തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടിശിവശങ്കരന്റെ അറസ്റ്റിനെ തുടർന്ന് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ തലസ്ഥാനം ഇന്നലെ പിരിമുറക്കത്തിലായി. സെക്രട്ടേറിയറ്റിനും, ക്ളിഫ് ഹൗസിനും മുന്നിൽ പ്രതിഷേധം അരങ്ങേറി. ബിനിഷ് കോടിയേരിയുടെ അറസ്റ്റിനെത്തുടർന്ന് എ.കെ.ജി സെന്ററിലേക്ക് പ്രതിപക്ഷ സംഘടനകളുടെ മാർച്ചുണ്ടാവുമെന്ന് കരുതി അവിടെയും സുരക്ഷ ശക്തമാക്കി.
യൂത്ത് കോൺഗ്രസ്, മഹിളാമോർച്ച, യുവമോർച്ച, ആർ.എസ്.പി എന്നിവയാണ് ക്ളിഫ് ഹൗസിലേക്കും സെക്രട്ടേറിയറ്റിലേക്കും മാർച്ച് ചെയ്തത്. രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് പാഞ്ഞ് കയറി. ദേവസ്വം ബോർഡ് ജംഗ്ഷനിൽ സമരക്കാരെ തടയാൻ ബാരിക്കേഡുകൾ വച്ചിരുന്നില്ല. പിന്നീട് പൊലീസ് ബാരിക്കേഡ് നിരത്താൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ട് പോയി. കൂടുതൽ പൊലീസെത്തിതടയാൻ ശ്രമിച്ചത് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കൾ സംസാരിച്ചതിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് നാല് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പ്രയോഗിച്ചത് കല്ലും, മണ്ണും നിറഞ്ഞ ചെളിവെള്ളമാണെന്നാരോപിച്ച് വീണ്ടും പൊലീസുമായി വാക്കേറ്റമായി. മാർച്ചിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ് ശബരീനാഥൻ എം.എൽ.എ, എൻ.എസ് നുസൂർ, എസ്.എം ബാലു, സെക്രട്ടറിമാരായ നിനോ അലക്സ്, ഷജീർ നേമം, വിനോദ് കോട്ടുകാൽ എന്നിവർ നേതൃത്വം നൽകി.
സെക്രട്ടേറിയറ്റിലേക്ക് ഓടിക്കയറി മഹിളാ മോർച്ച പ്രവർത്തകർ
യാതൊരു മുന്നിറയിപ്പുമില്ലാതെ 3 മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടന്നത് സംഘർഷം സൃഷ്ടിച്ചു. കന്റോൺമെന്റ് ഗേറ്റിന് മുന്നിൽ കാത്ത് നിന്ന അവർ, വാഹനം കടന്നുപോകാൻ ഗേറ്റ് തുറന്ന സമയത്ത് പൊലീസിന്റെ കണ്ണുവെട്ടിച്ച് സെക്രട്ടറിയേറ്റിനുള്ളിലേക്ക് ഓടിക്കയറി. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന ബ്ളോക്കിന് മുന്നിലാണ് രാകേന്ദു, ലിജ, ദിവ്യ എന്നിവരെത്തിയത് . വനിതാ പൊലീസ് എത്താത്തതിനാൽ ഇവരെ തടയാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലുള്ള വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് തടഞ്ഞത്. ഇവരിലൊരാൾ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
മൂന്ന് മഹിളാമോർച്ച പ്രവർത്തകർ ഉള്ളിലേക്ക് കടന്നത് , സെക്രട്ടേറിയറ്റിലെ സുരക്ഷ ശക്തമല്ലെന്ന ആക്ഷേപത്തിന് വീണ്ടും ഇടയാക്കി.എസ്.എ.പി ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റിനാണ് സുരക്ഷാ ചുമതല. 70 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. പുറത്തെ സുരക്ഷാ ചുമതല കന്റോൺമെന്റ് പൊലീസിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |