സാമ്പത്തിക നോബൽ
ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാരത്തിന് അമേരിക്കയിലെ പോൾ ആർ.മിൽഗ്രോമും റോബർട്ട് ബി.വിൽസണും അർഹരായി. ലേല സിദ്ധാന്തത്തിൽ പരിഷ്‌കരണം കൊണ്ടുവന്നതും പുതിയ ലേലഘടനകൾ കണ്ടെത്തിയതുമാണ് ഇവരെ പുരസ്‌കാരത്തിന് അർഹരാക്കിയത്. ലേല നടപടികളിലെ പുതിയ രീതികൾ ലോകമെങ്ങും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും നികുതിദായകർക്കും പ്രയോജനപ്രദമായതായി പുരസ്കാര സമിതി വിലയിരുത്തി. പുരസ്കാര ജേതാക്കൾ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസർമാരാണ്. സ്വർണമെഡലിനൊപ്പം 1.1 ദശലക്ഷം യു.എസ് ഡോളറാണ് പുരസ്കാരത്തുക.
നോർവെയിലെ ഓസ്‌ലോയിൽ ഡിസംബർ 10ന് ആൽഫ്രെഡ് നോബലിന്റെ ചരമ വാർഷിക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 2019ലെ പുരസ്കാരം ഇന്ത്യൻ – അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് മുഖർജി, ഭാര്യ എസ്തേർ ഡുഫ്‌ലോ, മൈക്കൽ ക്രെമെർ എന്നിവർക്കായിരുന്നു.
ട്രംപിന് ട്വിറ്ററിന്റെ പൂട്ട്
കൊവിഡിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കും വിധം ട്വീറ്റിട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റിന് വീണ്ടും വിലക്കേർപ്പെടുത്തി ട്വിറ്റർ. കൊവിഡ് മാറി തനിക്ക് പ്രതിരോധ ശേഷി ലഭിച്ചുവെന്ന പ്രസിഡന്റിന്റെ ട്വീറ്റിനെതിരെയാണ് നടപടി. തെറ്റായ വിവരങ്ങൾ നൽകി സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിന്റെ നിയമങ്ങൾ ലംഘിച്ചുവെന്നും ട്വിറ്റർ ചൂണ്ടിക്കാട്ടി. 'വൈറ്റ് ഹൗസ് ഡോക്ടർമാരോട് പൂർണമായും വിട പറഞ്ഞു. ആ രോഗം എന്നെ ഇനി ബാധിക്കില്ല. വളരെ സന്തോഷം' എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. സ്വന്തം ആരോഗ്യത്തെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്നതാണ് ട്രംപിന്റെ ട്വീറ്റെന്നും അത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കാൻ കഴിയില്ലെന്നും ട്വിറ്റർ വക്താവ് പറയുന്നു. ഒക്ടോബർ രണ്ടിനാണ് ട്രംപിന് കൊവിഡ് ബാധിച്ചത്.
താമസാവകാശം ഭർത്താവിനൊപ്പം
താമസിക്കുന്ന ബന്ധുവീട്ടിലും
ഭാര്യ ജീവിതം പങ്കിടുന്ന വീട് എന്നതിൽ ഭർത്താവിന്റെ ബന്ധുവീടുൾപ്പെടെയുള്ളവ വരുമെന്ന് സുപ്രീം കോടതി പറഞ്ഞു. 2007ലെ സുപ്രീം കോടതി ഉത്തരവിൽ പറയുന്നതു പ്രകാരമുള്ള, ഭർത്താവിന്റെ സ്വന്തം വീടോ ഭർത്താവു വാടകയ്ക്കെടുത്തതോ ഭർത്താവു കൂടി ഉൾപ്പെട്ട കൂട്ടുകുടുംബമോ മാത്രമല്ല ഭാര്യയ്ക്ക് താമസാവകാശമുള്ള ഇടങ്ങളെന്നു ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു.
ഗാർഹിക പീഡനം തടയാനുള്ള (2005) നിയമത്തിലെ 2 (എസ്) വകുപ്പ് വ്യാഖ്യാനിച്ചാണ് 3 അംഗ ബെഞ്ചിന്റെ വിധി. ഈ വകുപ്പിന് 2007ൽ എസ്.ആർ.ബത്ര കേസിൽ രണ്ടംഗ ബെഞ്ച് നൽകിയ നിർവചനം ശരിയല്ലെന്നും കോടതി വ്യക്തമാക്കി.എന്നാൽ, എവിടെയെല്ലാം ഭാര്യ ഭർത്താവുമായി ഒരുമിച്ചു താമസിച്ചിട്ടുണ്ടോ അതിനെയെല്ലാം ജീവിതം പങ്കിടുന്ന സ്ഥലമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. നിയമപ്രകാരം പരാതി നൽകുമ്പോൾ താമസിക്കുന്ന വീട്, അതിനു തൊട്ടുമുൻപ് എവിടെനിന്നു പുറത്താക്കപ്പെട്ടുവോ ആ വീട് തുടങ്ങിയവയാണ് പരിഗണിക്കേണ്ടതെന്ന് ജഡ്ജിമാരായ ആർ.സുഭാഷ് റെഡ്ഡി, എം.ആർ.ഷാ എന്നിവരുമുൾപ്പെട്ട ബെഞ്ച് വിധിന്യായത്തിൽ പറഞ്ഞു.
ചൈന കൊവിഡ് വാക്സിൻ
ഉപയോഗം തുടങ്ങി
ചൈനയിൽ പരീക്ഷണഘട്ടത്തിലുള്ള കൊവിഡ് വാക്സിൻ അപകടസാദ്ധ്യതയുള്ളവർക്ക് നൽകാൻ തീരുമാനം. ജെജാംഗ് പ്രവിശ്യയിലെ ജ്യാസിങ് നഗരത്തിലാണ് സിനോവാക് ബയോടെക് കമ്പനിയുടെ കോറോണവാക് എന്ന വാക്സിൻ ലഭ്യമാക്കിയത്. 4398 രൂപയാണ് ഒരു ഡോസിന് വില.18മുതൽ 59 വയസുവരെയുള്ളവർക്ക് വാക്‌സിന്റെ രണ്ടുഡോസ് 400 യുവാൻ (4402 രൂപ) നിരക്കിൽ നൽകുമെന്ന് ജ്യാസിംഗ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനെ ഉദ്ധരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ, വാക്സിൻ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ തുടങ്ങിയിട്ടില്ലെന്നും അടിയന്തര ഉപയോഗങ്ങൾക്കു മാത്രമാണെന്നും അധികൃതർ അറിയിച്ചു.
വാക്‌സിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ ബ്രസീൽ, ഇൻഡൊനേഷ്യ, തുർക്കി എന്നീ രാജ്യങ്ങളിൽ നടന്നുവരികയാണ്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ നവംബർ ആദ്യത്തോടെ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |