തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രിസ്ഥാനത്ത് തുടരാൻ എന്തർഹതയാണുള്ളതെന്ന് വി. മുരളീധരൻ സ്വയം ചിന്തിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നയതന്ത്ര ബാഗേജിലല്ല സ്വർണ്ണം കടത്തിയതെന്ന അദ്ദേഹത്തിന്റെ ആവർത്തനം കേന്ദ്ര ധനമന്ത്രാലയം പാർലമെന്റിൽ തള്ളിപ്പറഞ്ഞു. അന്വേഷണ ഏജൻസികളും അതുതന്നെ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ എൻ.ഐ.എ കോടതിവിധിയിൽ ഏഴിടത്താണ് ഇക്കാര്യം പറഞ്ഞത്.
സ്വന്തം സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നത് മറച്ചുവയ്ക്കാനാണിപ്പോൾ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് മുരളീധരൻ ആവശ്യപ്പെടുന്നത്. സ്വർണ്ണക്കടത്ത് കേസിൽ യു.എ.ഇ അറ്റാഷെയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല, സ്വർണ്ണക്കടത്തിൽ പിടിയിലായെന്ന് പറയുന്ന പ്രധാന പ്രതിയെ എന്തുകൊണ്ട് ഇന്ത്യയിലെത്തിക്കുന്നില്ല എന്നീ ചോദ്യങ്ങൾക്കൊന്നും വിദേശകാര്യവകുപ്പിന്റെ ചുമതലയുള്ള അദ്ദേഹം മറുപടി പറയുന്നില്ല. പ്രോട്ടോകോൾ ലംഘിച്ച് മഹിളാമോർച്ച നേതാവിനെ വിദേശത്ത് ഔദ്യോഗികസമ്മേളനത്തിൽ പങ്കെടുപ്പിച്ചതും വിവാദമായി. അതിലെ ജാള്യത മറയ്ക്കാനാണ് ഇത്തരം പ്രചാരണങ്ങൾ.
കോൺസുലേറ്റ് ജനറൽ മുഖ്യമന്ത്രിയെ കാണുന്നതിൽ ഒരു പ്രശ്നവുമില്ല. അദ്ദേഹത്തിനൊപ്പം സെക്രട്ടറിയെന്ന നിലയിൽ സ്വപ്നയും വന്നിട്ടുണ്ടാകും. മുഖ്യമന്ത്രി സ്വർണ്ണം ഏറ്റുവാങ്ങാൻ പോയിട്ടില്ല. കോൺസുലേറ്റ് ജനറൽ കണ്ടവരെയെല്ലാം പ്രതിയാക്കണമെങ്കിൽ രമേശ് ചെന്നിത്തലയെയും പ്രതിയാക്കേണ്ടേ?.
ജാതിയും മതവും നോക്കുന്നത് യു.ഡി.എഫ്
ശ്രീനാരായണഗുരു സർവകലാശാലയുടെ വൈസ്ചാൻസലറെ നിയമിച്ചത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് കോടിയേരി പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്താണ് ജാതിയും മതവും നോക്കി ആളുകളെ നിശ്ചയിച്ചിരുന്നത്.
ആദ്യമായാണ് സംസ്ഥാനസർക്കാർ തലസ്ഥാനത്ത് ശ്രീനാരായണഗുരുദേവന്റെ പ്രതിമ സ്ഥാപിക്കുന്നത്. ചട്ടമ്പിസ്വാമികളുടെ പ്രതിമയും വരാൻ പോകുന്നു. ഇതെല്ലാം കണ്ണുതുറന്ന് കാണണം. വസ്തുതകളെ ശരിയായി വിലയിരുത്തുന്ന ഏത് ശ്രീനാരായണീയനും സംസ്ഥാന സർക്കാരിന് അനുകൂലമായേ ചിന്തിക്കൂ. വി.സി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി നടത്തിയ പ്രതികരണം അസംബന്ധമാണ്. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്നുപറഞ്ഞ ഗുരുവിന്റെ ആശയം പ്രചരിപ്പിക്കേണ്ടവർ തന്നെ ജാതി പറയുന്നത് ശരിയോയെന്ന് ചിന്തിക്കണം- കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |