ടൈം മാഗസിന്റെ ‘2020ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ’ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇടം നേടി ഡൽഹി ഷഹീൻബാഗിലെ സമര നേതാവ് ബിൽക്കിസ് ബാനോ എന്ന 82 കാരി . പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നൂറു ദിവസത്തിലേറെ നടന്ന പ്രതിഷേധത്തിന്റെ മുഖമായിരുന്നു ‘ഷഹീൻബാഗിലെ മുത്തശ്ശി’മാരിൽ ഒരാളായ ബിൽക്കിസ്.
പ്രതിഷേധത്തിന്റെയും പ്രതീക്ഷയുടെയും മുഖമെന്നാണ് ടൈം ബിൽക്കിസിനെ വിശേഷിപ്പിച്ചത്.
‘ലീഡർ’ വിഭാഗത്തിലാണു മോദിയുള്ളത്, ‘ഐക്കൺ’ വിഭാഗത്തിലാണ് ബിൽക്കിസ്.
നടൻ ആയുഷ്മാൻ ഖൊരാന, ബയോളജിസ്റ്റ് രവീന്ദ്ര ഗുപ്ത, ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചെ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യക്കാർ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ, ബഹിരാകാശത്ത് ഏറ്റവുമധികം ദിവസം ചെലവഴിച്ച വനിതയെന്ന റെക്കോർഡ് നേടിയ ക്രിസ്റ്റിന കോച്ച്, ആലിബാബ ചെയർമാൻ ജാക്ക് മാ ഗായിക സെലീന ഗോമസ് തുടങ്ങിയവർ പട്ടികയിലുണ്ട്.
ഹരോൾഡ് ഇവാവൻസിന് വിട
അന്വേഷണാത്മക പത്രപ്രവർത്തന ലോകത്തെ ഇതിഹാസം ഹരോൾഡ് ഇവാൻസ് (92) വിടവാങ്ങി. മാദ്ധ്യമസ്ഥാപകൻ, പുസ്തക പ്രസാധകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഹരോൾഡ് ഇവാൻസ്. റോയിറ്റേഴ്‌സിന്റെ എഡിറ്റർ പദവിയിൽ ഇരിക്കെയാണ് അന്ത്യം
1960 കളുടെ അവസാനം ബ്രിട്ടനെ പിടിച്ചുകുലുക്കിയ താലിഡൊമൈഡ് എന്ന മരുന്നുണ്ടാക്കിയ ദുരന്തത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ തേടിയിറങ്ങിയ ഇവാൻസ്, സൺഡേ ടൈംസിലൂടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. ദ് അമേരിക്കൻ സെഞ്ച്വറി, ഗുഡ് ടൈംസ്, ബാഡ് ടൈംസ്, ദെ മെയ്ഡ് അമേരിക്ക തുടങ്ങിയ കൃതികളും രചിച്ചു.
മഞ്ഞുമലയിലെ പുള്ളിപ്പുലി മടങ്ങി
ഓക്‌സിജൻ സിലിണ്ടറില്ലാതെ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയ പ്രശസ്ത പർവതാരോഹകൻ അങ് റിത ഷെർപ്പ അന്തരിച്ചു. മഞ്ഞുമലയിലെ പുള്ളിപ്പുലി എന്നറിയപ്പെടുന്ന റിത മലകയറ്റത്തിലെ സൂപ്പർഹീറോയാണ്. 1983നും 1996നുമിടയിലാണ് നേപ്പാൾ രാജ്യക്കാരനായ റിത പത്തു തവണ എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റ് കീഴടക്കാനെത്തുന്ന ലോകമെമ്പാടുമുള്ള പർവതാരോഹകർക്ക് വലിയ പ്രചോദനമായിരുന്നു
8800 മീറ്ററിലധികം ഉയരമുള്ള എവറസ്റ്റ് കൊടുമുടി ഓക്സിജൻ സിലിണ്ടറില്ലാതെ പത്തു തവണയാണ് കീഴടക്കിയത്. റിതയുടെ റെക്കോർഡ് പിന്നീട് പലരും മറികടന്നെങ്കിലും അദ്ദേഹം എന്നും ലോകശ്രദ്ധയാകർഷിച്ചു.
പെൺകരുത്തിന്റെ അടയാളം
റുത് ബേഡറിന് വിട
അമേരിക്കൻ സുപ്രീംകോടതിയിലെ അസോസിയേറ്റ് ജസ്റ്റിസും സ്ത്രീവിമോചന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായ റുത് ബേഡർ ഗിൻസ്ബർഗ് കഴിഞ്ഞദിവസം വിടവാങ്ങി. സാന്ദ്ര ഡേ ഒ കോണറിനുശേഷം രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ന്യായാധിപ കസേരയിലിരുന്ന വനിതയാണ് ഗിൻസ്ബർഗ്. 1993ൽ ബിൽ ക്ലിന്റൻ പ്രസിഡന്റായിരുന്നപ്പോഴാണ് ഗിൻസ്ബർഗിനെ നാമനിർദ്ദേശം ചെയ്തത്. അന്നുമുതൽ മരണം വരെ ആ പദവിയിൽ തുടർന്നു.
ലിംഗനീതിക്കും സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാനും മുൻ നിരയിൽ നിന്ന് നിയമപോരാട്ടം നടത്തി. സ്ത്രീകളുടെ വോട്ടവകാശം, ഗർഭഛിദ്രം തുടങ്ങി പല വിഷയങ്ങളിലും നിയമസമരത്തിലൂടെയും തുറന്ന നിലപാടുകളിലൂടെയും റുത് ബേഡർ ആഞ്ഞടിച്ചു.
എമ്മിയിൽ തിളങ്ങി എച്ച്.ബി.ഒ
ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനങ്ങൾക്കുള്ള എമ്മി അവാർഡിൽ എച്ച്.ബി.ഒ നെറ്റ്‌വർക്കിന് തിളക്കം. ‘സക്‌സഷൻ’( മികച്ച ഡ്രാമ ), ‘വാച്ച്‌മെൻ’( ലിമിറ്റഡ് സീരീസ്) എന്നിവയ്‌ക്കടക്കം ആകെ 30 പുരസ്കാരങ്ങളാണ് എച്ച്.ബി.ഒ നേടിയത്. നെറ്റ്‌ഫ്‌ളിക്‌സിന് 21 അവാർഡുകൾ ലഭിച്ചു.
‘യൂഫോറിയ’ (എച്ച്.ബി.ഒ) യിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം സെൻഡയ നേടി. ഈ ബഹുമതി നേടുന്ന എമ്മിചരിത്രത്തിലെ പ്രായം കുറഞ്ഞ നടിയാണ്. മികച്ച നടൻ: ജെറെമി സ്‌ട്രോങ് (സക്‌സഷൻ). മികച്ച ഓഫ് ബീറ്റ് പരമ്പരയായ ‘ഷിറ്റ്‌സ് ക്രീക്ക്’ മികച്ച ഹാസ്യനടനും നടിയും (യുജീൻ ലെവി, കാതറിൻ ഒഹാര) അടക്കം 9 അവാർഡുകൾ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |