തിരുവനന്തപുരം: കള്ളപ്പണ, ബിനാമി ഇടപാടുകൾ തെളിവുസഹിതം ഇ.ഡി കണ്ടെത്തിയതാണ് എം. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. സ്വപ്നയുമായി ജോയിന്റ് അക്കൗണ്ടിൽ ബാങ്ക് ലോക്കർ എടുത്തത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമായിരുന്നെന്നും 30 ലക്ഷം അടങ്ങിയ ബാഗുമായി സ്വപ്നയ്ക്കൊപ്പം അദ്ദേഹം തന്റെ വീട്ടിലെത്തിയെന്നും ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ വെളിപ്പെടുത്തിയതാണ് നിർണായകമായത്. ലോക്കർ ഇടപാട് കുരുക്കായെന്നും ശിവശങ്കറിന്റെ അറസ്റ്റ് ഉടനുണ്ടാവുമെന്നും കഴിഞ്ഞ വ്യാഴാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ശിവശങ്കറിന്റെ ഐഫോൺ പിടിച്ചെടുത്ത് മായ്ചു കളഞ്ഞ വാട്സ്ആപ് സന്ദേശങ്ങൾ ശാസ്ത്രീയ പരിശോധനയിൽ വീണ്ടെടുത്തപ്പോൾ തെളിവുകളുടെ ഖനിയാണ് ഇ.ഡിക്കു മുന്നിലെത്തിയത്. ശിവശങ്കറിന് കള്ളപ്പണ ഇടപാടിൽ പങ്കുണ്ടായിരുന്നെന്നും സ്വപ്നയുടെ ഇടപാടുകളെല്ലാം ശിവശങ്കർ അറിഞ്ഞിരുന്നെന്നുമുള്ള തെളിവുകളായതോടെ അറസ്റ്റിന് ഇ.ഡി ഒരുങ്ങി. അപ്പോഴാണ് ശിവശങ്കർ മുൻകൂർജാമ്യം തേടിയത്. സ്വപ്നയുടെ കള്ളപ്പണ ഇടപാടുകൾക്ക് ശിവശങ്കർ സഹായം നൽകിയതിന്റെ തെളിവുകൾ മുദ്രവച്ച കവറിൽ ഇ.ഡി കോടതിയിലെത്തിച്ചതോടെ മുൻകൂർജാമ്യം നിഷേധിക്കപ്പെട്ടു. രണ്ടുവട്ടം അറസ്റ്റ് തടഞ്ഞെങ്കിലും ശക്തമായ തെളിവുകൾ ഇ.ഡി നിരത്തിയതോടെ, അറസ്റ്റിന് ഹൈക്കോടതി പച്ചക്കൊടി കാട്ടുകയായിരുന്നു.
യു.എ.ഇ കോൺസൽ ജനറൽ സ്വപ്നയ്ക്ക് സമ്മാനമായി നൽകിയ 30ലക്ഷം രൂപ സൂക്ഷിക്കാനാണ് ലോക്കർ തുറന്നതെന്നാണ് ഇ.ഡിക്ക് ശിവശങ്കർ മൊഴിനൽകിയത്. ഇത് കളവാണെന്ന് ഇ.ഡി കണ്ടെത്തി. പതിറ്റാണ്ടുകളുടെ പരിചയമുള്ള ചാർട്ടേർഡ് അക്കൗണ്ടന്റിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തുകയല്ലാതെ യാതൊന്നും ചെയ്തില്ലെന്ന ശിവശങ്കറിന്റെ മൊഴികൾ ഖണ്ഡിക്കുന്ന തെളിവുകൾ ഇ.ഡി കണ്ടെത്തിയതോടെ അദ്ദേഹത്തിന് നിൽക്കക്കള്ളിയില്ലാതായി. ലോക്കറിൽ 30ലക്ഷം നിക്ഷേപിച്ചത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമായിരുന്നെന്നും മൂന്നോ നാലോ തവണ ലോക്കർ തുറന്ന് പണം സ്വപ്നയ്ക്ക് എടുത്തുനൽകിയപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചെന്നും വേണുഗോപാൽ വെളിപ്പെടുത്തിയതോടെ ശിവശങ്കറിന് കള്ളപ്പണ ഇടപാടിൽ പങ്കുണ്ടായിരുന്നെന്ന് ഇ.ഡിക്ക് വ്യക്തമായി.
35ലക്ഷം ലോക്കറിൽ വയ്ക്കണമെന്ന് ശിവശങ്കർ വാട്സ്ആപിൽ അറിയിച്ചെങ്കിലും 30ലക്ഷമേ എത്തിച്ചുള്ളൂ. പണമടങ്ങിയ ബാഗുമായി സ്വപ്ന തന്റെ വീട്ടിലെത്തിയപ്പോൾ മുഴുവൻ സമയവും ശിവശങ്കർ ഒപ്പമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിനടുത്ത് ശാന്തിനഗറിൽ വച്ച് സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്ന ശിവശങ്കറിന്റെ മൊഴി കളവാണ്. ലോക്കറിൽ പണംവച്ച വിവരം അപ്പോൾതന്നെ ശിവശങ്കറിനെ അറിയിച്ചിരുന്നു- ഇങ്ങനെയാണ് വേണുഗോപാലിന്റെ മൊഴികൾ. ഈ മൊഴികൾക്ക് തെളിവുമൂല്യമുള്ളതിനാൽ മുൻകൂർജാമ്യം നിഷേധിക്കാൻ ഹൈക്കോടതി ഇവ പരിഗണിച്ചു.
ഇനി കാര്യങ്ങൾ കടുക്കും
സ്വർണക്കടത്ത് പ്രതികളുടെയും സംരക്ഷകരുടെയും ബിനാമി, കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. കള്ളപ്പണ ഇടപാടിലൂടെ സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കിയതിനൽ തെളിയിക്കേണ്ട ബാദ്ധ്യത ശിവശങ്കറിനാണ്
ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറുമാസം വരെ ജാമ്യംകിട്ടില്ല. ബിനാമി ആക്‌ട്, ഇൻകംടാക്‌സ് ആക്‌ട്, ആന്റി മണിലോണ്ടറിംഗ് ആക്‌ട് എന്നിങ്ങനെ വകുപ്പുകൾ ചുമത്തിയേക്കാം. വിദേശത്ത് ഹവാലാ പണമിടപാട് നടന്നതിനാൽ ഫെമ (ഫോറിൻമണി മാനേജ്‌മെന്റ് ആക്‌ട്) ചുമത്താം.
പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കി ഇ.ഡി കേസ് ബലപ്പെടുത്താറുണ്ട്. ചാർട്ടേർഡ് അക്കൗണ്ടന്റിനെ മാപ്പുസാക്ഷിയാക്കി ശിവശങ്കറിനെതിരായ കേസ് കടുപ്പിക്കാനാണ് ഇ.ഡിയുടെ തീരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |