തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കൊല്ലത്ത് തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലയുടെ താത്കാലിക ആസ്ഥാനം അഷ്ടമുടിക്കായലിന്റെ തീരത്തെ കുരീപ്പുഴയിൽ. സേക്രട്ട് ഹാർട്ട് സിബിഎസ്ഇ സ്കൂളിനായി നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിലാണ് പ്രവർത്തനം. ഒക്ടോബർ രണ്ടിന് വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പന്ത്രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില കെട്ടിടം താത്കാലിക ആസ്ഥാനമാക്കാൻ അനുയോജ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. 800 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും രണ്ട് ലിഫ്‌റ്റുകളും നൂറ് കാറുകൾക്ക് പാർക്കിംഗ് സൗകര്യവുമുണ്ട്. സർവകലാശാലയ്ക്ക് സ്ഥിരം ആസ്ഥാനമുണ്ടാക്കുമ്പോൾ മാത്രമേ അഞ്ചേക്കർ ഭൂമി വേണമെന്ന നിബന്ധനയുള്ളൂ. പൊതുമരാമത്ത് നിരക്കിൽ കെട്ടിടം വാടകയ്ക്കെടുക്കാൻ കളക്ടർക്ക് അനുമതി നൽകിയതായി മന്ത്രി കെ.ടി.ജലീലിന്റെ ഓഫീസ് അറിയിച്ചു.
കൊല്ലം നഗരത്തിൽ സർവകലാശാലയ്ക്ക് സ്ഥിരം ആസ്ഥാനം കണ്ടെത്താൻ കളക്ടറെ ചുമതലപ്പെടുത്തി. ആശ്രാമം മൈതാനത്തോട് ചേർന്ന് ശ്രീനാരായണ ഗുരുദേവ സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്ന 3.82ഏക്കർ സ്ഥലവും കെട്ടിടങ്ങളും ആസ്ഥാനമാക്കാൻ ശ്രമിച്ചെങ്കിലും അവിടം നീർത്തടമാണെന്ന സംശയം റവന്യൂ വകുപ്പിനുണ്ട്.ആശ്രാമത്ത് 45 കോടി ചെലവിട്ടാണ് സാംസ്കാരിക സമുച്ചയ നിർമ്മാണം . 91,000ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടങ്ങൾ നിർമ്മിക്കാൻ 45.099 കോടിക്ക് കരാർ നൽകിയിട്ടുണ്ട്. 900 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവയെല്ലാം സർവകലാശാലയുടെ ഭാഗമാക്കും.
ഓപ്പൺ സർവകലാശാലയിൽ സയൻസ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങും. കൂടുതൽ സയൻസ് കോഴ്സുകൾക്ക് 70 സർക്കാർ, എയ്ഡഡ് കോളേജുകളുമായി ധാരണാപത്രം ഒപ്പിടും. ചവറ ഗവ.കോളേജ്, കൊല്ലം എസ്എൻ, ഫാത്തിമ, ടികെഎം കോളേജുകളുമായാവും ആദ്യം ഒപ്പിടുക.
യു.ജി.സി അനുമതി പിന്നീട് മതി
നിയമത്തിലൂടെ സംസ്ഥാന സർക്കാർ സ്ഥാപിച്ച ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സി അംഗീകാരം പിന്നീട് മതി. വി.സി, പി.വി.സി, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ തുടങ്ങിയ നിയമനങ്ങൾ നടത്തിയ ശേഷം യു.ജി.സി അംഗീകാരത്തിന് അപേക്ഷിക്കും. ഇത് വിദ്യാർത്ഥികളുടെ പ്രവേശനത്തെയോ പഠനത്തെയോ ബാധിക്കില്ല. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ഇങ്ങനെയാണ് നിലവിൽ വന്നതെന്നും, സർക്കാർ ആവശ്യപ്പെട്ടാൽ യു.ജി.സി അനുമതി നൽകുമെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |