ചൈനയുമായി ഒരു യുദ്ധമുണ്ടാകുമോ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു അസ്തിത്വപരമായ ചോദ്യമാണ്. ആർക്കും അതിന് ഉത്തരം അറിയില്ല എന്നതാണ് യാഥാർത്ഥ്യം. യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങാൻ ചില കാരണങ്ങളുണ്ട്. ശത്രു ബുദ്ധിമുട്ടിലാകുമ്പോഴാണ് ആക്രമിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ലോകത്തിലെ ഏറ്റവും അധികം കൊവിഡ് രോഗികളാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്, ഇന്ത്യയുടെ ജി.ഡി.പി വളർച്ച 23.9 ശതമാനം ഇടിഞ്ഞു. ഈ സാഹചര്യത്തിൽ യുദ്ധത്തിന് വേണ്ടിവരുന്ന സൈനിക ചെലവ് ഇന്ത്യയ്‌ക്ക് താങ്ങാനാവില്ലെന്ന് ചൈന കണക്കുകൂട്ടാം ; ലഡാക്ക് വിന്യാസത്തിന് പ്രതിമാസം 8,000 കോടി രൂപയാണ് ചെലവ്.
ചൈന എന്ത് ചെയ്യുന്നതിനും മുൻപ് അവർ നിരീക്ഷിക്കുക അമേരിക്കയെ ആണ്. അമേരിക്ക എന്ത് ചെയ്യുന്നു എന്നതാണ് അവരുടെ നോട്ടം. 'കുരങ്ങിനെ ഭയപ്പെടുത്താനായി കോഴിയെ കൊല്ലുക' എന്ന ചൈനീസ് പഴമൊഴിയുണ്ട്. ഇത് തന്നെയാണ് ചൈന ഇവിടെ പ്രയോഗിക്കുന്നത് .
അമേരിക്ക സഹായിക്കില്ല
തയ്‌വാനും ജപ്പാനുമായി ഉള്ളതുപോലെ സൈനിക ഉടമ്പടിയൊന്നും ഇന്ത്യയുമായി ഇല്ലാത്ത അമേരിക്ക, യുദ്ധമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ പോകുന്നില്ല. പ്രത്യേകിച്ചും പ്രസിഡന്റ് ട്രംപ് കൊവിഡ് ബാധിതനായതിനാൽ ഇന്ത്യയ്ക്ക് വേണ്ടി ഇടപെടുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. അമേരിക്കൻ രാഷ്‌ട്രീയത്തിൽ ചൈനയ്‌ക്ക് ചില പ്രത്യേക താത്‌പര്യങ്ങളുണ്ട്. ബൈഡനെ അധികാരത്തിലെത്തിക്കാൻ ചൈന പരമാവധി ശ്രമിക്കും.
ടിബറ്റ് അതിർത്തിയിൽ സൈനികപരമായി ഇന്ത്യ സ്ഥിരമായി തമ്പടിച്ചാൽ അത് ചൈനയെ ധിക്കരിക്കുന്നതിനു തുല്യമായി അവർ കാണും.
ദൗലത് ബേഗ് ഓൾഡി - ശിയോക് - ഡാർബോക്ക് റോഡ്, പുതിയ അടൽ തുരങ്കം, ലഡാക്കിലെ മറ്റ് ഇന്ത്യൻ നിർമ്മാണങ്ങൾ എന്നിവ സൂചിപ്പിക്കുന്നത് ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേയായ ജി 219 നെ ഇന്ത്യയ്ക്ക് തടസപ്പെടുത്താൻ കഴിയും എന്നാണ്. ഈ പാത ടിബറ്റിലേക്കും സിങ്കിയാങ്ങിലേക്കും പിന്നീട് കാരകോറം ചുരം വഴി പാകിസ്ഥാനിലേക്കും അവരുടെ സി.പി.ഇ.സി ( CPEC) ലേക്കും ഉള്ള സുപ്രധാന മാർഗമാണ്.
ഏതെങ്കിലും സാഹചര്യത്തിൽ യുദ്ധമുണ്ടായാൽ ഒരുലക്ഷം സൈനികരെ അണിനിരത്താനും അവരെ പരിചരിക്കാനും ഭക്ഷണം നൽകാനും കഴിവുള്ള രാജ്യമാണ് ഇന്ത്യ. ( അതേസമയം ദൂരക്കൂടുതൽ കാരണം, ചൈനയ്‌ക്ക് ഭക്ഷണവിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റവും ക്ളേശകരമായിരിക്കും.). മാത്രമല്ല യുദ്ധമുണ്ടായാൽ ടിബറ്റൻ പ്രത്യേക സേനയെ ഇറക്കാനും ഇന്ത്യയ്‌ക്ക് ശേഷിയുണ്ട്. അതിനാൽ യുദ്ധമുണ്ടാകുമ്പോൾ ഇന്ത്യയെ ബലപ്രയോഗത്തിലൂടെ പിന്തിരിപ്പിക്കുകയും 'ഒരു പാഠം പഠിപ്പിക്കുകയും' ചെയ്യേണ്ടതുണ്ട് ചൈനയ്‌ക്ക്.
യുദ്ധം നടക്കാതിരിക്കാൻ
ഇതൊക്കെയാണെങ്കിലും ഇന്ത്യയെ തോല്‌പിക്കാൻ ആകുമെന്ന അമിത പ്രതീക്ഷയൊന്നും ചൈന വച്ചുപുലർത്താതിരിക്കുന്നതാവും നല്ലത് . ചില ഉദാഹരണങ്ങൾ ഇതാ - 1962 ൽ ചൈന ഇന്ത്യയെ തോല്‌പിച്ചെങ്കിലും ചെറിയ രാജ്യമായ വിയറ്റ്നാം 1979 ൽ ചൈനീസ് സേനയെ തുരത്തി. ഇന്ത്യ നാഥു ലാ (1967), സുംദോറോംഗ് ചു (1987), ദോക്‌ലാം ( 2019) എന്നിവിടങ്ങളിൽ തടഞ്ഞ് നിറുത്തി.
കടലാസ് പുലികളായ സേനകൾ യുദ്ധം ജയിക്കുന്നില്ല എന്നത് ഒരു സത്യമാണ്. വിയറ്റ്നാം യു.എസിനെ പരാജയപ്പെടുത്തി. കൊറിയയിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക ജയിച്ചില്ല, ഈ ഉദാഹരണങ്ങൾ തന്നെ ധാരാളം.
'ഒരു കുട്ടി നയം ( one child policy ) ' കാരണം, ചീന പട്ടാളത്തിലെ 'ചെറിയ രാജകുമാരൻ' രണ്ട് മാതാപിതാക്കളുടെയും നാല് മുത്തശ്ശൻ മുത്തശ്ശിമാരുടെ കണ്ണിലുണ്ണി, പോരാടാൻ ആഗ്രഹിക്കുമോ എന്നറിയില്ല. (നിർബന്ധിത സൈനിക സേവനം കാരണം വീർപ്പുമുട്ടി കഴിയുന്നവരാണ് ചൈനീസ് സൈന്യത്തിൽ ഏറെയും)
മാത്രമല്ല, യുദ്ധം വന്നാൽ ചൈനീസ് സൈനിക മരണങ്ങൾ വലുതാകുകയും ഇന്ത്യൻ - പാശ്ചാത്യ മാദ്ധ്യമങ്ങൾ അത് ആഘോഷിക്കുകയും ചെയ്യും. തത്ഫലമായി 'മുഖം നഷ്ടപ്പെടുന്ന ' ഷീജിൻ പിങിന്റെ സ്ഥാനത്തെ പോലും അത് അപകടത്തിലാക്കാം.
പ്രത്യേകിച്ച് ടിബറ്റ്, സിൻജിയാങ്, ഇന്നർ മംഗോളിയ എന്നിവിടങ്ങളിൽ അവരുടെ ഭരണം വെല്ലുവിളിക്കപ്പെടാം.
താൻ ഷീജിൻ പിങിന് ധാരാളം ഇളവുകൾ നൽകിയിട്ടുണ്ടെന്ന് മോദി സൂചിപ്പിച്ചിരുന്നു; പക്ഷേ, ഇപ്പോൾ ക്ഷമ അറ്റു കഴിഞ്ഞു.
ചൈനയുമായുള്ള വ്യാപാരബന്ധം മുറിഞ്ഞാലും ഇന്ത്യയ്‌ക്ക് ഒന്നും നഷ്‌ടപ്പെടാനില്ല. മരുന്നിന്റെ എ.പി.ഐകൾ, ഇലക്ട്രോണിക്സ് മുതലായവയിലെ സപ്ലൈ ചെയിൻ ഉപയോഗിച്ച് ഇന്ത്യയെ തളർത്താൻ കഴിയില്ലെന്ന് നാം തെളിയിക്കുന്നു. ഇന്ത്യയുടെ ചൈനയുമായുള്ള വ്യാപാരക്കമ്മിയും ഗണ്യമായി ചുരുങ്ങി. പന്നിപ്പനി, മഹാപ്രളയങ്ങൾ എന്നിവയ്‌ക്ക് ശേഷം ചൈനയുടെ ഭക്ഷ്യസുരക്ഷ അപകടത്തിലായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവർക്ക് റേഷനിംഗ് സമ്പ്രദായം പോലും നടപ്പിലാക്കേണ്ടി വന്നു. എന്നാൽ ഇന്ത്യ ചൈനയിലേക്ക് വമ്പൻ ഭക്ഷ്യ കയറ്റുമതി നടത്തുന്ന രാജ്യമാണ്.അതിനാൽ ഇന്ത്യയെ പിണക്കുന്നത് ചൈനയ്‌ക്ക് തീരെ ഗുണകരമാവില്ല.
സമീപഭാവിയിൽ വളരാൻ സാദ്ധ്യതയുള്ള ഇന്ത്യയെ, ചൈനീസ് കമ്പനികൾക്ക് നഷ്ടമായാൽ അവർക്ക് വലിയ പ്രഹരമായിരിക്കും. ഹുവായ്, ചില നിർമ്മാണ കമ്പനികൾ മുതലായവ ഇപ്പോഴേ പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. യുദ്ധം വന്നാൽ കമ്പനികൾ പൂർണമായും ഒഴിവാക്കപ്പെടും.
അങ്ങനെ യുദ്ധത്തിന്റെ കുഴപ്പത്തിലേക്കും ചെലവിലേക്കും അനിശ്ചിതത്വങ്ങളിലേക്കും പോകുന്നത് എന്തിനാണ് ?
അതിനാൽ ലഡാക്കിലും ടിബറ്റിലും യുദ്ധം നടത്തിയാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും അപായസാദ്ധ്യതകളും നേട്ടങ്ങളുമുണ്ട്. എങ്കിലും ഇന്ത്യയും ചൈനയും യുദ്ധത്തിന് ഒരുമ്പെടുമോ എന്ന് പ്രവചിക്കാൻ പ്രയാസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |