കൊവിഡിനു മുമ്പും കൊവിഡിനുശേഷവും എന്ന് ചരിത്രം ലോകത്തെ അടയാളപ്പെടുത്തും. ആ ഒഴുക്കിൽ ഈ ദുരിതദിനങ്ങൾ ഒഴുകിപ്പോകും, പുതിയപ്രഭാതം ഉദിക്കും, സ്നേഹവും കാരുണ്യവും പൂത്തുലയും...പുതിയ പ്രത്യാശകളുമായി നടൻ പ്രേംകുമാർ...
മനുഷ്യജീവിതം അനുനിമിഷം മുന്നോട്ട് പ്രയാണം ചെയ്യുന്നതിന്റെ പ്രധാന ലക്ഷണമായ ചലനങ്ങളെല്ലാം നിന്നുപോയ അസാധാരണമായ അവസ്ഥയിലായിരിക്കുന്നു ലോകം. അനിശ്ചിതമായ ഈ അവസ്ഥയിലും അതിനു കാരണമായ വൈറസുകൾ ചലിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക്, രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേയ്ക്ക്, വൻകരകളൊക്കെ താണ്ടി മരുഭൂമികളും മഹാസമുദ്രങ്ങളും കടന്ന് നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും കുടിലുകളിലും കൊട്ടാരങ്ങളിലും മനുഷ്യരുള്ളിടത്തെല്ലാം പ്രായഭേദമന്യേ, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭരണാധികാരിയെന്നോ ഭേദമില്ലാതെ കൊവിഡ് പടർന്നു കയറുകയാണ്. ആരെയും വിസ്മയിപ്പിക്കുന്ന അതിവേഗതയിലാണ്അതിന്റെ സഞ്ചാരം. കൊവിഡ് സംശയിക്കുന്നവർ, നിരീക്ഷണത്തിലുള്ളവർ, സ്ഥിരീകരിച്ചവർ, മരണത്തിന് കീഴടങ്ങിയവർ, സ്ഥിതിവിവരക്കണക്കുകൾ, രാജ്യങ്ങൾ തിരിച്ച് സംസ്ഥാനങ്ങളും ജില്ലകളും വാർഡുകളും വരെ തിരിച്ച് അപ്പപ്പോൾ മാദ്ധ്യമങ്ങളിൽ വന്നു നിറയുന്നു. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണങ്ങൾ, നിലപാടുകൾ, നിർദ്ദേശങ്ങൾ, ഉപദേശങ്ങൾ, ഭരണാധികാരികളുടെയും ആരോഗ്യവിദഗ്ദരുടെയുമൊക്കെ അഭിപ്രായങ്ങൾ, മാർഗനിർദ്ദേശങ്ങൾ എല്ലാം അപ്പപ്പോൾ ലോകം അറിയുന്നു.
രോഗവ്യാപനം ലക്ഷങ്ങളിൽ നിന്ന് കോടികളിലേക്ക് കടന്നിരിക്കുന്നു. മരണസംഖ്യയും ലക്ഷങ്ങൾ പിന്നിട്ടു. മനുഷ്യവർഗത്തെ മുഴുവൻ ഭയത്തിന്റെയും ഉൽക്കണ്ഠയുടെയും ആശങ്കയുടെയും നിരാശയുടെയും മുൾമുനയിൽ നിറുത്തിക്കൊണ്ട് സമസ്ത മേഖലകളെയും പിടിച്ചുകുലുക്കിയ താരതമ്യങ്ങളില്ലാത്ത ഈ മഹാമാരി ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറുകയാണ്.
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ വൈറസ് ചൈനയും ഇറാനും ഇറ്റലിയും അമേരിക്കയും സ്പെയിനും തുടങ്ങി മിക്ക ലോകരാജ്യങ്ങളും കടന്ന് 2020 ജനുവരിയോടെ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ-തൃശൂരിൽ സാന്നിദ്ധ്യമറിയിച്ചു. കൊറോണ വൈറസ് ലോകത്താകെ അതിവേഗം പടരുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. 2020 മാർച്ച് മാസം ആയപ്പോഴേയ്ക്കും രോഗഭീഷണി വൻതോതിലായി. ലോകം ഒന്നടങ്കം ഈ മഹാമാരിക്കു മുന്നിൽ വിറകൊണ്ടു. ശാസ്ത്രലോകത്തിനും പരിഹാരമൊന്നും നിർദ്ദേശിക്കാൻ കഴിഞ്ഞില്ല. ആകെ കഴിഞ്ഞത് 'സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകഴുകിയും വ്യക്തിശുചിത്വം, ശാരീരിക അകലം എന്നിവ പാലിച്ചും മാസ്ക് ധരിച്ചും രോഗപ്പകർച്ച തടയലാണ് കരണീയമെന്ന" ആശയം മുന്നോട്ടു വയ്ക്കാൻ മാത്രം.
ഒന്നാം ഘട്ട ലോക്ക് ഡൗണിനെത്തുടർന്നും രാജ്യത്ത് രോഗവ്യാപനത്തിൽ കുറവില്ലാതായതോടെ രണ്ടും മൂന്നും ഘട്ട ലോക്ക് ഡൗണുകളുണ്ടായി. രോഗവ്യാപനം വർദ്ധിച്ചുകൊണ്ടേയിരുന്നു. മരണസംഖ്യയും ഭീതിദമാംവിധം ഉയർന്നു. തൊഴിലില്ലായ്മയും വരുമാനനഷ്ടവും ജനജീവിതം താറുമാറാക്കി. ഇതിനു മുൻപും മനുഷ്യർ പലവിധ മഹാമാരികളെ നേരിട്ടിട്ടുണ്ടെങ്കിലും അത് ഇങ്ങനെ എല്ലായിടവും ബാധിച്ചിരുന്നില്ല. ലോകത്തെ എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കേണ്ടി വന്ന ഈ ദുരന്തം മുൻമാതൃകകളൊന്നുമില്ലാത്തതായി മാറി.
രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ കൊവിഡ് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രതിസന്ധിയിൽ നിന്ന് എന്ന്, എങ്ങനെ മോചനം ലഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. അന്താരാഷ്ട്ര സാമ്പത്തിക രംഗമാകെ വൻതകർച്ചയുടെ വക്കിലാണ്. കാർഷിക മേഖലയും ആരോഗ്യരംഗവും വിദ്യാഭ്യാസമേഖലയും തുടങ്ങി സർവമണ്ഡലങ്ങളും അടിമുടി ആടിയുലഞ്ഞു നിൽക്കുകയാണ്. കൊവിഡ് മനുഷ്യരാശിയ്ക്കുമേൽ ഏൽപ്പിച്ച വൻ ആഘാതത്തിന്റെ ആഴം അളക്കാൻ കാലം ഇനിയും ഏറെ വേണ്ടി വന്നേയ്ക്കും. പക്ഷേ ചില ബോദ്ധ്യങ്ങൾ ഇപ്പോൾ തന്നെ അത് നൽകുന്നുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശാസ്ത്രത്തിന് കഴിയില്ല എന്നും ശാസ്ത്രത്തിനും പരിമിതികളുണ്ടെന്നും മനുഷ്യന് ബോദ്ധ്യമായി. പണം കൊണ്ട് എന്തും നേടാമെന്നും എല്ലാറ്റിന്റെയും അടിസ്ഥാനം പണമാണെന്നുമുള്ള ചിന്ത തിരുത്തപ്പെട്ടു. മനുഷ്യൻ നിശ്ചയിച്ചു വച്ചിരിക്കുന്ന ലോകത്തിന്റെ അതിരുകളും ദേശങ്ങളുടെ അസ്തിത്വവും ഭാഷാഭേദങ്ങളും ജാതിമത വർണവർഗ രാഷ്ട്രീയവ്യത്യാസങ്ങളുമൊക്കെ എത്രമാത്രം അർത്ഥശൂന്യമാണെന്നുമുള്ള തിരിച്ചറിവുണ്ടായി. സ്വപ്നങ്ങളും പ്രതീക്ഷകളും കണക്കു കൂട്ടലുകളും മനക്കോട്ടകളുമൊക്കെ ഏതു നിമിഷവും തകരാവുന്ന വെറും സങ്കൽപ്പങ്ങൾ മാത്രമാണെന്ന സത്യം മനുഷ്യൻ അറിഞ്ഞു.
ഏത് ആഘോഷങ്ങൾക്കും അവധി കൊടുക്കാനാവുമെന്നും വിവാഹവും മരണാനന്തരചടങ്ങും എന്തും ആർഭാടങ്ങളും അനാവശ്യധൂർത്തും ആഡംബരങ്ങളും വൻ ആൾക്കൂട്ടങ്ങളും ഒഴിവാക്കി ലളിതമായി നടത്താനാവുമെന്നും കൊവിഡ്കാലം നമ്മെ പഠിപ്പിച്ചു. ഈ ഭൂമിയും പ്രകൃതിയുമൊക്കെ മനുഷ്യനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണെന്നും ലോക്ക് ഡൗൺ കാലത്ത് പുതിയൊരു വെളിപാടു തന്നെയുണ്ടായി. അന്തരീക്ഷം നന്നായി തെളിഞ്ഞ് ആകാശവും ഭൂമിയുമൊക്കെ കൂടുതൽ സുന്ദരമായി. പൊടിപടലങ്ങളും പുകപടലങ്ങളും കുറഞ്ഞ്. വായുമലിനീകരണം ഇല്ലാതായതോടെ മറഞ്ഞിരുന്ന മനോഹര കാഴ്ചകൾ പലതും ദൃശ്യമായി. ജലാശയങ്ങളിലും നിരത്തുകളിലും പരിസരങ്ങളിലും എല്ലായിടത്തും മലിനീകരണം നന്നേ കുറഞ്ഞു. നിറഞ്ഞ നിശബ്ദതയിൽ പക്ഷികളുടെയും കിളികളുടെയും അണ്ണാറക്കണ്ണന്മാരുടെയുമൊക്കെ ശബ്ദം തിരിച്ചുവന്നു. ഇളംവെയിലിൽ ചിത്രശലഭങ്ങളും തേനീച്ചകളും തുമ്പികളുമൊക്കെ പാറിപ്പറന്നു. ഭൂമിക്ക് പച്ചപ്പ് തിരിച്ചുകിട്ടി. പ്രകൃതിക്ക് പുതിയൊരുന്മേഷത്തിന്റെയും ഉണർവിന്റെയും ഉത്സവമായി.
ദൈവത്തെ കാണാൻ ആരാധനാലയങ്ങളിലെത്തിയാലേ കഴിയൂ എന്ന സങ്കൽപം തന്നെ മാറിമറിഞ്ഞു. ദൈവത്തെ വിറ്റുകാശാക്കാൻ ശ്രമിച്ചവർ, ദൈവത്തിന്റെ പേരിൽ സമ്പത്ത് കുന്നുകൂട്ടി വച്ചവർ, ആത്മീയ കച്ചവടം നടത്തിയ തട്ടിപ്പുകാർ, ആൾദൈവങ്ങൾ എല്ലാവരും എവിടെയോ ഒളിച്ചു. ആഢംബരത്തിന്റെയും അഹങ്കാരത്തിന്റെയും അടയാളങ്ങളായ അംബരചുംബികളായ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളുമെല്ലാം അടഞ്ഞു. മതങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം മനുഷ്യനുവേണ്ടി മനുഷ്യൻ സൃഷ്ടിച്ച, മനുഷ്യന്റെ സൗകര്യാർത്ഥം മാറാനും മാറ്റാനും മാറ്റിമറിയ്ക്കാനും പറ്റുന്ന വെറും ചടങ്ങുകൾ മാത്രമാണെന്ന് ലോകം തിരിച്ചറിഞ്ഞു. എല്ലാം കണ്ട് ദൈവം ഇപ്പോൾ ചിരിക്കുന്നുണ്ടാവും. പ്രാണനുവേണ്ടി കേഴുന്ന മനുഷ്യന് പകയും വിദ്വേഷവും വെറുപ്പും വിഭാഗീയതകളും വിഘടിച്ചു നിൽക്കലുമല്ല വേണ്ടത്. അതിജീവനത്തിനായി അദൃശ്യനായ അണുവിനെതിരെ പൊരുതിയും മറ്റു മനുഷ്യരെ കരുതിയും ഒരുമിച്ച് ഒറ്റക്കെട്ടായി ഒരേ മനസോടെ ഒന്നായിമാറി മാനവികതയുടെ മഹാചിന്ത ഉയർത്തിപ്പിടിച്ച് ഐക്യത്തോടെ മുന്നേറുകയാണ് വേണ്ടത് എന്ന ചിന്ത രൂഢമൂലമായി. ഭാഷ പോലും പലപ്പോഴും അപ്രസക്തമായി. കനിവും കാരുണ്യവും സഹജീവി സ്നേഹവും പുതിയൊരു വിശ്വഭാഷയായി മാറി.
കേരളം എന്ന ഒരു കൊച്ചു സംസ്ഥാനം മനുഷ്യരാശി നേരിടുന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ലോകത്തിന്റെ തന്റെ അത്ഭുതമായി മാറുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പോലീസ് സേനയുടെയുമെല്ലാം സ്വജീവൻപോലും അവഗണിച്ച് ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടിയ ഏറെ ജാഗ്രതയുള്ള പ്രവർത്തനങ്ങൾ എത്ര പ്രശംസിച്ചാലും അധികമാവില്ല. മരുന്നും വാക്സിനും കണ്ടെത്താൻ വിശ്രമമില്ലാതെ ശാസ്ത്രജ്ഞൻമാർ നടത്തുന്ന തീവ്രശ്രമങ്ങൾ വാക്കുകൾക്കതീതമാണ്.
എന്തിനോവേണ്ടി തിരക്കിട്ട് പരക്കം പാഞ്ഞിരുന്ന മനുഷ്യർ എല്ലാ തിരക്കുകളിൽ നിന്നും വിട്ടകന്ന് ഒരിടത്ത് ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ടവരായി. വൻ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ആളിക്കത്തിയിരുന്ന തീജ്വാലകൾ കെട്ടടങ്ങി. ആൾക്കൂട്ടങ്ങളും ആക്രോശങ്ങളും ആരവങ്ങളുമെല്ലാം അണഞ്ഞുപോയി. വമ്പും വീമ്പും വീറും വാശിയുമൊക്കെ ഉപേക്ഷിച്ച് പ്രാണൻ രക്ഷിച്ചെടുക്കാനുള്ള പ്രയാണത്തിലായി ഏവരും. എല്ലാം കീഴടക്കുകയും അജയ്യനെന്ന് അവകാശപ്പെട്ട് അഹംഭാവവും അഹങ്കാരവുമൊക്കെയായി സർവതിന്മകളും അനീതികളും അധർമ്മങ്ങളും ചെയ്യാൻ ഒരു മടിയുമില്ലാത്തവരായി മാറിയ മനുഷ്യർ. തങ്ങൾ എന്തൊക്കെയോ ആണെന്ന് സ്വയം വിശ്വസിച്ചും ഭാവിച്ചും നടന്ന ആ മനുഷ്യരുടെ അഹന്തയ്ക്കേറ്റ ശക്തമായ തിരിച്ചടി കൂടിയായി ഈ മഹാമാരി. മനുഷ്യൻ എത്ര നിസാരനാണ്; കേവലം ഒരു ചെറുവൈറസിനു മുന്നിൽ പോലും പിടിച്ചു നിൽക്കാൻ കെൽപ്പില്ലാത്തത്ര നിസാരൻ. സർവജ്ഞാനിയായ സർവവ്യാപിയായ സർവശക്തനായ ദൈവത്തിന്റെ മഹാമഹത്വമാണ് ഇതിലെല്ലാം തെളിയുന്നത്.
ഈ മഹാഭീഷണി ഇനിയും എത്രനാൾ തുടരുമെന്നോ രോഗവ്യാപനത്തിന്റെ വ്യാപ്തി എങ്ങനെയാകുമെന്നോ, മരണനിരക്ക് എത്രത്തോളമുയരുമെന്നോ ഭാവിയിലുണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്തായിരിക്കുമെന്നോ പ്രത്യാഘാതങ്ങൾ ഏതു തരത്തിലാകുമെന്നോ ഒന്നും ആർക്കുമറിയില്ല. കൊവിഡിനുമുമ്പുണ്ടായിരുന്ന സാമൂഹിക സാഹചര്യങ്ങളിലേയ്ക്കും പരിധികളില്ലാത്ത സ്വാതന്ത്ര്യത്തിലേയ്ക്കും സ്വസ്ഥതയിലേയ്ക്കും സമാധാനത്തിലേയ്ക്കും സൗഹൃദങ്ങളിലേയ്ക്കും കൂട്ടായ്മകളിലേയ്ക്കുമൊക്കെ പരിമിതികളെല്ലാം ലംഘിച്ചുകൊണ്ട് ഒരു ഭയവും കൂടാതെ ഉത്ക്കണ്ഠകളൊന്നുമില്ലാതെ മനുഷ്യർക്ക് എപ്പോൾ എത്തിച്ചേരാനാകുമെന്ന് ദൈവത്തിനേ അറിയൂ. ലോകം ഇനി 'കൊവിഡിനു മുമ്പും കൊവിഡിനു ശേഷവും" എന്ന് ചരിത്രത്തിൽ അടയാളപ്പെടും. കാലത്തിന്റെ അനുസ്യൂതമായ പ്രവാഹത്തിൽ ഈ ദുരിതദിനങ്ങൾ ഒഴുകിപ്പോകും, പുതിയ പ്രഭാതം ഉദിക്കും, നന്മമരങ്ങൾ ഒരുപാട് തഴച്ചുവളരും, സ്നേഹവും കാരുണ്യവും പൂത്തുലയും, നിറയെ നന്മകൾ വിളയും, എല്ലാം പഴയതിലും മനോഹരവും നിർമ്മലവുമാകും; അങ്ങനെ പ്രത്യാശിക്കാം.
(പ്രേംകുമാറിന്റെ ഫോൺ: 9447499449)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |