മലബാറിൽ ഉദയം ചെയ്ത കേരളത്തിന്റെ നവോത്ഥാന ശില്പികളിൽ അഗ്രിമസ്ഥാനീയനായ വാഗ്ഭടാനന്ദ ഗുരുദേവന്റെ 81- ാം സമാധി ദിനമാണിന്ന്. ജാതീയമായ അനാചാരങ്ങളെ മാത്രമല്ല ദൈവവിശ്വാസത്തിന്റെയും മതത്തിന്റെയും പേരിൽ അനുഷ്ഠിച്ചുപോന്ന ദുരാചാരങ്ങളെയും ഈ ആത്മീയാചാര്യൻ എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്തു. അജ്ഞാന തിമിരത്തിൽ മുഴുകിക്കിടന്ന ഒരു ജനതയ്ക്ക് യഥാർത്ഥ ആത്മീയതയെന്തെന്ന അമൃതവാണിയുമായി മലയാളക്കര മുഴുവൻ അദ്ദേഹം അക്ഷീണനായി സഞ്ചരിച്ചു. പ്രഭാഷണകലയെ ആത്മീയ സാമൂഹ്യ പരിവർത്തനത്തിന്റെ വജ്രായുധമാക്കി.
വിജ്ഞാനതൃഷ്ണ കൊണ്ടും ധിഷണ കൊണ്ടും വ്യത്യസ്തനായിരുന്ന പുത്രനെ പുരോഗമനാശയക്കാരനും സംസ്കൃത പണ്ഡിതനുമായ പിതാവ് കോരൻ ഗുരുക്കൾ പാട്യത്തുള്ള പാഠശാലയിൽ പതിമൂന്നു വയസിൽ തന്നെ അദ്ധ്യാപകനാക്കി. പിന്നീട് കോഴിക്കോടെത്തിയ അദ്ദേഹം 1906 ൽ 'തത്വപ്രകാശിക" എന്ന പേരിൽ ഒരു വിദ്യാലയം ആരംഭിച്ചു. ജാതിമത വിവേചനമില്ലാതെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു. അയ്യത്താൻ ഗോപാലന്റെയും നിർമലാനന്ദ ശിവയോഗിയുടെയും ബ്രഹ്മസമാജ പ്രവർത്തനങ്ങളിൽ താത്പര്യപൂർവം പങ്കെടുത്തു. കോഴിക്കോട്ടും സമീപപ്രദേശങ്ങളിലും ഗുരുദേവൻ നടത്തിയ ഭഗവദ്ഗീതാ പ്രഭാഷണങ്ങൾ ശ്രോതാക്കൾക്ക് ഒരു നവാനുഭവമായി. അഗാധമായ അറിവിന്റെ അകക്കാമ്പും ഭാഷയുടെ ഗരിമയും ആവിഷ്കാരത്തിന്റെ ആർജവവും കൊണ്ട് ഗുരുദേവന്റെ പ്രഭാഷണങ്ങൾ മലബാറിൽ അദൃഷ്ടപൂർവമായ അലയൊലികൾ തീർത്തു. ആ അസാമാന്യമായ വാഗ്വിലാസം അംഗീകരിച്ചുകൊണ്ട് നിർമലാനന്ദ ശിവയോഗി വി.കെ. ഗുരുക്കൾ എന്ന കുഞ്ഞിക്കണ്ണന് ചാർത്തിക്കൊടുത്തതാണ് 'വാഗ്ഭടാനന്ദൻ" എന്ന സംജ്ഞ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന മലബാറിലെ ഫ്യൂഡൽ സംവിധാനം സാമൂഹ്യവും സാമ്പത്തികവുമായ അസമത്വങ്ങൾ പെരുപ്പിച്ചു. ചൂഷണാസ്പദമായ ആ സാമൂഹ്യക്രമം നിലനിറുത്തുന്നതിനും സവർണരായ ഭൂവുടമകളെ പ്രീണിപ്പിക്കുന്നതിനും കൊളോണിയൽ ഭരണകൂടത്തിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. നികുതി വരുമാനത്തിൽ മാത്രമായിരുന്നല്ലോ അവർക്കു ശ്രദ്ധ. ഈ അധികാര ഗർവും സാമ്പത്തിക മേൽക്കോയ്മയും ജന്മിമാരെ കൂടുതൽ നിർദ്ദയരും യാഥാസ്ഥിതികരുമാക്കി. കുടിയാന്മാരുടെയും കർഷകത്തൊഴിലാളികളുടെയും ജീവിതം അരക്ഷിതത്വത്തിൽ മുഴുകി.
മതത്തിന്റെ പേരിൽ നിലനിന്ന അത്യാചാരങ്ങളെയും അയിത്താചാരങ്ങളെയും അർത്ഥരഹിതമായ അനുഷ്ഠാനങ്ങളെയും എതിർത്ത് തോൽപ്പിച്ചെങ്കിൽ മാത്രമേ മനുഷ്യന് ഉയർച്ചയും മോചനവുമുള്ളൂ എന്ന് ഗുരുദേവൻ നേരത്തെ മനസിലാക്കി. യഥാർത്ഥ മതവും ദൈവവിശ്വാസവും ആത്മീയതയും എന്തെന്ന് അറിയാത്തതാണ് ഈ വൈകല്യങ്ങൾക്കു കാരണമെന്ന് അദ്ദേഹം മനസിലാക്കി. ജന്തുബലിയും മറ്റു നീചാചാരങ്ങളും നിലനിന്നിരുന്ന ക്ഷേത്രങ്ങളിൽ നേരിട്ട് ചെന്ന് അവയെ ഗുരുദേവൻ പ്രതിരോധിച്ചു. ആത്മവിദ്യ മാത്രമാണ് മോചനമാർഗമെന്നു ഗുരുദേവനു ബോധ്യമുണ്ടായിരുന്നു. അദ്വൈതത്തിന്റെ അടിസ്ഥാന തത്വത്തെ സമൂഹത്തിന് ഉതകും വിധം പരിപാകപ്പെടുത്തിയ പ്രായോഗിക വേദാന്തമാണ് ആത്മവിദ്യ. ബ്രഹ്മം മാത്രമാണ് സത്യം. ആത്മവിദ്യയിലൂടെ ആ സത്യം അനുഭവസിദ്ധമാകുന്നു. നമ്മിൽ തന്നെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന പരമാത്മാവിൽ മനസിനെ തിരിച്ചു വിടണം" ഗുരുദേവൻ എഴുതുന്നു. ഈ അദ്വൈത സന്ദേശത്തിലൂടെ ഒരു പുതിയ സമൂഹസൃഷ്ടി സാദ്ധ്യമാകുമെന്ന് ഗുരുദേവൻ വിശ്വസിച്ചു. ഈ ആശയങ്ങൾ പ്രാവർത്തികമാക്കാനും സാമാന്യജനങ്ങളിലേക്ക് എത്തിക്കാനുമായി 1917 ൽ വടകരയ്ക്കടുത്തു കാരയ്ക്കാട് എന്ന സ്ഥലത്തു അദ്ദേഹം ആത്മവിദ്യാസംഘം സ്ഥാപിച്ചു
'ഉണരുവിൻ! അഖിലേശനെ സ്മരിപ്പിൻ! ക്ഷണമെഴുന്നേല്പിൻ! അനീതിയോടെതിർപ്പിൻ!" എന്ന പ്രസിദ്ധമായ ഉദ്ബോധനമായിരുന്നു ആത്മവിദ്യാ സംഘത്തിന്റെ പ്രചോദന വാക്യം.
ഈ സത്യദർശനത്തിന്റെ ധവളിമയിൽ ക്ഷേത്രങ്ങളും ബിംബാരാധനയും ബന്ധപ്പെട്ട ആചാരങ്ങളും അപ്രസക്തവും ആത്മജ്ഞാനത്തിനു വിഘ്നങ്ങളുമാണെന്നു വാഗ്ഭടാനന്ദ ഗുരുദേവൻ വാദിച്ചു. 1914ൽ ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവനുമായുണ്ടായ കൂടിക്കാഴ്ചയിൽ അദ്വൈതിയായ ഗുരു ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നത് യുക്തിസഹമല്ലെന്നു വാഗ്ഭടാനന്ദൻ ചൂണ്ടിക്കാട്ടി. ഗുരു എതിർത്തില്ല. അന്നു വൈകുന്നേരം ആശ്രമത്തിൽ പ്രഭാഷണം നടത്താൻ ഗുരു ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആത്മവിദ്യയെക്കുറിച്ചു ഉജ്ജ്വലമായ പ്രഭാഷണം വാഗ്ഭടാനന്ദൻ നടത്തി. അദ്വൈതത്തിന്റെ സാരഗ്രാഹികളായ അവർക്കു തമ്മിൽ ക്ഷേത്രാരാധനയെ സംബന്ധിച്ച് അടിസ്ഥാനപരമായ അഭിപ്രായ വൈരുദ്ധ്യമുണ്ടായിരുന്നില്ല. പല്ലന വച്ച് നടന്ന മറ്റൊരു യോഗത്തിൽ വാഗ്ഭടാനന്ദ ഗുരുവിന്റെ പ്രഭാഷണം യാഥാസ്ഥിതികരെ ചൊടിപ്പിച്ചപ്പോൾ ആദ്ധ്യക്ഷം വഹിച്ചിരുന്ന മഹാകവി കുമാരനാശാൻ ഈ ആശയങ്ങൾ എത്രയും നേരത്തെ നമ്മൾ മനസിലാക്കുന്നുവോ അത്രയും നേരത്തെ ഉത്കർഷം ഉണ്ടാകുമെന്ന് പ്രസ്താവിച്ച് ആത്മവിദ്യയുടെ അധൃഷ്യത അംഗീകരിക്കുകയുണ്ടായി. അയിത്തോച്ചാടനത്തിനും പ്രീതിഭോജനത്തിനും, മദ്യവർജനത്തിനും, മിശ്രവിവാഹത്തിനും വേണ്ടി വാദിക്കാനും അവയ്ക്കു പിൻബലം കൊടുക്കാനുമായി ആത്മവിദ്യാസംഘം പ്രവർത്തകർ മുന്നിട്ടിറങ്ങി.
സംഘത്തിന് മലബാറിൽ മാത്രമല്ല തിരുവിതാംകൂറിലും ശാഖകളുണ്ടായി. ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തകർക്ക് വലിയ എതിർപ്പുകൾ നേരിടേണ്ടി വരികയും അവരെ ഒറ്റപ്പെടുത്തുകയും ജോലിക്കു വിളിക്കാതാവുകയും ചെയ്തപ്പോഴാണ് ഊരാളുങ്കൽ തൊഴിലാളി സഹകരണ സംഘവും ഐക്യനാണയ സംഘവും ഗുരുദേവൻ രൂപീകരിക്കുന്നത്.
തൊഴിലാളികൾക്കിടയിൽ അവകാശബോധവും ഐക്യബോധവും വളർത്താൻ അത് ഹേതുവായി. ഇടതുപക്ഷ ആശയങ്ങൾക്കും കർഷകത്തൊഴിലാളി ഐക്യത്തിനും മലബാറിൽ ഗുരുദേവൻ വിത്ത് പാകുകയായിരുന്നു. (ഇപ്പോഴത്തെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും, ഊരാളുങ്കൽ സഹകരണ ബാങ്കിന്റെയും ഉത്ഭവം ഈ സംഘടനകളിൽ നിന്നായിരുന്നു)
കാൽ നൂറ്റാണ്ടുകാലം വാഗ്ഭടാനന്ദൻ കേരളത്തിൽ ഒരു 'വിശ്വവിജയി" തന്നെയായിരുന്നു. വാഗ്ഭടാനന്ദൻ എന്ന പേര് കേട്ടാൽ അന്ന് കേരളത്തിലെ യാഥാസ്ഥിതികർ വിറയ്ക്കുമായിരുന്നു.
ഇച്ഛാശക്തിയും കർമ്മശേഷിയും ജ്ഞാനദീപ്തിയും കൊണ്ട് സമ്പന്നനായിരുന്ന മഹാഗുരു, ആത്മീയ നവീകരണത്തിനു സമൂഹത്തെ സജ്ജമാക്കുകയെന്നത് ജീവിതലക്ഷ്യമായി കരുതി. എന്നാൽ ഉച്ചനീചത്വങ്ങളെ ഉന്മൂലനം ചെയ്യാതെയും, അനാചാരങ്ങളെയും അനീതിയെയും ധീരമായി എതിർക്കാതെയും ഈ നവീകരണം അസാധ്യമാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. അമ്പത്തിരണ്ടു സംവത്സരം മാത്രം ജ്വലിച്ചുനിന്ന ആ ജ്ഞാന സൂര്യൻ അനേകശതം പ്രഭാഷണങ്ങളിലൂടെയും, രചനകളിലൂടെയും ധീരമായ പോരാട്ടങ്ങളിലൂടേയും ഇരുട്ടിൽ കിടന്ന അധഃസ്ഥിതസമൂഹത്തെ അറിവിന്റെ പ്രകാശത്തിലേക്കു വിളിച്ചുണർത്തുകയായിരുന്നു.
സമത്വവും സ്വാതന്ത്ര്യവും മനുഷ്യന്റെഅടിസ്ഥാന അവകാശങ്ങളാണെന്ന വാഗ്ഭടാനന്ദഗുരുവിന്റെ നിലപാട് ഒരേ സമയം സാമൂഹികവും ആത്മീയവുമായ സത്യവിളംബരമത്രെ. ആത്മീയവിപ്ലവത്തിന്റെ ആ കാഹളത്തിനു ഒരിക്കൽ കൂടി ചെവിയോർക്കാൻ സമയമായെന്ന് തോന്നുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |