ഒളിഞ്ഞുനോട്ടം ഒരു മനോരോഗമാണ്. ദൗർഭാഗ്യവശാൽ മലയാളികളിൽ ചിലരെയെങ്കിലും അത് പിടികൂടിയിരിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കി അവരുടെ തെറ്റുകുറ്റങ്ങൾ വിളിച്ച് പറയുക എന്നത് പലരും ഹാബിറ്റാക്കി മാറ്റുന്നു. സോഷ്യൽ മീഡിയ ജനങ്ങളെ ഒരുമിപ്പിക്കുകയല്ല ഭിന്നിപ്പിക്കുകയാണ് എന്ന ദുഃഖസത്യം ഒരു യാഥാർത്ഥ്യമായി ഇവിടെ നമ്മെ അഭിമുഖീകരിക്കുന്നു.
അശ്ളീല വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിജയ്. പി. നായർ എന്ന വ്യക്തിക്കെതിരെ കലാകാരിയായ ഭാഗ്യലക്ഷ്മിയും രണ്ട് വനിതാ സുഹൃത്തുക്കളും പ്രതികരിച്ച സംഭവം സമൂഹത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റുകയും വലിയ ചർച്ചയ്ക്ക് ഇടനൽകിയിരിക്കുകയും ചെയ്തിരിക്കുകയാണ്. ഏറ്റവും മ്ളേച്ഛവും ജുഗുപ്‌സാവഹവുമായ പോസ്റ്റാണ് അയാൾ ഇട്ടിരിക്കുന്നത്. മനോവൈകൃതത്തിന്റെ ഏറ്റവും വലിയ തെളിവുമാണത്. മറ്റൊരാളിന്റെ, അത് വനിതയുടേതായാലും പുരുഷന്റേതായാലും സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാൻ അയാൾക്ക് യാതൊരു അവകാശവുമില്ല. ആധികാരികമെന്ന മട്ടിൽ അയാൾ നടത്തുന്ന വിവരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. പറഞ്ഞുകേട്ട കിംവദന്തികൾ സത്യമെന്ന മട്ടിൽ സമൂഹത്തിന്റെ മുന്നിൽ ഛർദ്ദിച്ചു വയ്ക്കുന്നു. അതിലൂടെ അയാൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. മാത്രമല്ല യൂ ട്യൂബിലൂടെ നല്ല വരുമാനം ലഭിക്കുകയും ചെയ്യും.
അതേസമയം ഭാഗ്യലക്ഷ്മിയുടെ കാര്യം അങ്ങനെയല്ല. അവർ കേരളം മുഴുവൻ അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റും സിനിമാ പ്രവർത്തകയുമാണ്. കൊടുങ്കാറ്റു പോലുള്ള സ്വന്തം ജീവിതത്തെ കഴിവും പ്രതിഭയും കൊണ്ട് നേരിട്ടാണ് അവർ പേരും പെരുമയും സമ്പാദിച്ചത്. സ്വയം സംരക്ഷിക്കാൻ കരുത്തുള്ള സ്‌ത്രീ. അവരുടെ സ്വതന്ത്ര ജീവിതം അവരുടേത് മാത്രമാണ്. അവരുടെ പേരിൽ കളങ്കം ചാർത്താൻ ഈ വ്യക്തിക്ക് എന്താണ് യോഗ്യത. മാത്രമല്ല അയാൾ പറയുന്നത് കേട്ടാൽ ആർക്കും അറപ്പ് തോന്നും. കൈ ഇല്ലാത്തവർക്ക് പോലും വെപ്പ് കൈ വാങ്ങിച്ച് വച്ച് അടി കൊടുക്കാനും തോന്നും. അതിനാലാവും വികാരപരമായി ഭാഗ്യലക്ഷ്മിയും കൂട്ടരും പ്രതികരിച്ചത്. മാത്രമല്ല പൊലീസിൽ പരാതി നൽകിയിട്ട് നടപടി ഉണ്ടാകാത്തതിനാലാണ് നേരിട്ട് ഇറങ്ങേണ്ടിവന്നതെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അയാളെ കരിഓയിൽ ഒഴിച്ച് കൈയേറ്റം ചെയ്യുന്ന വീഡിയോ അവർ തന്നെ പോസ്റ്റ് ചെയ്തത് സമൂഹത്തിന് നൽകിയത് നല്ല സന്ദേശമാണോ എന്ന് ചിന്തിക്കണം. അട്ടപ്പാടിയിൽ മധു എന്ന ഒരു പാവം ആദിവാസിയെ ജനക്കൂട്ടം അടിച്ച് കൊന്ന കഥ നമ്മൾ മറന്നിട്ടില്ല. സദാചാര ഗുണ്ടകൾ കാണിക്കുന്ന അക്രമങ്ങളും ആർക്കും ന്യായീകരിക്കാനാവില്ല. ആരായാലും, എന്തിന്റെ പേരിലായാലും നിയമം കൈയിലെടുക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കും. ഭാഗ്യലക്ഷ്മിയെ പോലെയുള്ള ഒരു വലിയ കലാകാരി അക്കാര്യം കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. കാരണം നിങ്ങളറിയാതെ നിങ്ങളെ മാതൃകയാക്കുന്ന നിരവധി പെൺകുട്ടികൾ ഈ സമൂഹത്തിൽ ഉണ്ടായിരിക്കും. ആ ഉത്തരവാദിത്വം നിങ്ങൾ മറക്കാൻ പാടില്ല. ഈ സംഭവത്തിൽ രണ്ടുകൂട്ടർക്കുമെതിരെ പൊലീസ് കേസ്സെടുത്തിരുക്കുകയാണ് . ഇവിടെ നിലവിലുള്ള നിയമ വ്യവസ്ഥ അനുസരിച്ച് അതു തന്നെയാണ് ചെയ്യേണ്ടത്.
ഇത്തരം യൂട്യൂബ് പോസ്റ്റുകൾ തടയുന്നതിന് പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമ നിർമ്മാണത്തെക്കുറിച്ച് ബന്ധപ്പെട്ടവർ ഇനിയെങ്കിലും ആലോചിക്കണം. യൂട്യൂബ് തന്നെ ഒരു സെൻസർ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചകൾ ഉയർന്നുവരണം. ആരെക്കുറിച്ചും വായിൽ വരുന്നതെന്തും വിളിച്ച് പറയുന്നതല്ല അഭിപ്രായസ്വാതന്ത്ര്യം. സോഷ്യൽ മീഡിയയിലെ വിഴുപ്പലക്കലിനെതിരെ ശക്തമായ ബോധവത്കരണവും ആവശ്യമാണ്. എവിടെയെങ്കിലും മാളത്തിൽ ഒളിച്ചിരുന്ന് പച്ചത്തെറി കമന്റായി ഇടുന്നവർ അടിസ്ഥാനപരമായി ഭീരുക്കളാണ്. ഇങ്ങനെയുള്ള ഭീരുക്കൾക്കെതിരെ നിയമം അതിന്റെ വാൾത്തല തന്നെ പ്രയോഗിക്കണം. അത് വൈകി സംഭവിക്കുന്ന നീതി ആവാനും പാടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത സർക്കാരും പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |