SignIn
Kerala Kaumudi Online
Friday, 22 January 2021 7.35 PM IST

സർഗ വിസ്മയത്തിന്റെ നിലാവും തിരമാലകളും

vayalar

അസുര ഗുരുവായ ശുക്രാചാര്യരുടെ മകൾ ദേവയാനിയും ദേവഗുരുവായ ബൃഹസ്പതിയുടെ മകൻ കചനും തമ്മിലുള്ള പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും കഥ അസ്തമയമില്ലാത്ത പുരാവൃത്തമാണ്. മൃതസഞ്ജീവനി വിദ്യ പഠിക്കാനായാണ് ബൃഹസ്പതി കചനെ വേഷം മാറ്റി ശുക്രാചാര്യരുടെ അടുക്കൽ അയച്ചത്. ദേവയാനി കചനിൽ അനുരക്തയായതു മനസിലാക്കിയ അസുരന്മാർ കചനെ വധിക്കുന്നു. ഒരിക്കലല്ല, മൂന്നു പ്രാവശ്യം! രണ്ടു പ്രാവശ്യവും ദേവയാനി പിതാവിനെക്കൊണ്ട് മൃതസഞ്ജീവനിയിലൂടെ കചന് ജീവൻ പകരുന്നു. മൂന്നാംതവണ കചനെ കൊന്ന് അരച്ച് മദ്യത്തിൽ കലക്കി പലപ്പോഴായി ശുക്രാചാര്യന് കൊടുക്കുന്നു. ഉള്ളിലായ കചനു ജീവൻ കൊടുത്താൽ ആചാര്യർ മരിക്കും. എന്തുചെയ്യും? വയറ്റിൽക്കിടക്കുന്ന കചന് ശുക്രാചാര്യർ മൃതസഞ്ജീവനി മന്ത്രം ചൊല്ലിക്കൊടുക്കുന്നു. അതുപയോഗിച്ച് ജീവൻ വീണ്ടെടുത്ത കചൻ ശുക്രാചാര്യരുടെ വയറുപിളർന്ന് പുറത്തു വരുന്നു. അതേ മൃതസഞ്ജീവനി ഉപയോഗിച്ച് ശുക്രാചാര്യർക്ക് ജീവൻ നൽകുന്നു. ദേവയാനിയുടെ പിതാവിന്റെ വയറ്റിൽ നിന്ന് പുനർജനിക്കയാൽ കചൻ ദേവയാനിക്ക് സഹോദരനായെന്നും വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും കചൻ അറിയിക്കുന്നു. കചൻ തന്നെ ചതിക്കുകയായിരുന്നെന്ന് മനസിലാക്കിയ ദേവയാനി കോപംകൊണ്ട് വിറച്ചു. പഠിച്ച വിദ്യ ആവശ്യത്തിന് ഉപകരിക്കാതെ പോകട്ടെയെന്ന് ദേവയാനി കചനെ ശപിക്കുന്നു. ഈ കഥ സ്വന്തം ജീവിതത്തിന്റെ ഭാഗമായി ദർശിക്കുകയും അത് സിനിമയാക്കുന്നതിനായി തിരക്കഥ തയ്യാറാക്കുകയും ചെയ്തിരുന്നു വയലാർ രാമവർമ്മ. ഉറ്റ ചങ്ങാതിമാരായ ചിലരോട് കചദേവയാനി ചരിതം തന്റെ ജീവിതവുമായി ഇഴചേർന്നു നിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് സിനിമയാകാൻ നിയതി സമയം കൊടുത്തില്ല. അതിനു മുൻപേ കവിക്ക് മടങ്ങിപ്പോകേണ്ടിവന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു അസ്തമയം. 1975 ഒക്ടോബർ 27ന് പുലർച്ചെ നാലു മണിക്ക് 47-ാം വയസിൽ. 45വർഷം പിന്നിടുമ്പോഴും ആ കാവ്യലോകത്തിന്റെ നിറവും മണവും മങ്ങിയില്ല. ഓരോ ഋതുവിലും ആ കവിതകളും ഗാനങ്ങളും ഓടിയെത്തുന്നു. മഴയായും നിലാവായും പൂക്കാലമായും ഹേമന്തമായും നമ്മെ തഴുകിനിൽക്കുന്നു.,​ ഓരോ സന്ധ്യയിലും ആ പ്രണയഗാനങ്ങൾ വിരഹത്തിന്റെ മധുരവേദന പകരുന്നു.

'കാലമാണവിശ്രമം പായുമെന്നശ്വം-സ്നേഹ-

ജ്വാലയാണെന്നിൽകാണും ചൈതന്യം സനാതനം'-എന്നും

'നീരവനീലാകാശമേഖലകളിൽ,നാളെ

താരകേ, നിന്നെക്കൊണ്ടു നർത്തനം ചെയ്യിക്കും ഞാൻ'- എന്നും പാടിയ വയലാർ മലയാളികളുടെ കാവ്യസങ്കൽപ്പങ്ങൾക്ക് പുതുവർണങ്ങൾ പകർന്ന് ഇന്നും പരിലസിക്കുന്നു. തത്ത്വശാസ്ത്രത്തിന്റെ ഗരിമ ചാലിച്ച കാവ്യഭാവനകളെ ഇത്രയും നൈ‌ർമല്യത്തോടെ ആവിഷ്കരിക്കാൻ മറ്റൊരു കവിക്കും മലയാളത്തിൽ കഴിഞ്ഞിട്ടില്ല. മാറ്റൊലിക്കവി എന്ന് നിരൂപകവിമർശനം നേരിടേണ്ടിവന്ന വയലാർ അതിനു മറുപടിയെന്നോണം എഴുതിയ ഒരു മാറ്റൊലിക്കവി എന്ന കവിതയിലെ ഒരു ഭാഗം :

'ഈ വിശ്വപ്രകൃതിയിലെങ്ങാനുമൊരു മുല്ല-

പ്പൂവിതൾ വിരിഞ്ഞാലതെന്നിലും വിരിയുന്നു

കാട്ടിലെക്കതിർകാണാകിളിപാടിയാൽ,മുളം-

കൂട്ടിലെത്തത്തമ്മയ്ക്കു നൊമ്പരം വിതുമ്പിയാൽ,

വന്നലച്ചീടും പിന്നെ മറ്റൊന്നായി രൂപംകൊള്ളു-

മെന്നന്തർലോകത്തിലാ ഗാനവും വിതുമ്പലും'

ഒരു കവി എപ്പോഴും കവിയായി ജീവിക്കണമെന്നില്ല. ഒരു നോവലിസ്റ്റ് എല്ലായിപ്പോഴും നോവലിസ്റ്റായി തുടരണമെന്നില്ല. ഒരു രാഷ്ട്രീയപ്രവർത്തകൻ എല്ലായിപ്പോഴും അങ്ങനെതന്നെ നിലകൊള്ളണമെന്നുമില്ല. എന്നാൽ, ചിലർ അങ്ങനെയല്ല. മഹാകവി ചങ്ങമ്പുഴ എപ്പോഴും കവിയായി ജീവിച്ച ജീനിയസാണ്. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന മഹാപ്രവാഹമായിരുന്നു ചങ്ങമ്പുഴയുടെ മനസ്. ആ ജനുസിൽപ്പെട്ട കവിയാണ് വയലാർ രാമവർമ്മ. വിപ്ലവചിന്തകൾ പ്രസരിപ്പിച്ച കവി ആയിരിക്കുമ്പോൾത്തന്നെ ഭാരതീയപൈതൃകത്തിന്റെ ആഴവും പരപ്പും കവിതയുടെ ആന്തരികശക്തിയായി നിലനിറുത്താൻ വയലാറിനു കഴിഞ്ഞു.

1962 ഒക്ടോബർ 20ന് ചൈന ഇന്ത്യയെ കടന്നാക്രമിച്ചപ്പോൾ ചൈനയ്ക്കുവേണ്ടി മുദ്രാവാക്യം വിളിക്കാൻ ആളുണ്ടായിരുന്ന നാടാണ് കേരളം. ആ മാസം 27ന് വയലാറിൽ നടന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ വയലാർ രാമവർമ്മ നടത്തിയ ചൈനവിരുദ്ധപ്രസംഗം അതുകൊണ്ടുതന്നെ പ്രശംസയ്ക്കും അധിക്ഷേപത്തിനും ഒരുപോലെ ഇടയാക്കി.

'മധുര മനോഹര മനോജ്ഞ ചൈന...' എന്നു തുടങ്ങുന്ന പാട്ടാണ് ചൈനീസ് പക്ഷപാതികൾ അക്കാലത്ത് പ്രചാരണത്തിനുപയോഗിച്ചത്, 'ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ...' എന്നായിരുന്നു വയലാറിന്റെ തിരുത്ത്.

ചങ്ങമ്പുഴയുടെ കലശലായ സ്വാധീനത്തിൽപ്പെട്ടുവന്ന കവികളിൽ പ്രമുഖനെന്ന നിലയിൽ മാറ്റൊലിക്കവി എന്ന് വയലാറിനെ പരിഹസിച്ചിട്ടുണ്ട്. എന്നാൽ,​ ഒ.എൻ.വി കുറുപ്പ് ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ ചങ്ങമ്പുഴയുടെ പരാജയബോധമോ സഹജവിഷാദമോ വയലാറിന്റെ കവിതകളിൽ കലർന്നിരുന്നില്ല. ഈ മനോഹരതീരത്ത് ഒരു ജന്മംകൂടി മോഹിക്കുന്ന 'ധീരമധുരശ്രുതി'യാണ് വയലാറിന്റെ കാവ്യാംഗനയെ നൃത്തംചെയ്യിച്ചിരുന്നത്. പ്രൊഫ. എം.കെ. സാനു എഴുതിയിട്ടുള്ളതുപോലെ- മനുഷ്യകർമ്മങ്ങളുടെ ആഴവും സാദ്ധ്യതകളും ചങ്ങമ്പുഴയ്ക്ക് ചിന്താവിഷയമായിരുന്നില്ല. എന്നാൽ, ആ സാദ്ധ്യതകളെക്കുറിച്ച് അത്യധികം ബോധവാനായിരുന്നു വയലാർ. മനുഷ്യന്റെ പ്രയത്നത്തിലും ഭാവിയിലും ഹരീന്ദ്രനാഥ ചതോപാദ്ധ്യായ, പീറ്റർ ബ്ലാക്ക്മാൻ തുടങ്ങിയ കവികൾ പുലർത്തിയിരുന്ന പ്രതീക്ഷാനിർഭരമായ വെളിച്ചം വയലാർകവിതകളിൽ ഉടനീളം കാണാം.

I poet,dip my pen

In mine own blood to write my songs for men...' എന്നുതുടങ്ങുന്ന ഹരീന്ദ്രനാഥ ചതോപാദ്ധ്യായയുടെ വരികൾ ആയിഷയിലും-

Scientists, craftsmen, teachers, painters, poets,philosophers come

We shall work till our power invested together created a new world..' എന്നുതുടങ്ങുന്ന പീറ്റർ ബ്ലാക്ക്മാന്റെ കവിതാഭാഗം എനിക്കു മരണമില്ല എന്ന കവിതാസമാഹരത്തിലും മുഖമൊഴിയായി വയലാർ ഉദ്ധരിച്ചിട്ടുണ്ട്. വയലാറിന്റെ വളരെ ലളിതമെന്ന് തോന്നുന്ന കവിതകളിൽപോലും ശാസ്ത്രതത്ത്വങ്ങൾ ഒളി വീശുന്നത് കാണാം.

അനുരാഗത്തിന്റെ പേലവഭാവങ്ങൾ മലയാളികളെ പഠിപ്പിച്ച കവിയാണ് വയലാർ രാമവർമ്മ. പൂമണം തൂവുന്ന കുളിർകാറ്റായും പുതുമധുരം തുളുമ്പുന്ന ഇളനീരായും ആ കാവ്യഭാവന അലയിളക്കി ഒഴുകി. ഇന്നും ഒരോ മലയാളിയുടെ നാവിൻതുമ്പിലും അതിന്റെ തിരുമധുരമുണ്ട്. 'കവി മരിച്ചെങ്കിലും. അദ്ദേഹത്തിന്റെ കവിതയ്ക്ക് മരണമില്ല. അത് മലയാളികളുടെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നു' എന്നാണ് വയലാർ കൃതികൾക്ക് എൻ.വി.കൃഷ്ണവാരിയർ എഴുതിയ അവതാരിക അവസാനിക്കുന്നത്.

'വാളല്ലെൻ സമരായുധം,ഝണഝണ-

നാദം മുഴക്കീടുവാ-

നാളല്ലെൻ,കരവാളുവിറ്റൊരു മണി-

പ്പൊൻവീണ വാങ്ങിച്ചു ഞാൻ!

താളം രാഗലയശ്രുതിസ്വരമിവയ്-

ക്കല്ലാതെയൊന്നിന്നു-

മിന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-

ല്ലെൻ പ്രേമ തീർത്ഥങ്ങളിൽ!- എന്നാണ് സർഗസംഗീതം എന്ന കവിതയിൽ വയലാർ തന്റെ കാവ്യപ്രപഞ്ചത്തെക്കുറിച്ച് വ്യക്തമാക്കിയത്. കമ്മ്യൂണിസ്റ്റ് വേദികളിൽ ഇന്നും മുഴങ്ങുന്ന 'ബലികുടീരങ്ങളേ...' എന്നു തുടങ്ങുന്ന വിപ്ലവഗാനം എഴുതിയ കവിതന്നെയാണ് ഇതും എഴുതിയതെന്നു മറക്കാതിരിക്കാം.

'ഒടുവിൽ നീ യാത്രപറഞ്ഞുപോയപ്പോൾ കരയാനറിയാത്ത ദൈവങ്ങളും കരയാൻ മാത്രം പഠിച്ച ദൈവങ്ങളും കണ്ണീരൊഴുക്കി'- എന്നാണ് നിനക്ക് മരണമില്ല എന്ന കുറിപ്പിൽ മലയാറ്റൂർ എഴുതിയത്. സൗഹൃദങ്ങളുടെ രാജകുമാരൻ കൂടിയായിരുന്നു വയലാർ. മലയാളികളുടെ നാവിൽ എന്നും തുളുമ്പുന്ന ഗാനങ്ങൾക്കെല്ലാം ആ സൗഹൃദ വലയത്തിന്റെ ശ്രുതിമാധുര്യം കൂടിയുണ്ടായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KALLUM NELLUM, VAYALAR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.