SignIn
Kerala Kaumudi Online
Monday, 07 July 2025 4.01 AM IST

'സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന വിനായകനെ സഹകരിപ്പിച്ച് സിനിമ നിർമ്മിക്കുന്ന റീമ കല്ലിംഗലിന്റെ നിലപാടിനൊപ്പമാണോ നിങ്ങൾ?'

Increase Font Size Decrease Font Size Print Page
rima-parvathy-vinayakan

ഡബ്ല്യു സി സിയോട് 11 ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ രംഗത്ത്. 'ഡബ്ല്യു സി സിഎന്ന വനിതാ സംഘടന മലയാള സിനിമാരംഗത്ത് വന്നിട്ട് ഏതാണ്ട് മൂന്നു വർഷം പൂർത്തിയാകുന്നു. മേഖലയിൽ അവസര സമത്വം, ലിംഗനീതി എന്നിവ ഉറപ്പുവരുത്തുകയാണ് പ്രഖ്യാപിത ലക്ഷ്യം. സംഘടനയെ പലരും അപമാനിക്കുന്നു എന്നതിനാൽ ഇപ്പോൾ 'റെഫ്യൂസ് ദി അബ്യൂസ്' ക്യാമ്പയിൻ നടത്തുകയാണ് അവർ.
ഡബ്ല്യു സി സിയോട് ചില ചോദ്യങ്ങൾ ചോദിക്കാൻ നല്ലൊരു അവസരം ആണ് ഇതെന്നു കരുതുന്നു', എന്ന മുഖവരയോടെയാണ് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

നിസഹകരണമാണ് നിങ്ങൾ ഉദ്ദേശിച്ചതെങ്കിൽ അലൻസിയറിനും, ഗീതുമോഹൻദാസിനും, വിനായകനും, റിമ കല്ലിങ്കലിനുമൊക്കെ അത് ബാധകമാണോ? എന്ന് ശ്രീജിത്ത് പണിക്കർ ഡബ്ല്യു സി സിയോട് ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

'WCC എന്ന വനിതാ സംഘടന മലയാള സിനിമാരംഗത്ത് വന്നിട്ട് ഏതാണ്ട് മൂന്നു വർഷം പൂർത്തിയാകുന്നു. മേഖലയിൽ അവസര സമത്വം, ലിംഗനീതി എന്നിവ ഉറപ്പുവരുത്തുകയാണ് പ്രഖ്യാപിത ലക്ഷ്യം. സംഘടനയെ പലരും അപമാനിക്കുന്നു എന്നതിനാൽ ഇപ്പോൾ 'റെഫ്യൂസ് ദി അബ്യൂസ്' ക്യാമ്പയിൻ നടത്തുകയാണ് അവർ.

WCC-യോട് ചില ചോദ്യങ്ങൾ ചോദിക്കാൻ നല്ലൊരു അവസരം ആണ് ഇതെന്നു കരുതുന്നു:

(1) WCC രൂപീകൃതമായി മൂന്നു വർഷങ്ങൾ പൂർത്തിയാകുമ്പോഴേക്കും അവസര സമത്വവും ലിംഗനീതിയും ഉറപ്പുവരുത്താൻ സാധിച്ചോ? എന്തൊക്കെയാണ് ഉദാഹരണങ്ങൾ?

(2) സാധിച്ചില്ലെങ്കിൽ എന്നത്തേയ്ക്ക് സാധിക്കും? സിനിമാരംഗത്തെ മനോഭാവങ്ങൾ മാറാൻ വർഷങ്ങൾ വേണ്ടിവരുമെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയെ അപലപിക്കുന്നവർക്ക് ‘വർഷങ്ങൾ വേണ്ടിവരും’ എന്ന മറുപടി ഈ ചോദ്യത്തിനുള്ള ഉത്തരമായി പറയാൻ കഴിയില്ലെന്ന് കരുതുന്നു.

(3) നിരവധി നടിമാർക്ക് മോശം അനുഭവങ്ങൾ ഉണ്ടായതായി വാർത്തകൾ വന്നിട്ടുണ്ട്. ആരോപണ വിധേയരായ നടന്മാരും സംവിധായകരും ഉണ്ടായിട്ടുണ്ട്. ഈ വിഷയങ്ങളിൽ WCC എടുത്ത നിലപാടുകൾ എന്തൊക്കെയാണ്?

(4) WCC വെബ്സൈറ്റിൽ സംഘടനയുടെ കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. അതിനു തൊട്ടുമുൻപ് നടൻ അലൻസിയർ ലോപ്പസ് ഒരു സിനിമാ പ്രവർത്തകയെ അപമാനിച്ചെന്ന ആരോപണം വന്നപ്പോൾ നിങ്ങൾ ആ സ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന് സൈറ്റിൽ ഉണ്ട്; പിന്നീട് അലൻസിയർ പരസ്യമായി മാപ്പ് പറഞ്ഞതായും. എന്നാൽ നിങ്ങൾ തന്നെ കൊടുത്തിരിക്കുന്ന വാർത്തയിൽ, ‘എന്തു നടപടിയാണ് ആ സ്ത്രീയ്ക്ക് ആവശ്യമെന്നും അലൻസിയർ മാപ്പ് പറഞ്ഞാൽ മതിയോ,’ എന്നും നിങ്ങൾ ചോദിച്ചതായി പറയുന്നുണ്ട്. മാപ്പ് മതിയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും അദ്ദേഹം മറ്റു സ്ത്രീകളോടും മോശമായി പെരുമാറിയതിനാൽ മാപ്പ് മാത്രം പോരാ എന്നാണ് ആ സ്ത്രീ പറഞ്ഞതായി വാർത്തയിൽ കാണുന്നത്. പിന്നീട് നിങ്ങൾ എന്ത് നടപടിയാണ് അലൻസിയറിനെതിരെ സ്വീകരിച്ചത്?

(5) WCC-യിൽ ഇരട്ടത്താപ്പ് ആരോപിച്ചാണല്ലോ സംവിധായക വിധു വിൻസന്റ് രാജിവെച്ചത്. നടൻ ദിലീപിനെ പിന്തുണച്ച സംവിധായകൻ ബി ഉണ്ണികൃഷ്ണനൊപ്പം പ്രവർത്തിച്ചത് എന്തിനെന്ന വിശദീകരണം ആവശ്യപ്പെട്ടതിനാലാണ് രാജിയെന്ന് വിധു പറഞ്ഞിരുന്നു. സിനിമയിൽ പ്രവർത്തിക്കാനുള്ള വിധുവിന്റെ തുല്യാവസരമെന്ന അവകാശത്തെ ബാധിക്കുന്ന ഈ വിശദീകരണം ചോദിക്കൽ നടപടി നിങ്ങളുടെ സംഘടനയുടെ തന്നെ പ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധമായിരുന്നില്ലേ? നിസ്സഹകരണം ആണ് നിങ്ങൾ ഉദ്ദേശിച്ചതെങ്കിൽ ഇതേന്യായം അലൻസിയറിനും ബാധകമാണോ? ആണെങ്കിൽ WCC അംഗമായ ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ എന്ന സിനിമയിൽ അലൻസിയറെ അഭിനയിപ്പിച്ചതിനെ നിങ്ങൾ എതിർത്തോ? ‘പ്രതി പൂവൻകോഴി’ എന്ന മഞ്ജു വാര്യർ സിനിമയിൽ അലൻസിയർ അഭിനയിച്ചതിനെ എതിർത്തോ? ‘ഉയരെ’ എന്ന പാർവതി സിനിമയിൽ അഭിനയിച്ച, ദിലീപിനെ പിന്തുണച്ച സിദ്ദിഖിനെ എതിർത്തോ? സംവിധായകൻ കമലിനെതിരെ ആരോപണം ഉണ്ടായപ്പോൾ നിങ്ങൾ എന്തുചെയ്തു? സ്ററെഫി സേവ്യർ എന്ന കോസ്റ്റ്യൂം ഡിസൈനർ ഗീതു മോഹൻദാസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിങ്ങൾ ഏതു ഭാഗത്താണ്? സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന വിനായകനെ സഹകരിപ്പിച്ച് സിനിമ നിർമ്മിക്കുന്ന റീമ കല്ലിങ്ങലിന്റെ നിലപാടിനൊപ്പമാണോ നിങ്ങൾ? നിങ്ങളുടെ എതിർചേരിയിലുള്ള ബി ഉണ്ണികൃഷ്ണനെ സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ടു എന്ന ആരോപണം നേരിടുന്ന നിങ്ങളാണോ സംഘടനയിൽ ഇല്ലാത്ത ഭാവനയെ സഹകരിപ്പിക്കില്ല എന്ന് ഇടവേള ബാബു പറഞ്ഞതിനെ എതിർക്കുന്നത്?

(6) ആദ്യം മുതൽ WCC നേതൃനിരയിൽ കാണുന്ന ചില മുഖ്യധാരാ നടികളെ മാത്രമാണ് ഇപ്പോഴും അവിടെ കാണുന്നത്. ആദ്യം ഉണ്ടായിരുന്ന ചിലരെ കാണുന്നുമില്ല. അതെന്താണ് അങ്ങനെ? എന്തുകൊണ്ട് മൂന്നു വർഷങ്ങൾ പൂർത്തിയാകുമ്പോഴും മറ്റുള്ളവർക്ക് നേതൃസ്ഥാനത്ത് തുല്യാവസരം നൽകുന്നില്ല? ഏട്ടനും അണ്ണനും ഒക്കെയാണ് AMMA-യിൽ സ്ഥിരം എന്നുപറയുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതല്ലേ? മറ്റുള്ളവർ നേതൃസ്ഥാനം ആഗ്രഹിക്കുന്നില്ല എന്നതൊന്നും ഇക്കാര്യത്തിൽ ഒരു ന്യായമാവില്ല.

(7) അവസര സമത്വം എന്ന പ്രശ്നം സിനിമയിൽ ഉണ്ടായിരുന്നുവെങ്കിൽ ഇതിനോടകം വലിയ തോതിലുള്ള അംഗത്വ വർദ്ധനവ് WCC-ക്ക് കൈവരിക്കാൻ കഴിയേണ്ടതാണ്. അത് സാധിച്ചിട്ടുണ്ടോ? മുഖ്യധാരാ നടികളിൽ എത്രപേർ WCC-യിൽ അംഗങ്ങളാണ്?

(8) AMMA-യിൽ ധാരാളം നടിമാർ അംഗങ്ങളായി തുടരുകയും അവർ WCC-യിൽ അംഗങ്ങൾ അല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം എന്തായിരിക്കും? അവസരങ്ങൾ കുറയുമെന്ന ഭീതിയാവാമെന്ന് നിങ്ങളിൽ പലരും പറഞ്ഞുകണ്ടു. എന്താണ് അതിനുള്ള തെളിവ്? AMMA-യിൽ തുല്യാവസരങ്ങൾ ഉണ്ടെന്നും ലിംഗനീതി പ്രശ്നം ഇല്ലെന്നും അതുകൊണ്ടാണ് ആൾക്കാർ WCC-യിൽ ചേരാൻ തയ്യാറാകാത്തതെന്ന് മറുവാദമുണ്ടായാൽ അത് തെറ്റാണെന്ന് എങ്ങനെ തെളിയിക്കാൻ കഴിയും?

(9) AMMA-യിൽ ഉള്ളവർ പല കാരണങ്ങളാൽ സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല എന്ന് നിങ്ങൾ പറയുന്നു. നിങ്ങളെ പരസ്യമായി പിന്തുണച്ച നടന്മാരും അവസരങ്ങൾ കുറയുമെന്ന ഭയം ഉള്ളവരാണോ? അവർ ഇപ്പോൾ നിങ്ങൾക്കുവേണ്ടി AMMA-യുടെ ഉള്ളിൽ സംസാരിക്കുന്നില്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ട്?

(10) WCC അംഗങ്ങളല്ലാത്ത സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് WCC-ക്ക് അഭിപ്രായമുണ്ടോ? ഉദാഹരണത്തിന്, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വിഷയം. ആദ്യകാലം മുതൽ ഏതാനും ആഴ്ചകൾക്ക് മുൻപുവരെയും WCC-യിൽ ക്ഷണിക്കപ്പെടാത്ത ആളാണ് താനെന്ന് ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. അംഗമാകുന്ന ആൾക്കാരുടെ കാര്യത്തിൽ മാത്രമേ നിങ്ങൾ അഭിപ്രായം പറയുകയുള്ളോ? അങ്ങനെയുള്ളവർക്ക് മാത്രമേ പരിഗണനയുള്ളോ? ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായ വിഷയത്തിൽ എന്താണ് WCC നിലപാട്? അവർ നേരിട്ട ആരോപണത്തിൽ എന്താണ് WCC-യുടെ അഭിപ്രായം? ആരോപണത്തിൽ പ്രകോപിതയായ അവരുടെ ചെയ്തിയെ അംഗീകരിക്കുന്നുണ്ടോ?

(11) എന്തുകൊണ്ടാണ് നിങ്ങളുടെ അംഗങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ഉണ്ടെന്ന് പറയുകയും അത് പരിശോധിക്കണമെങ്കിൽ പാസ്‌വേഡ് ചോദിക്കുകയും ചെയ്യുന്നത്? ഏത് പാസ്‌വേഡ്? പൊതുജനത്തിന് അറിയാത്ത ഒരു പാസ്‌വേഡ് എന്തിനാണ് പൊതുജനത്തിനായുള്ള ഒരു വെബ്സൈറ്റിൽ ആവശ്യം വരുന്നത്? സംഘടനയിലെ അംഗങ്ങളുടെ പേര് മറച്ചുവെക്കേണ്ട ഒന്നാണോ? 'ആണെങ്കിൽ അത് എന്തുകൊണ്ട് സൈറ്റിൽ കൊടുത്തു?

TAGS: SREEJITH PANICKER, WCC, FACEBOOK POST, SREEJITH PANICKER ON WCC, EDVELA BABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.