വീടിന്റെ ശരിയായ നാഭി കണ്ടെത്തി കുറ്റിയടിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ വിവരിച്ചത്. ഇനി നേർ ദിശയിൽ വീടുകൾ വയ്ക്കുന്നതിനെപ്പറ്റിയാണ് പറയേണ്ടത്. അതു പറഞ്ഞാലെ വീട് വയ്ക്കുന്നതിന് ഫൗണ്ടേഷൻ കെട്ടലും അനുബന്ധ കാര്യങ്ങളും പൂർത്തിയാക്കാൻ കഴിയൂ. അത് വീട് പണിയുന്നതിന് ഏറെ നിർണായകമായ കാര്യമാണ്. നേർ ദിശ ക്രമപ്പെടുത്തുമ്പോൾ അത് ജീവിതത്തെയാണ് ക്രമപ്പെടുത്തുന്നത്. ആ ക്രമപ്പെടുത്തൽ ആ വീട്ടിൽ താമസിക്കുന്ന കാലത്തോളം അനുഭവവേദ്യമാവുകയും ചെയ്യും. പക്ഷേ അത് യഥാർത്ഥ ദിശയിലേയ്ക്കല്ല വരുന്നതെങ്കിൽ ജീവിതത്തെ മോശമായി ബാധിക്കുന്നതായിട്ടാണ് വാസ്തു ശാസ്ത്ര ഗവേഷണങ്ങൾ തെളിയിക്കുന്നത്.
ഭൂമിയുടെ ആകൃതി ഉരുണ്ട താണല്ലോ. ഉരുണ്ടതെന്ന് പറയുമ്പോൾ യഥാർത്ഥ വൃത്തമല്ല. എങ്കിലും അളവ് വൃത്തത്തിന്റേത് തന്നെയാണ്. ഒരു വൃത്തത്തിന്റെ അളവ് 360 ഡിഗ്രിയാണ്. ഇതിനെ നാലായി ഭാഗിക്കുമ്പോൾ ഓരോ വശവും 90 വീതം വരും. ഒരു മൂലയുടെ ഒരു വശത്തെ അത്തരത്തിൽ തരം തിരിക്കപ്പെടുമ്പോൾ 45 ഡിഗ്രിയുണ്ടാകും.അത്തരം രണ്ട് വശങ്ങൾ ചേരുമ്പോൾ അത് മൂലയായി മാറും. വീടിന്റെ നാലു മൂലകളും അത്തരത്തിൽ സജ്ജമാക്കിയാൽ ഏറ്റവും നല്ലതാണ്. ചിലയിടത്ത് 90 ഡിഗ്രി കിട്ടാതിരിക്കാം. പക്ഷേ കന്നിമൂലയിൽ 90 ഡിഗ്രി ഉറപ്പാക്കി ബാക്കി മൂലകളിൽ 80 നും 90 നുമിടയിൽ വന്നാലും കുഴപ്പമില്ല. വടക്കു പടിഞ്ഞാറിലും തെക്കു കിഴക്കിലും വടക്കു കിഴക്കിലും ഇങ്ങനെ വരാം. പക്ഷേ വടക്കു കിഴക്ക് യാതൊരു കാരണവശാലും 90 ഡിഗ്രി കടന്നു പോകാതെ നോക്കുകയും വേണം.
ഭൂമിയുടെ മൊത്ത അളവ് 360 ഡിഗ്രിയായി നിജപ്പെടുത്തി വടക്കിൽ തുടങ്ങിയാൽ അത് പൂജ്യം ഡിഗ്രി വരും. ഭൗതിക ശാസ്ത്രം അത് തെളിയിക്കപ്പെട്ടതുമാണ്. പൂജ്യം ഡിഗ്രി കഴിഞ്ഞ് 45 ആവുമ്പോൾ അത് ഈശാനമൂലയായി നിജപ്പെടുത്താം. അവിടെനിന്ന് 90 ഡിഗ്രിയിലെത്തുമ്പോൾ അത് നേർകിഴക്കായി. 180 ആകുമ്പോൾ തെക്കും 270 ആകുമ്പോൾ പടിഞ്ഞാറും വരും. ഇനിയും കൃത്യമായ ഡിഗ്രിനോക്കുമ്പോൾ ഈശാനം 45 ൽ നിന്ന് കണക്കെടുത്താൽ 90 ഡിഗ്രിയിൽ കിഴക്ക് കടന്ന് അടുത്ത മൂല എത്തുന്നു.അതായത് അഗ്നിമൂല .ഇതിന്റെ ഡിഗ്രി 135 ആണ്. 180 ന്റെ തെക്ക് കഴിഞ്ഞ് അടുത്ത മൂലയായ തെക്കുപടിഞ്ഞാറു മൂല വരുമ്പോൾ അത് 225 ഡിഗ്രിയാവും. 270 ന്റെ പടിഞ്ഞാറും കടന്നാൽ അടുത്ത മൂലയായ വായു മൂല 315 ഡിഗ്രിയിൽ നിലകൊള്ളും. അവിടെ നിന്ന് നേർ വടക്കെത്തുമ്പോൾ അത് 360 ഡിഗ്രി ആവുകയും ചെയ്യുന്നു. 350 മുതൽ 360 വരെ നേർവടക്കായി നിജപ്പെടുത്താം. ഓരോ വശത്തും നേർ പത്ത് ഡിഗ്രി വീതം ഡിജിറ്റൽ കോമ്പസ് ഉപയോഗിച്ച് തിട്ടപ്പെടുത്തുമ്പോൾ വീടിന്റെ ഓരോ വശവും നേർ ദിശയിലാണെന്ന് ബോദ്ധ്യമാവും. ആ നേർ ദിശയിലായിരിക്കണം വീടിന്റെ ഫൗണ്ടേഷൻ നിർമ്മിക്കേണ്ടത്. അപ്പോൾ ഏറ്റവും നല്ല അളവിലേയ്ക്ക് വീടൊരുക്കുന്നതിന്റെ ആദ്യ പടി പൂർത്തിയാവും. കട്ടിള ജനൽ ക്രമീകരണമാണ് അടുത്തത്.
അതേപ്പറ്റി അടുത്ത ആഴ്ച.
സംശയവും മറുപടിയും
പുതിയ വീട് വച്ചു. പക്ഷേ പഴയ വീടിന്റെ കന്നിമൂലയിൽ സെപ്ടിക് ടാങ്കുണ്ട്.അത് മാറ്റേണ്ടതുണ്ടോ?
സുശീല പുരുഷോത്തമൻ , വൈക്കം
കന്നിമൂലയിൽ ഒരിക്കലും സെപ്ടിക് ടാങ്ക് വരാൻ പാടില്ലാത്തതാണ്. ഉപയോഗിക്കുന്നില്ലെങ്കിൽ പോലും അത് ദോഷമുണ്ടാക്കും. അത് മണ്ണിട്ട് മൂടുക തന്നെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |