SignIn
Kerala Kaumudi Online
Thursday, 10 July 2025 1.43 PM IST

ദേവസ്വം നിർദ്ദേശത്തിനും ഉചിത പരിഗണന വേണം

Increase Font Size Decrease Font Size Print Page

sabarimala

രാജ്യത്ത് കൊവിഡ് വ്യാപനം ഇപ്പോഴും മൂർദ്ധന്യത്തിൽ നിൽക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്നു കേരളമാണ്. തുടർന്നും ജാഗ്രതയും കരുതലും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് ഇത് ഓർമ്മപ്പെടുത്തുന്നത്. കൊവിഡിനൊപ്പം തന്നെ സാധാരണ ജീവിതവും മുന്നോട്ടു കൊണ്ടുപോകുക എന്ന ശ്രമകരമായ വഴി സമൂഹം സ്വീകരിച്ചുകഴിഞ്ഞു. രോഗം കൂടുതൽ പകരാതെ നിയന്ത്രിക്കാൻ ഓരോ വ്യക്തിയും മനസുവച്ചാലേ പറ്റൂ. അത്തരത്തിലൊരു സാമൂഹ്യബോധം ഉടലെടുത്തിട്ടുണ്ടെങ്കിലും ആഗ്രഹിക്കുന്ന നിലയിലേക്ക് രോഗികളുടെ സംഖ്യ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്.

കൊവിഡ് ഭീതി നിലനിൽക്കുന്നതിനിടയിലാണ് ഇക്കുറി ശബരിമല തീർത്ഥാടനകാലം എത്തുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മാർച്ച് മുതൽ മാസങ്ങളോളം ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. അവ ഇപ്പോൾ തുറന്നിട്ടുണ്ടെങ്കിലും കർക്കശമായ നിയന്ത്രണങ്ങളോടെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. മണ്ഡല - മകരവിളക്കു കാലത്ത് ശബരിമല ദർശനത്തിനും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. സാധാരണ അവസരങ്ങളിൽ ദിവസേന ലക്ഷക്കണക്കിനു തീർത്ഥാടകരെത്താറുള്ള ശബരിമലയിൽ ഇക്കുറി സംഖ്യ ഗണ്യമായി വെട്ടിച്ചുരുക്കുന്നതിനെ തുടർന്നുളവാകുന്ന സാഹചര്യം എങ്ങനെ നേരിടുമെന്ന ചിന്തയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർത്ഥാടന കാലത്ത് സാധാരണ ദിവസങ്ങളിൽ 1000 പേരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്ന സർക്കാർ നിർദ്ദേശത്തിൽ ബോർഡ് തൃപ്തമല്ല. ഇത് പതിനായിരമായി വർദ്ധിപ്പിക്കണമെന്ന ബോർഡിന്റെ ആവശ്യം കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതലയോഗം നിരാകരിച്ചിരിക്കുകയാണ്. സാധാരണ പ്രവൃത്തിദിവസങ്ങളിൽ ആയിരവും ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരവും പേർക്ക് ദർശനം എന്ന സർക്കാർ നിർദ്ദേശം തീരെ അപര്യാപ്തമാണെന്നാണ് ബോർഡിന്റെ പക്ഷം. മണ്ഡല വിളക്ക്, മകരവിളക്ക് എന്നീ വിശേഷ ദിവസങ്ങളിൽ അയ്യായിരം പേർ വരെ ആകാമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ തീർത്ഥാടന കാലത്ത് ദിവസവും പതിനായിരം പേർക്ക് ദർശനം നടത്താനുള്ള എല്ലാ ആരോഗ്യ സുരക്ഷാക്രമീകരണങ്ങളും ഒരുക്കാൻ കഴിയുമെന്നതിനാൽ അത് അനുവദിക്കണമെന്നായിരുന്നു ബോർഡിന്റെ നിലപാട്. നിലവിലെ സാഹചര്യത്തിൽ ഇത് അനുവദിക്കാനാവില്ലെന്നാണ് ഉന്നതതല സമിതിയുടെ തീർപ്പ്.

പ്രവേശിപ്പിക്കാവുന്ന തീർത്ഥാടകരുടെ സംഖ്യയെച്ചൊല്ലി ദേവസ്വം ബോർഡും സർക്കാരും പിണങ്ങേണ്ട കാര്യമില്ല. സാഹചര്യം മനസിലാക്കി അതിനനുസരണമായ തീരുമാനം എടുക്കാവുന്നതേയുള്ളൂ. ഇപ്പോഴത്തെ സ്ഥിതി അനുകൂലമല്ലെന്നു ബോദ്ധ്യപ്പെട്ടതിനാലാണ് തീർത്ഥാടകരുടെ സംഖ്യ നന്നേ പരിമിതപ്പെടുത്തണമെന്ന സർക്കാർ നിർദ്ദേശമുണ്ടായത്. അതേസമയം തന്നെ സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ മാറ്റം വരുത്താൻ തീർത്ഥാടന കാലത്തും അവസരമുള്ളതിനാൽ അത് തർക്കവിഷയമാക്കേണ്ട കാര്യമില്ല. രോഗപ്പകർച്ച സമ്പർക്കത്തിലൂടെ ആയതുകൊണ്ടാണ് വൻതോതിൽ തീർത്ഥാടകരെ അനുവദിക്കേണ്ടെന്ന തീരുമാനമെടുത്തത്. വൻതോതിൽ തീർത്ഥാടകർ കൂട്ടം കൂടുന്ന സാഹചര്യമുണ്ടായാൽ രോഗപ്പകർച്ച സാദ്ധ്യത തടഞ്ഞു നിറുത്താനാകില്ല. മലയാളി തീർത്ഥാടകർ മാത്രമല്ല ശബരിമലയിലെത്താറുള്ളത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മലയാളികളെക്കാൾ അധികമായി എത്താറുള്ളത്. ആ നിലയ്ക്ക് അങ്ങേയറ്റം കരുതലും ശ്രദ്ധയും പുലർത്തിയില്ലെങ്കിൽ രോഗവ്യാപനം പതിന്മടങ്ങാകാൻ സാദ്ധ്യതയുണ്ട്. ഓൺലൈൻ രജിസ്ട്രേഷനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മറ്റും ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്നു നിബന്ധന വച്ചാൽ പോലും അതു മറികടക്കാൻ ശ്രമിക്കുന്നവർ കൂട്ടത്തിലുണ്ടാകും. ഡോക്ടർമാർക്കു കൈക്കൂലി നൽകി വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി എത്തുന്നവർ കൂട്ടത്തിലുണ്ടാവില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും. നമ്മുടെ നാട്ടിൽത്തന്നെ ഇത്തരം വ്യാജ സർട്ടിഫിക്കറ്റ് വില്പന ബിസിനസായി മാറ്റിയ സംഘങ്ങൾ സജീവമാണ്. ആ നിലയ്ക്ക് പുറത്തുനിന്ന് എത്തുന്നവരിലും കാണാം അത്തരക്കാർ.

സാമൂഹിക അകലം കർക്കശമായി പാലിച്ചുകൊണ്ട് കൂടുതൽ പേരെ കയറ്റാമെന്ന് ദേവസ്വം ബോർഡിന് തികഞ്ഞ ഉറപ്പുണ്ടെങ്കിൽ സ്ഥിതിഗതികൾ വിലയിരുത്തി തീർത്ഥാടന സീസണിൽത്തന്നെ ഇപ്പോഴത്തെ തീരുമാനം മാറ്റാവുന്നതേയുള്ളൂ. ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ അഭിപ്രായത്തിനാകണം മുന്തിയ പരിഗണന നൽകേണ്ടത്. ദിവസേന പതിനാറു മണിക്കൂറോളം നട തുറന്നിരിക്കുമെന്നതിനാൽ ഒട്ടുംതന്നെ തിരക്കില്ലാതെ ഭക്തർക്ക് ദർശന സൗകര്യമൊരുക്കാനാകും. ദർശനം കഴിഞ്ഞാലുടൻ മലയിറങ്ങണമെന്ന വ്യവസ്ഥ കൂടി ഉള്ളതിനാൽ ഭക്തർ സന്നിധാനത്ത് കൂട്ടം കൂടുമെന്ന പ്രശ്നവുമില്ല. അതിനാൽ ദിവസം ആയിരം പേരെന്ന നിബന്ധന പുനഃപരിശോധിക്കാവുന്നതേയുള്ളൂ. കൂടുതൽ പ്രായോഗികമായ സമീപനമായിരിക്കും അഭികാമ്യം.

നവംബർ 15 മുതൽ തീർത്ഥാടന കാലം തുടങ്ങുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും കാലേകൂട്ടി പൂർത്തിയാകുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പതിവിലേറെ മുൻകരുതലുകൾ വേണ്ടിവരുന്നതിനാൽ ഒരുക്കങ്ങളിൽ ഒരുവിധ കുറവും ഉണ്ടാകരുത്. മല കയറി എത്തുന്ന ഭക്തർക്ക് ദാഹജലത്തിനും അന്നത്തിനും മുട്ടുവരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അന്നദാനത്തിന് ബോർഡ് തന്നെ സൗകര്യം ഒരുക്കുന്നതാകും ഭംഗി.

തുലാമാസ പൂജാവേളയിൽ 1250 പേർക്ക് ദർശന സൗകര്യം ഒരുക്കിയിട്ടും 749 പേരേ എത്തിയുള്ളൂ എന്നാണ് കണക്ക്. കൊവിഡ് ഭീതി കാരണം ഭക്തർ വിട്ടുനിന്നതാണു കാരണം. അതുപോലെ തീർത്ഥാടന കാലത്തും സംഭവിച്ചാൽ ഉദ്ദേശിച്ച തോതിൽ ഭക്തർ എത്തണമെന്നില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൊവിഡ് പലരെയും തീർത്ഥാടനത്തിൽ നിന്ന് അകറ്റി നിറുത്താനിടയുണ്ട്. ഭക്തർ കുറയുന്നത് ദേവസ്വം ബോർഡിന്റെ വരുമാനത്തെ ഗുരുതരമായി ബാധിക്കുമെന്നതിലാണ് ഉത്കണ്ഠയുള്ളത്. ക്ഷേത്ര ജീവനക്കാർക്ക് ശമ്പളവും പെൻഷനും ക്ഷേത്രങ്ങളിലെ നിത്യനിദാനച്ചെലവുകളും മുടങ്ങാതിരിക്കാൻ സർക്കാർ തന്നെ സഹായവുമായി എത്തേണ്ട സ്ഥിതിയാണുള്ളത്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.