തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുളള പിഴ കുറച്ച സംസ്ഥാനത്തിന്റെ നടപടി പുനപരിശോധിക്കണമെന്ന കർശന നിർദ്ദേശവുമായി സുപ്രീംകോടതി നിയോഗിച്ച സമിതി. സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാൻ റോഡ് സേഫ്ടി അതോറിറ്റി രൂപീകരിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്ന വിമർശനവും സമിതി ഉന്നയിച്ചു.
കഴിഞ്ഞവർഷം സെപ്തംബറിലാണ് ഗതാഗത നിയമലംഘനങ്ങൾക്കുളള പിഴ കേന്ദ്രം ഉയർത്തിയത്. മോട്ടോർ വാഹന ഭേദഗതി അനുസരിച്ചായിരുന്നു ഇത്. കനത്ത പിഴചുമത്തുന്നതിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെ സംസ്ഥാനം പിഴ കുറയ്ക്കുകയായിരുന്നു. പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് വയ്ക്കാത്തതിന് 1000 രൂപയായിരുന്ന പിഴ. എന്നാൽ പ്രതിഷേധം ഉയർന്നതോടെ സംസ്ഥാനം അത് 500 ആയി കുറച്ചു. ഇതിനൊപ്പം മറ്റ് നിയമലംഘനങ്ങൾക്കുളള പിഴയിലും കുറവുവരുത്തി. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചെങ്കിലും കേരളം വഴങ്ങിയില്ല.
സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷാസമിതിയുടെ യാേഗത്തിൽ ലോക്ക്ഡൗൺ കാലം മാറ്റിനിറുത്തിയാൽ കേരളത്തിൽ അപകടങ്ങൾക്ക് കുറവുണ്ടായിട്ടില്ലെന്ന വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമലംഘനങ്ങൾക്കുളള ശിക്ഷ കർശനമായി നടപ്പാക്കാൻ സമിതി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹെൽമെറ്റ് ഇല്ലാതെ യാത്രചെയ്യുന്നവരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡുചെയ്യാൻ നിർദ്ദേം നൽകിയത്. ഏതൊക്കെ നിയമലംഘനങ്ങളുടെ പിഴയാണ് കുറച്ചതെന്നതടക്കമുളള വിശദ റിപ്പോർട്ട് 15 ദിവസത്തിനുളളിൽ നൽകാനും സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |