതാണെനിക്കവർ.'

വേഷഭൂഷാദിയോടം അലങ്കാരങ്ങളോടെ
സോദരൻ തന്റെ വേളി കേമമായാഘോഷിച്ചു
ഇന്നെനിയ്‌ക്കൊന്നുമില്ലയാശിയ്ക്കാനെന്നുമായി
ജീവിപ്പതാർക്കു വേണ്ടിയെന്നറിയാതെയായി

പണമില്ലാത്തോൻ നാട്ടിൽ പിണമാണെന്നറിഞ്ഞു
യാത്രചെയ്യുവാനുള്ള നേരമായെന്നോർത്തു ഞാൻ
സ്‌നേഹപൂർവം ഞാനോർക്കും നിങ്ങളെയല്ലാതൊരു
ചിന്തയെന്നുള്ളിലില്ലയുണ്ടാകില്ലൊരിക്കലും

നൽകുകയാണ് ഞാനെൻ കൈവശമിരിപ്പതു
യാത്രയാകും മുൻപത് സ്വീകരിക്കുക നിങ്ങൾ
രേഖയിൽ നിന്റെ നാമം ചേർത്തുവച്ചിരിക്കുന്നു
ബാങ്കിലെ പണം നിനക്കുള്ളതാണനുജത്തി

മക്കളെ മിടുക്കരായ് വളർത്തീടണം നല്ല
ബുദ്ധിയും സാമർത്ഥ്യവുമുള്ളവരാക്കീടണം
ഭവനമനുജനാണമ്മയ്ക്കു ശേഷം മാത്രം
സ്വന്ത,മീ കവിതയെ വിൽപ്പത്രമായി കാൺക

നന്നായി സംരക്ഷിയ്ക്കയനുജാ, നീയമ്മയെ
ബുദ്ധിമുട്ടുണ്ടാകൊലാ യമ്മയ്ക്കുഞാനില്ലാതെ
യാത്രയാകുന്നു ഞാനും രോഗികളില്ലാത്തൊരു
മരുന്നും രോഗങ്ങളും മൃത്യവും കടക്കാത്ത

സത്യവും ധർമ്മങ്ങളും നീതിയും നിറഞ്ഞുള്ള
ഇനിയും കാണാത്തൊരു പുതിയലോകം തേടി
നന്മകൾ നേരുന്നുഞാൻ നിങ്ങൾക്കായ് നിരന്തരം
സുഖവും സന്തോഷവുമീശ്വരൻ നൽകീടട്ടെ.

TAGS: POEM, WEEKLY, KAVITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.