തിരുവനന്തപുരം: കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ സി.പി.എം - സി.പി.ഐ ചർച്ച എ.കെ.ജി സെന്ററിൽ നടന്നു. ജോസ് വിഭാഗത്തെ മുന്നണിയുടെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയും സർക്കാരുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചർച്ച ചെയ്‌തു.
ജോസിന്റെ മുന്നണിപ്രവേശനം ഘടകകക്ഷിയെന്ന നിലയിൽ തന്നെയാണ് സി.പി.എം ആഗ്രഹിക്കുന്നത്. സി.പി.ഐക്കും വിയോജിപ്പുണ്ടാകില്ലെന്നാണ് പ്രതീക്ഷ. ജോസിനെ എതിർക്കേണ്ടതില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയിരുന്നു. 21ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിന് ശേഷം കൃത്യമായ നിലപാട് അറിയിക്കാമെന്ന് കാനം പറഞ്ഞതായാണ് സൂചന.
മുന്നണിയിൽ കക്ഷികൾ കൂടുന്നതിനാൽ സീറ്റുകളിലടക്കം ഘടകകക്ഷികൾ വിട്ടുവീഴ്ച ചെയ്യണമെന്ന് സി.പി.ഐയെ സി.പി.എം ധരിപ്പിച്ചു. മറ്റ് കക്ഷികളോടും ഇക്കാര്യം പറയും. 22ന് എൽ.ഡി.എഫ് യോഗം ചേരാനാണ് ധാരണ. ആലപ്പുഴയിലായിരുന്ന കാനം രാജേന്ദ്രൻ വൈകിട്ടോടെ തലസ്ഥാനത്തെത്തി അഞ്ച് മണിയോടെയാണ് എ.കെ.ജി സെന്ററിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |