തിരുവനന്തപുരം: ടൂറിസ്റ്റുകളെ ആകർഷിക്കാൻ സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിൽ മിയാവാക്കി വനങ്ങളുണ്ടാക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചു. മൊത്തം രണ്ടേക്കർ ഭൂമിയിലാണ് മിയാവാക്കി സൃഷ്ടിക്കുക. വയനാടും ഇടുക്കിയുമൊഴികെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കും. ആകെ മുപ്പതിനായിരത്തോളം വൃക്ഷങ്ങളാണ് ഇതിനായി വച്ചുപിടിപ്പിക്കുക. കൊവിഡാനന്തര കാലത്ത് ആരോഗ്യപരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ സഞ്ചാരികൾക്കുണ്ടാവുന്ന താത്പര്യംകൂടി കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ സ്വാഭാവികമായി വളരുന്ന ഔഷധച്ചെടികളും ഫലവൃക്ഷങ്ങളും പൂമരങ്ങളും അന്യം നിന്നു കൊണ്ടിരിക്കുന്ന സസ്യങ്ങളുമാണ് നട്ടുപിടിപ്പിക്കുന്നത്. 2019 ൽ തിരുവനന്തപുരം കനകക്കുന്നിലെ 5 സെന്റിൽ മിയാവാക്കി വനം ഒരുക്കിയിരുന്നു. കാലാവസ്ഥാവ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണു വിലയിരുത്തൽ.
മിയാവാക്കി വനം
ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിരാമിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണിത്.
വളരെപ്പെട്ടെന്ന് ചെടികൾ വളർച്ച കൈവരിക്കുമെന്നതാണ് മിയാവാക്കി വനങ്ങളുടെ പ്രത്യേകത.സസ്യങ്ങൾ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം. നൂറു വർഷം കൊണ്ട് ഒരു സ്വാഭാവിക വനം നേടുന്ന വളർച്ച 30 വർഷം കൊണ്ട് ഒരു മിയാവാക്കി വനം കൈവരിക്കും.
ആഗോള തലത്തിൽ മിയാവാക്കി വനങ്ങൾ പ്രതിവർഷം ഒരു മീറ്റർ ഉയരത്തിൽ വളരുമ്പോൾ കേരളത്തിൽ മൂന്നര മീറ്ററിൽ കുറയാത്ത വളർച്ച കാണുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |