കൊച്ചി: ഫെമിനിസ്റ്റുകൾക്കെതിരെ അശ്ളീലം പറഞ്ഞ് യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ മർദ്ദിച്ച കേസിൽ പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്നു പരിഗണിച്ചേക്കും. സെപ്തംബർ 26നാണ് കേസിനാസ്പദമായ സംഭവം. അശ്ളീല സന്ദേശങ്ങളുമായി വിജയ് പി.നായർ യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെത്തുടർന്ന് ഭാഗ്യലക്ഷ്മിയും കൂട്ടരും ചേർന്ന് ഇയാളെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മർദ്ദിച്ചെന്നും മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ മോഷ്ടിച്ചെന്നുമാണ് കേസ്. ഭാഗ്യലക്ഷ്മിയും കൂട്ടരും മുഖത്തടിച്ചും ശരീരത്തിൽ മഷിയൊഴിച്ചും ഇയാളെ ആക്രമിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീഡിയോയിലെ പരാമർശങ്ങൾ തനിക്ക് എതിരെയാണെന്ന നിഗമനത്തിലാണ് ഭാഗ്യലക്ഷ്മി ഇയാളെ ആക്രമിച്ചതെന്നും പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.
സെപ്തംബർ 25നാണ് ഇത്തരമൊരു വീഡിയോ യൂട്യൂബിൽ പ്രചരിക്കുന്നതായി അറിഞ്ഞതെന്നും അന്നുതന്നെ ശ്രീലക്ഷ്മി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും ഹർജിയിൽ പറയുന്നു. 26ന് വിജയ് പി. നായർ ഒത്തുതീർപ്പു ചർച്ചയ്ക്ക് വിളിച്ചു. പരാതി നൽകിയിട്ടും തുടർ നടപടിയെടുക്കാനോ വീഡിയോ നീക്കം ചെയ്യാനോ പൊലീസ് തയ്യാറാകാത്തതുകൊണ്ട് ഒത്തു തീർപ്പു ചർച്ചയ്ക്കായി പോയി. ശ്രീനിവാസ് ലോഡ്ജിലെത്തിയ തങ്ങളെ ആക്രമിച്ചെന്ന് വ്യക്തമാക്കി രാത്രി എട്ടു മണിയോടെ തമ്പാനൂർ സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് രാത്രി 11 മണിയോടെയാണ് തങ്ങൾ ആക്രമിച്ചെന്നാരോപിച്ച് വിജയ് പി.നായർ പരാതി നൽകിയത്. ഒത്തുതീർപ്പിന് വിളിച്ചതിനാലാണ് അവിടെ പോയത്. ഇതിനാൽ അതിക്രമിച്ചു കയറിയെന്ന കുറ്റം നിലനിൽക്കില്ല. ലാപ്ടോപ്പ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചെന്ന ആരോപണവും ശരിയല്ല. ഇവയൊക്കെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയിരുന്നെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |