വിനോദ സഞ്ചാരികളുടെ പറുദീസയാണ് ബാലി. ബാലിയിലെ ട്രൂണിയൻ എന്ന മലമുകളിലെ ഒരു ഗ്രാമത്തിൽ ഞെട്ടിക്കുന്ന ഒരു ആചാരമുണ്ട്. അവിടെ ആരെങ്കിലും മരിച്ചാൽ മറവു ചെയ്യില്ല.പിന്നെയോ, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളൊക്കെ ധരിപ്പിച്ച്, തരുമന്യൻ എന്ന വിശുദ്ധമരത്തിന്റെ ചുവട്ടിൽ, മുളകൊണ്ടുണ്ടാക്കിയ ഒരു കൂട്ടിൽ കിടത്തും. മറ്റു മൃഗങ്ങളോ ജീവികളോ ഭക്ഷിക്കുന്നത് ഒഴിവാക്കാനാണ് മുളകൊണ്ട് ഉണ്ടാക്കിയ കൂട്ടിൽ കിടത്തുന്നത്. മുളങ്കൂടുകൾക്ക് വെളിയിൽ അകത്ത് വച്ചിരിക്കുന്ന മൃതദേഹത്തിന്റെ നല്ലൊരു ചിത്രം ഫ്രെയിം ചെയ്ത് അടയാളത്തിനായി വച്ചിട്ടുണ്ടാകും.അവിടെ കിടന്ന് ശരീരം വെയിലേറ്റ് അഴുകി അസ്ഥികൂടമാകും. നല്ല സുഗന്ധം പുറപ്പെടുവിക്കുന്നവയാണ് തരുമന്യൻ വൃക്ഷം. മൃതദേഹങ്ങൾ അഴുകുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധത്തെ ഈ മരത്തിന്റെ സുഗന്ധം ഇല്ലാതാക്കുമെന്നാണ് ഗ്രാമീണർ പറയുന്നത്. അഴുകി ഇല്ലാതായ ശരീരത്തിൽ നിന്ന് അസ്ഥികൂടം എടുത്ത് തലയോട്ടി മണ്ഡപം എന്ന് വിശേഷിപ്പിക്കാവുന്ന, ഒരു കല്ലുകൊണ്ട് പടുത്തുയർത്തിയ സ്ഥലത്ത് എത്തിക്കും. എന്നിട്ട് അസ്ഥികൂടത്തിൽ നിന്ന് തല മാത്രം മാറ്റിയെടുത്ത് അവിടെ പ്രതിഷ്ഠിക്കും. ഈ ഗ്രാമത്തിലെ പരമ്പരാഗതമായ ഒരാചാരമാണിത്. മരത്തിന്റെ താഴെ അഴുകി തീരാനായി മുളങ്കൂട്ടിൽ വച്ചിരിക്കുന്ന ഒരുപാട് മൃതദേഹങ്ങൾ കാണാം. കല്യാണം കഴിഞ്ഞവരുടെ മൃതദേഹങ്ങളാണ് ഈ മരത്തിനു താഴെ ഇത്തരത്തിൽ അഴുകാൻ കിടത്തുക. മൃതദേഹങ്ങളെ അനുഗമിച്ചു കൊണ്ട് ശ്മശാനത്തിലേക്ക് പ്രവേശിക്കാൻ പുരുഷന്മാർക്ക് മാത്രമേ അവകാശമുളൂ. സ്ത്രീകൾ മൃതദേഹങ്ങൾക്കൊപ്പം ശവപ്പറമ്പിൽ പ്രവേശിച്ചാൽ ഭൂകമ്പമോ അഗ്‌നിപർവത സ്‌ഫോടനമോ സംഭവിക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. എതായാലും ഈ ആചാരം ഇപ്പോൾ ടൂറിസമായി വികസിപ്പിച്ചിരിക്കുകയാണ് പ്രദേശവാസികൾ. ‘ഡാർക്ക് ടൂറിസം’ എന്നാണ് അവർ ഇതിനെ വിശേഷിപ്പിക്കുന്നത്. സന്ദർശകർ മരച്ചുവട്ടിലെ തലയോട്ടികൾക്കരികിൽ വച്ചിരിക്കുന്ന താലത്തിൽ കാണിക്കയായി പണം നിക്ഷേപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |