കാർഷികമേഖലയുടെ പരിഷ്കരണത്തിനു വേണ്ടി എന്ന വ്യാജേന കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന മൂന്ന് ഓർഡിനൻസുകൾ പാർലമെന്റിൽ ശബ്ദവോട്ടോടെ പാസാക്കി നിയമമാക്കിയിരിക്കുകയാണ്. ഈ കരിനിയമങ്ങൾ ഇന്ത്യൻ കർഷകരുടെ ശവക്കുഴിതോണ്ടുന്നതാണ്. രാജ്യത്തെ മുഴുവൻ ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന പ്രശ്നമായി ഇത് മാറിക്കഴിഞ്ഞിരിക്കുകയാണ്. ആത്മനിർഭരതയല്ല, ആത്മഹത്യയാണ് കർഷകന്റെ മുന്നിലുള്ള വഴി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കർഷകന് ഒരു നിയന്ത്രണവുമില്ല, കർഷകർ സ്വതന്ത്രരായി കൃഷി ചെയ്യുമെന്നും തങ്ങളുടെ ഉത്പന്നങ്ങൾ അവർ ഇഷ്ടപ്പെടുന്ന സ്ഥലത്തും മെച്ചപ്പെട്ട വിലകിട്ടുന്നിടത്തും വിൽക്കാമെന്നുമുള്ള പച്ചക്കള്ളമാണ് എൻ.ഡി.എ സർക്കാർ പ്രചരിപ്പിക്കുന്നത്.
കോർപറേറ്റ് കമ്പനികൾക്ക് സഹായകമായ വിധത്തിൽ കരാർ കൃഷി പ്രോത്സാഹിപ്പിക്കുക, നിലവിലുള്ള APMC മാർക്കറ്റുകൾക്ക് ബദലായി കർഷകർക്ക് എവിടെയും ഉത്പന്നങ്ങൾ വിൽക്കുവാനെന്ന വ്യാജേന പ്രൈവറ്റ് മാർക്കറ്റുകൾ സ്ഥാപിക്കുക, കോർപ്പറേറ്റ് കമ്പനികളുടെ നിക്ഷേപം വർദ്ധിപ്പിച്ച് അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ് പ്രോത്സാഹിപ്പിച്ച് സംസ്ഥാന സർക്കാരുകളുടെ വിപണി ഇടപെടൽ അവസാനിപ്പിച്ച് പൂഴ്ത്തിവയ്പും കരിഞ്ചന്തയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കർഷകർക്ക് എവിടെയും തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റ് ലാഭമുണ്ടാക്കാം എന്ന വാദം എത്രമാത്രം പൊള്ളയാണെന്ന് അറിയണമെങ്കിൽ ശക്തമായ എ.പി.എം.സി ആക്ട് നിലവിലിരുന്ന ബീഹാറിൽ 2006 ൽ ഈ ആക്ട് എടുത്തു കളഞ്ഞതിനു ശേഷമുള്ള സ്ഥിതി പരിശോധിച്ചാൽ മതി. അവിടെ നിലവിലുണ്ടായിരുന്ന മാർക്കറ്റുകൾ പ്രവർത്തിക്കാതായി. പുതിയ നിക്ഷേപങ്ങൾ വരാതെയായി. കർഷകർ കൂടുതൽ ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയരാവുകയും ചെയ്തു.
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ അനുസരിച്ച് സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ ഉൾപ്പെടുന്നതാണ് കൃഷിയും അനുബന്ധ മേഖലകളും. സംസ്ഥാനങ്ങൾക്കുള്ള ഭരണഘടനാപരമായ അധികാരങ്ങളെല്ലാം പുതിയ നിയമഭേദഗതികളിലൂടെ കേന്ദ്രം കവർന്നെടുത്തിരിക്കുകയാണ്. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകളുടെ കൃഷി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ സംസ്ഥാന താത്പര്യങ്ങൾക്ക് അതീതമായി നിർബന്ധ പൂർവം നടപ്പിലാക്കുന്നതിന് പുതിയ നിയമങ്ങൾ വഴിയൊരുക്കും.
കരിനിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ മിനിമം സപ്പോർട്ട് പ്രൈസ് എന്ന സംവിധാനം തന്നെ ഇല്ലാതാകും. കൃഷി പൂർണമായും നഷ്ടക്കച്ചവടമാകും. രാജ്യത്ത് ആദ്യമായി കർഷകരുടെ ക്ഷേമത്തിനായി ഒരു ക്ഷേമനിധിബോർഡ് രൂപീകരിച്ചതും പച്ചക്കറിക്ക് മിനിമം സപ്പോർട്ട് പ്രൈസ് ഏർപ്പെടുത്തിയതും കേരളത്തിലാണ്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ പ്രതിവർഷം 6000 രൂപ വീതം കർഷകർക്ക് നൽകുമ്പോൾ,കേരള സർക്കാർ പ്രതിമാസം 1400 രൂപ വീതം വർഷത്തിൽ 16,800 രൂപയാണ് ഓരോ കർഷകനും നൽകിവരുന്നത്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും നെല്ലിന് കിലോയ്ക്ക് 18.68 രൂപകേന്ദ്ര സർക്കാർ നൽകി നെല്ല് സംഭരിക്കുമ്പോൾ, താങ്ങുവിലയ്ക്ക് പുറമേ, ഒൻപത് രൂപ അഡിഷണൽ പ്രൊഡക്ഷൻ ഇൻസെന്റീവായി നൽകി 27.48 രൂപയ്ക്ക് നെല്ല് സംഭരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം.
അവശ്യ സാധനങ്ങളുടെ പൂഴ്ത്തിവയ്പിന് ഇടയാക്കുന്ന മറ്റൊരു നിയമഭേദഗതിയാണ് ഇപ്പോൾ പാസാക്കിയിരിക്കുന്ന 1955 ലെ അവശ്യവസ്തു നിയമത്തിലെ ഭേദഗതി. ഇത് വിലക്കയറ്റത്തിനും പൂഴ്ത്തിവയ്പിനും സാഹചര്യം സൃഷ്ടിക്കും. സാമ്പത്തിക പ്രതിസന്ധിനേരിടുന്ന ഈ ഘട്ടത്തിൽ നേരിട്ട് കർഷകർക്ക് ആനുകൂല്യം ലഭിക്കുന്ന പദ്ധതികൾക്കാണ് മുൻതൂക്കം നൽകേണ്ടത്. പൂർണതോതിലുള്ളതും ഉപാധികളില്ലാത്തതുമായ കാർഷിക ഉത്തേജക പാക്കേജാണ് യഥാർത്ഥത്തിൽ ഇപ്പോൾ ആവശ്യം.
കരിനിയമങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്നതോടൊപ്പം ബദൽ നയങ്ങൾ നടപ്പാക്കാനും നമ്മൾ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ അതിശക്തമായ പോരാട്ടം ഉയർന്നു വരണം. കർഷകരും കർഷക സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനാധിപത്യ വിശ്വാസികളുംയോജിച്ചു കൊണ്ടുള്ള പുതിയ സമരമുഖം തുറക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |