കീഴാള ജനതയെ അക്ഷരങ്ങളുടെ കൂട്ടുകാരും അറിവിന്റെ ഉടമകളുമാക്കാൻ പുരുഷായുസ് മുഴുവൻ പോരാടിയ മഹാത്മാ കാവാരികുളം കണ്ടൻകുമാരന്റെ 157-മത് ജയന്തിയാണ് നാളെ ( ഒക്ടോബർ 25).
തലമുറകളായി തമ്പ്രാന്റെ കുടികിടപ്പുകാരും ആശ്രിതരുമായിരുന്നു കുമാരന്റെ കുടുംബം. കൃഷിപ്പണിയും ഈറ്റപ്പണിയുമായിരുന്നു മാതാപിതാക്കളുടെ ജോലി. മാതാപിതാക്കൾ വയലിൽ പണിക്കിറങ്ങുമ്പോൾ കരയിൽ ഇളയ കുട്ടികൾക്ക് കാവലിരിക്കുകയാണ് മൂത്തകുട്ടികൾക്കുള്ള ജോലി. കുമാരന്റെ ബാല്യവും മാറ്റമില്ലാത്തതായിരുന്നു.
അക്ഷരം പഠിക്കണമെന്ന മോഹം മാതാപിതാക്കളെ അറിയിച്ച കുമാരന്റെ വായ് പൊത്തിപ്പിടിച്ചു കൊണ്ട് അവർ തങ്ങളുടെ നിസഹായത വെളിപ്പെടുത്തി. തമ്പുരാന്റെ മണ്ണിൽ വേല ചെയ്യുക, അറ നിറയ്ക്കുക എന്നതിനപ്പുറം ഒന്നുമേ ആഗ്രഹിച്ചു കൂടാ. അടിയാൻമാർക്ക് പറഞ്ഞിട്ടുള്ളത് എല്ലുമുറിയെ പണിയെടുക്കാനാണ്. പല്ലു മുറിയെ തിന്നാൻ ആഗ്രഹിച്ചു കൂടാ. പക്ഷേ ആ കുഞ്ഞ് മനസ് ആത്മനൊമ്പരത്തിന്റെ കനൽ ഏറ്റുവാങ്ങുകയായിരുന്നു. കുമാരൻ വളരുംതോറും ഉള്ളിലെ കനൽ നീറിപ്പുകഞ്ഞു കൊണ്ടേയിരുന്നു.
1865-ൽ ദിവാൻ ടി. മാധവറാവുവിന്റെ വിളംബരം വന്നു. തിരുവിതാംകൂറിൽ സർക്കാർ ജോലിക്ക് വിദ്യാഭ്യാസം ബാധകമാക്കിയുള്ളതായിരുന്നു അത്. ഇത് എല്ലാ ജനവിഭാഗങ്ങൾക്കിടയിലും ഇത് ചലനങ്ങൾ സൃഷ്ടിച്ചു.. പുലയർ, പറയർ, കുറവർ, അയ്യനവർ തുടങ്ങിയ ജാതികളിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് കൂട്ടത്തോടെ ഒഴുക്കായിരുന്നു. അതോടെ പഠനത്തോടൊപ്പം വിലക്കുകളില്ലാതെ ആരാധനയ്ക്കും അവസരം ലഭിച്ചു. 1888-ൽ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് നടത്തിയ ഐതിഹാസികമായ ശിവ പ്രതിഷ്ഠ മലയാളക്കരയെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചു. പഠനമില്ലെങ്കിൽ പാടത്തേക്കില്ലെന്ന് പ്രഖ്യാപിച്ച് അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് സമരം അയിത്തജാതി ജനതയിൽ അതിരുകൾ ഭേദിച്ച പ്രചോദനമായിരുന്നു.
കുമാരൻ തന്റെ സമപ്രായക്കാരെയും സമാന ചിന്താഗതിക്കാരെയും ചേർത്തുകൊണ്ട് 1911 ആഗസ്റ്റ് 29 ന് ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം രൂപീകരിച്ചു. സംഘടന തിരുവിതാംകൂറിന്റെ വിവിധ ദേശങ്ങളിൽ അതിശീഘ്രം വളർന്നു.
1863 ഒക്ടോബർ 25 ന് കൊല്ലം ജില്ലയിലെ തിരുവല്ലാ താലൂക്കിൽ (ഇന്നത്തെ പത്തനംതിട്ടയിലെ മല്ലപ്പള്ളി താലൂക്ക്) പെരുമ്പെട്ടി ഗ്രാമത്തിൽ കാവാരികുളം എന്ന പറയഗൃഹത്തിൽ കണ്ടന്റെയും മാണിയുടെയും മകനായി ജനിച്ച കണ്ടൻകുമാരൻ തിരുവിതാംകൂറിന്റെ നവോത്ഥാന പോരാട്ട ചരിത്രത്തിലെ സൂര്യതേജസായി ജ്വലിച്ചുയരുകയായിരുന്നു.
സംഘം 'ദാനപ്പതിവ് ' ലൂടെ സർക്കാർ ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു. പുറമ്പോക്ക് ഭൂമി, പുതുവൽ ഭൂമി എന്നിവ വൻതോതിൽ പതിച്ചു കിട്ടുന്നതിനായി, ലഭിക്കേണ്ട ഭൂമിയുടെ സർവ്വേ നമ്പർ, എലുക, വിസ്തീർണ്ണം എന്നിവ കൃത്യമായി കണ്ടെത്തി സർക്കാരിൽ അപേക്ഷ നല്കി തന്റെ ആളുകൾക്ക് പതിച്ചു വാങ്ങുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു കണ്ടൻ കുമാരൻ. 1915-ൽ അദ്ദേഹം ശ്രീ മൂലം പ്രജാസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. അധ:സ്ഥിത ജനതയിൽ അയ്യൻകാളി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം (14 വർഷം) സാമാജികനായിരുന്നത് കണ്ടൻകുമാരനാണ്.
ഒരർത്ഥത്തിൽ സഭാവേദിയെ സമരവേദിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു..1926 മാർച്ചിലെ സഭാ സമ്മേളനത്തിൻ പ്രസംഗിക്കവെ ദിവാൻ എം.ഇ. വാട്ട്‌സ് ചോദിച്ചത് ഇങ്ങനെ... മിസ്റ്റർ കണ്ടൻകുമാരൻ, തിരുവിതാംകൂർ സംസ്ഥാനത്ത് സർക്കാർ ഭൂമിയും അവയുടെ സർവേ നമ്പരും താങ്കൾ കണ്ടുപിടിക്കാത്തതായി ഇനിയും അവശേഷിക്കുന്നുണ്ടോ? എന്നാണ്.
വിദ്യാഭ്യാസപരമായി ഏറ്റവും പിന്നിലായിരുന്ന 1911-ലെ ജാതി സെൻസസിൽ രേഖപ്പെടുത്തപ്പെട്ട തന്റെ സമുദായത്തെ അത്യദ്ധ്വാനത്തിലൂടെ സാക്ഷരതയിൽ സംസ്ഥാനത്തെ നാലാം സ്ഥാനത്തേക്ക് ഉയർത്തി.
കീഴാള ജനതയുടെ വിമോചനം ഭൂമിയുടെ ഉടമസ്ഥാവകാശത്തിലൂടെയും മെച്ചപ്പെട്ട വിദ്യാഭ്യാസം ആർജിക്കുന്നതിലൂടെയും മാത്രമേ സാദ്ധ്യമാകൂ എന്ന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ തിരിച്ചറിയുകയും അതിനായി കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്ത മഹാനായ പോരാളിയായിരുന്ന മഹാത്മാ കാവാരികുളം കണ്ടൻകുമാരൻ 1934 ഒക്ടോബർ 16 ന് ദിവംഗതനായി.
(സാംബവ മഹാസഭ ജനറൽ സെക്രട്ടറിയാണ് ലേഖകൻ
ഫോൺ: 9497336510)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |