കോട്ടയം: ഇടതുമുന്നണിയിലെത്തുന്ന ജോസ് കെ. മാണിക്ക് പാലാ സീറ്റ് നൽകിയാൽ മറ്റ് വഴി തേടാൻ നിർബന്ധിതനാവുമെന്ന മാണി സി. കാപ്പന്റെ മുന്നറിയിപ്പിനിടെ, എൻ.സി.പി സംസ്ഥാന ഭാരവാഹിയോഗവും കോർ കമ്മിറ്റിയും 16ന് കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമിൽ ചേരും.
ഗുരുവായൂർ ദേവസ്വത്തിലേക്കുള്ള പാർട്ടി നോമിനി തിരഞ്ഞെടുപ്പാണ് അജൻഡയെങ്കിലും, പാലാ എം.എൽ.എയായ കാപ്പനടക്കം പങ്കെടുക്കുന്ന കോർ കമ്മിറ്റിയിൽ പാലാ സീറ്റ് പ്രശ്നം ചർച്ചയാവും. ഗുരുവായൂർ ദേവസ്വം ബോർഡിൽ എൻ.സി.പി നോമിനിയായി ജയൻ പുത്തൻപുരയ്ക്കലിന്റെ പേര് സംസ്ഥാന അദ്ധ്യക്ഷൻ പീതാംബരൻ മാസ്റ്റർ നാലുതവണ ഇടതുമുന്നണി സംസ്ഥാന സമിതിക്ക് എഴുതിക്കൊടുത്തിട്ടും, ജയനെതിരെ കേസുള്ളതിനാൽ അംഗീകരിച്ചില്ല. മുന്നണി കൺവീനർ വിജയരാഘവനുമായി ഈ പ്രശ്നത്തിൽ പീതാംബരൻ മാസ്റ്റർ ഇടഞ്ഞിരുന്നു. ഇതിന് പിറകെയാണ് പാലാ സീറ്റ് പ്രശ്നം ഉയർന്നത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരത്പവാറിനെക്കണ്ട് കാപ്പൻ പിന്തുണ ഉറപ്പാക്കിയിരുന്നു. പാലാ സീറ്റ് ജോസ് കെ. മാണിക്ക് നൽകിയാൽ എതിർക്കാനുള്ള നീക്കത്തിന് പീതാംബരൻ മാസ്റ്ററുടെയും പിന്തുണയുണ്ട്. പാലാ കിട്ടുന്നില്ലെങ്കിൽ യു.ഡി.എഫ് പിന്തുണ ഉറപ്പാക്കി കാപ്പന്റെ നേതൃത്വത്തിൽ എൻ.സി.പിയിലെ ഒരു വിഭാഗം ഇടതുമുന്നണി വിട്ടേക്കും.
എൻ.സി.പി മുൻ ദേശീയ നേതാവും കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ താരിഖ് അൻവറിന്റെ നിർദ്ദേശാനുസരണം ഉന്നത കോൺഗ്രസ് നേതാക്കളുമായി കാപ്പൻ ആശയവിനിമയം നടത്തി. കാപ്പൻ ഇടതു മുന്നണി വിട്ട് വന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ പിന്തുണയ്ക്കാമെന്ന ഉറപ്പ് ലഭിച്ചതായാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |