തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ളീല വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കല്ലിയൂർ ശാന്തിവിളയിലെ വീട്ടിൽ നിന്നാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് നടപടി. ഭാഗ്യലക്ഷ്മി നൽകിയ സമാന പരാതിയിൽ തമ്പാനൂർ പൊലീസും അറസ്റ്റ് രേഖപ്പെടുത്തി.
ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഐ.ടി ആക്ടിലെ 67, 67(എ) വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി. 10 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകൾ മാത്രം ആദ്യം ചുമത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഗാന്ധാരിഅമ്മൻ കോവിൽ റോഡിൽ വിജയ് താമസിച്ചിരുന്ന ശ്രീനിവാസ ലോഡ്ജിലെത്തി മാനേജറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കല്ലിയൂരിലേക്ക് പോയത്. ഇയാളുടെ ചാനൽ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബിന് സൈബർ സെൽ കത്ത് നൽകിയിട്ടുണ്ട്.
വിജയ് പി.നായരുടെ പരാതിയിൽ ഇയാളെ മർദ്ദിച്ച ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ തമ്പാനൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ഉടൻ അറസ്റ്റു വേണ്ടെന്ന നിർദേശമാണത്രെ പൊലീസിന് ലഭിച്ചിരിക്കുന്നത്.
ഡോക്ടറേറ്റ് നൽകിയെന്ന് ഇയാൾ അവകാശപ്പെടുന്ന ചെന്നൈ സാലിഗ്രാമം ഗ്ലോബൽ ഹ്യൂമൻ പീസ് സർവകലാശാലയെക്കുറിച്ച് തമ്പാനൂർ പൊലീസും സൈബർ സെല്ലും പരിശോധിച്ച് വരികയാണ്. സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റ് ലഭിച്ചെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങനെയൊരു സർവകലാശാല ഇല്ലെന്ന് വിവരം ലഭിച്ചു. ഈ സ്ഥാപനത്തിന്റെ പേരിൽ ഒരു വെബ് സൈറ്റ് മാത്രമാണുള്ളത്. ഡോക്ടറേറ്റ് വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്.
വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് ആരോപിച്ചിരുന്നു. ഇയാൾക്കെതിരെ റിഹാബിലിറ്റേഷൻ കൺസിൽ ഒഫ് ഇന്ത്യയ്ക്ക് പരാതി കൊടുക്കുമെന്നും അസോസിയേഷനിൽ ഇയാൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.സതീഷ് നായർ പറഞ്ഞു.
അശ്ലീല പോസ്റ്റും കൈയേറ്റവും: ഭാഗ്യലക്ഷ്മി മുൻകൂർ ജാമ്യംതേടി
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ യൂ ട്യൂബിൽ പോസ്റ്റുചെയ്തതിന്റെ പേരിൽ വിജയ് പി.നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി എന്നിവർ മുൻകൂർ ജാമ്യം തേടി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. അശ്ലീല വീഡിയോ പോസ്റ്റു ചെയ്ത കേസിലെ പ്രതി വിജയ് പി.നായരും ഇതേ കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്. എന്നാൽ, ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാഗ്യലക്ഷ്മിയുടെ ഹർജി
ഫെമിനിസ്റ്റുകളെയും ഡബിംഗ് ആർട്ടിസ്റ്റുകളെയും മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി.നായരെ നേരിട്ട് ഫോണിൽ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. സന്ധി സംഭാഷണത്തിനായി പുളിമൂട്ടിലെ ലോഡ്ജ് മുറിയിൽ എത്താൻ വിജയ് നിർദ്ദേശിച്ചു. താനും വെമ്പായം സ്വദേശിനി ദിയ സനയും കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി. യാതൊരു പ്രകോപനവും കൂടാതെ വിജയ് അശ്ളീലം പറഞ്ഞ് അപമാനിച്ചു. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച് സ്ത്രീത്വത്തെ അപമാനിച്ചു. അതിനാൽ മുൻകൂർ ജാമ്യം നൽകണം.
വിജയ് പി. നായർപറയുന്നത്
തന്റെ യൂ ട്യൂബ് ചാനലിൽ പേരുപോലും പറയാതെ പ്രസിദ്ധീകരിച്ച വീഡിയോയ്ക്കെതിരെ ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും നേതൃത്വത്തിൽ മുറിയിൽ അതിക്രമിച്ച് കടന്ന് ദേഹത്ത് മഷി ഒഴിക്കുകയും മുണ്ട് പറിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ആക്രമിക്കാൻ വന്ന സ്ത്രീകളെ മാഡം എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ല. ഒരു തരത്തിലും ശാരീരികമായി അപമാനിച്ചിട്ടില്ല. തന്റെ മൊബെെൽ ഫോണും ലാപ്ടോപും കവർന്നു. അവർക്കെതിരെ പൊലീസ് കേസെടുത്ത വിരോധത്താലാണ് തനിക്കെതിരെ കള്ളക്കേസ് നൽകിയത്.
സ്ത്രീകൾക്കെതിരെയുള്ള ആക്രമണത്തെ ഗൗരവത്തോടെ കാണുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ നവ മാദ്ധ്യമങ്ങൾ വഴി നടത്തുന്ന ഹീനമായ ആക്രമണ സംഭവങ്ങളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂർ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാദമായ വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടു. മറ്റൊരു വ്യക്തിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നൽകിയ പരാതിയിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.ടി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി രണ്ട് കേസുകളിലും ഉൾപ്പെടുത്താൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുവാദം ലഭിച്ചാൽ ഉടൻതന്നെ ആ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയശേഷം കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് സ്റ്റേഷന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |