ഇന്ന് ലോക പക്ഷാഘാത ദിനം
കൊവിഡ് 19 രോഗിക്കും ഡോക്ടർമാർക്കും ഒരുപോലെ വെല്ലുവിളി ഉയർത്തുന്ന വേളയിലാണ് ഈ വർഷത്തെ ലോക പക്ഷാഘാത ദിനം ഇന്ന് ആചരിക്കുന്നത്. ഇക്കുറി വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ മുന്നോട്ടു വയ്ക്കുന്ന തീം ജോയിൻ ദി മൂവ്‌മെന്റ് എന്നാണ്.
സജീവമായിരിക്കുക
Be Active അഥവാ സജീവമായിരുന്നാൽ സ്ട്രോക്ക് മാത്രമല്ല പല രോഗങ്ങളിൽ നിന്നും നമ്മൾക്ക് അകന്നു നിൽക്കാം. അതായത് കൃത്യമായ വ്യായാമവും, ആരോഗ്യകാര്യങ്ങളിൽ അച്ചടക്കവും പാലിച്ചാൽ സ്ട്രോക്ക് വരാനുള്ള സാദ്ധ്യത ഒഴിവാകും.
ആശുപത്രിയിൽ പോകണം
സ്ട്രോക്ക് രോഗികൾക്കുള്ള ചികിത്സയെയും പരിചരണത്തെയും കൊവിഡ് വല്ലാതെ ബാധിച്ചു. കൊവിഡ് ചികിത്സയ്ക്കു മുൻതൂക്കം നൽകുന്നതിനാൽ സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയവയടക്കം മറ്റു ചികിത്സകൾക്കു വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. പൊതുവേ നോക്കുമ്പോൾ മൈനർ സ്ട്രോക്ക് പിടിപെടുന്നവർ കൊവിഡിനെ പേടിച്ച് ആശുപത്രികളിൽ പോകാൻ പോലും മടിക്കുന്നു.
അമേരിക്കയിലും യൂറോപ്പിലും അടക്കം ആഗോളതലത്തിൽ നടത്തിയ പഠനങ്ങൾ പ്രകാരം പ്രധാന സ്ട്രോക്ക് ചികിത്സാകേന്ദ്രങ്ങളിലെല്ലാം തന്നെ സ്ട്രോക്ക് രോഗികളുടെ വരവ് കുറഞ്ഞിരിക്കുകയാണ്. പക്ഷാഘാതത്തിന് വിധേയരായവരുടെ പുനരധിവാസത്തിനും കൊവിഡ് തടസം സൃഷ്ടിക്കുന്നുണ്ട്. വീട്ടിൽ ചെന്ന് ഫിസിയോതെറാപ്പി ചെയ്യാൻ കൊവിഡ് കാലത്ത് പ്രയാസമാകുന്നു. കേരളത്തിൽ ശ്രീചിത്രയും, തിരുവനന്തപുരം മെഡിക്കൽ കോളേജുമടക്കം ഇന്ത്യയിലെ 13 പ്രധാന സ്ട്രോക്ക് കേന്ദ്രങ്ങളിൽ നടത്തിയ പഠനത്തിൽ സ്ട്രോക്കിന്റെ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കൊവിഡ് വന്നശേഷം ആഗോളതലത്തിൽത്തന്നെ ടെലി റീഹാബിന് വളരെയധികം പ്രാധാന്യം കൈവന്നു. ശ്രീചിത്രയിൽ ഈ സാഹചര്യത്തിൽ ടെലി-റീഹാബ് എന്ന സംവിധാനം തുടങ്ങിയിട്ടുണ്ട്. ഫോണിൽ വീഡിയോ കോളിലൂടെ സ്‌പീച്ച് തെറാപ്പി പഠിപ്പിക്കുന്നുണ്ട്.
സ്ട്രോക്ക് വന്നാൽ വീട്ടിലിരിക്കാതെ വേഗം അടുത്ത് വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിൽ ( സ്ട്രോക്ക് റെഡി ഹോസ്പിറ്റൽ)പോവുകയെന്നതാണ് ഉത്തമം.
കേന്ദ്ര സർക്കാരിന്റെ എൻ.പി.സി.ഡി .സി.എസ്.പ്രോഗ്രാമിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്തതിലൂടെ മിക്ക മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും സ്ട്രോക്ക് കെയർ യൂണിറ്റുകളായി. കേരളത്തിൽ 10 ജില്ലകളിൽ ഇത്തരം യൂണിറ്റുകളുണ്ട്. രക്തക്കുഴലുകളിൽ കട്ടപിടിക്കുന്ന രക്തം അലിയിക്കുന്നതിനുള്ള ത്രോംബോലിറ്റിക് മെഡിസിൻ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്നുണ്ട്. എന്നാൽ രക്തക്കട്ട നീക്കം ചെയ്യുന്നതിനുള്ള മെക്കാനിക്കൽ ത്രോംബോക്ടമിക്കു രണ്ടര ലക്ഷം രൂപയാണ് ഈടാക്കുന്നത്. ഇത് സൗജന്യമാക്കിയാലേ പാവപ്പെട്ട രോഗികൾക്കു പ്രയോജനം ലഭിക്കുകയുള്ളൂ. സ്ട്രോക്ക് വരുന്ന 30 ശതമാനം പേർക്കും പ്രധാന രക്തക്കുഴലുകളിലാണ് ക്ളോട്ട് ഉണ്ടാകുന്നത്. മെക്കാനിക്കൽ ത്രോംബോക്ടമിയിലൂടെ മാത്രമെ അത് ഫലപ്രദമായി നീക്കം ചെയ്യാൻ കഴിയുകയുള്ളൂ.
ഇങ്ങനെ തിരിച്ചറിയാം
പെട്ടെന്ന് ശരീരത്തിന്റെ ഒരുവശം തളർന്നുപോവുക,പെട്ടെന്ന് സംസാരശേഷി ഇല്ലാതാവുക,പെട്ടെന്ന് അസഹനീയമായ തലവേദന വരിക, പെട്ടെന്ന് ബോധമില്ലാതാവുക, പെട്ടെന്ന് കാഴ്ച കുറയുക ഇതൊക്കെ രോഗലക്ഷണമായി സംശയിക്കാം. ഇതിനായാണ് ആർക്കും വിലയിരുത്താവുന്ന ഫാസ്റ്റ് എന്ന മാർഗം. ഫെയ്സ്, ആംസ്, സ്പീച്ച് ,ടൈം എന്നിവയുടെ ആദ്യാക്ഷരമെടുത്താണ് ഫാസ്റ്റ് എന്ന് നാമകരണം ചെയ്തത്. രോഗിയോട് ചിരിക്കാൻ പറയുക മുഖം ഒരു വശത്തേക്ക് കോടിപ്പോകുന്നുണ്ടോയെന്ന് നോക്കുക ( ഫെയ്സ് ) ,രണ്ടു കൈയ്യും (ആംസ് ) പൊക്കാൻ പറയുമ്പോൾ ഒരു കൈ താണു പോവുക ,പെട്ടെന്ന് സംസാരശേഷി ( സ്പീച്ച് ) നഷ്‌ടപ്പെടുക, ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ, അല്ലെങ്കിൽ ഒരുമിച്ച് വന്നാൽ സമയം കളയാതെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക.
(ലേഖിക ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷൻ മുൻ ദേശീയ പ്രസിഡന്റും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ന്യൂറോളജി പ്രൊഫസറും സ്ട്രോക്ക് കെയർ യൂണിറ്റിന്റെ മേധാവിയുമാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |