കഥകളിയിലെ കൃഷ്ണന് പച്ചവേഷമാണ്. പക്ഷേ പയ്യന്നൂരിലെ ടി. ടി. കൃഷ്ണനെന്ന കഥകളി ആശാന് ചുവന്നതാടിയാണ് അനുയോജ്യമായ വേഷം. സൗമ്യനും സാത്വികനുമായ കൃഷ്ണൻ ചുവന്ന താടിയെ തന്റെ ജീവിതവുമായി ഇണക്കി ചേർക്കുന്നത് ദശകങ്ങൾക്ക് മുമ്പാണ്. പയ്യന്നൂരിലെ തെക്കെ മമ്പലം പറയം കുന്നത്ത് ചിരുകണ്ഠൻ അന്തിത്തിരിയന്റേയും തെക്കെ തലക്കൽ ചീയ്യയി അമ്മയുടേയും മൂന്ന് മക്കളിൽ രണ്ടാമനായ കൃഷ്ണന് നന്നേ ചെറുപ്പത്തിലെ മമത കളരി, പൂരക്കളി, കോൽക്കളി തുടങ്ങിയ പയ്യന്നൂരിന്റെ പരമ്പരാഗത നാടോടി സാംസ്കാരിക പൈതൃകചിഹ്നങ്ങളോടായിരുന്നു. അത് തികച്ചും സ്വാഭാവികവുമായിരുന്നു.
വയൽ നിറയെ നെല്ലും ആല നിറയെ പശുക്കളുമുണ്ടായിരുന്ന ചിരുകണ്ഠൻ അന്തിത്തിരിയൻ മകന്റെ താത്പര്യം കണ്ടറിഞ്ഞ് അതിന് പ്രോത്സാഹനവും നൽകി. സ്കൂളിലേക്ക് പുറപ്പെട്ട കൃഷ്ണൻ പലപ്പോഴും കളരിയിലാണ് ചെന്നെത്തുക. ആയിടയ്ക്കാണ് പയ്യന്നൂരിൽ ആരംഭിച്ച കലോദയം കഥകളിയോഗത്തിലേക്ക് കൃഷ്ണൻ ആകൃഷ്ടനായത്. ഉത്തരകേരളത്തിന്റെ കഥകളി ഗുരുവായ ഗുരുചന്തുപ്പണിക്കരുടെ പ്രഥമ ശിഷ്യനും കല്ലടിക്കോടൻ കഥകളി പാരമ്പര്യത്തിലെ തിളങ്ങുന്ന മൂന്ന് നക്ഷത്രങ്ങളായ കണ്ണത്രയങ്ങളിൽ ഒരാളുമായ സ്വാമി കണ്ണമാരാർ എന്നറിയപ്പെടുന്ന പി.വി.കുഞ്ഞിക്കണ്ണമാരാറായിരുന്നു കലോദയം കളിയോഗത്തിലെ കഥകളി ആശാൻ. കളരി അഭ്യാസത്തിൽ നിന്ന് ലഭിച്ച ശരീരവടിവും മുഖകാന്തിയും കൃഷ്ണനെന്ന കഥകളി വേഷക്കാരന് കളിയോഗത്തിൽ അദ്വിതീയമായ സ്ഥാനം ലഭിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നില്ല. പാറന്തട്ട ദാമോദരൻ, ചേടമ്പത്ത് ദാമോദരൻ, എൻ.വി. കൃഷ്ണൻ, കലോദയം രാമദാസ്, കാമ്പ്രത്ത് മാധവൻ തുടങ്ങിയവരായിരുന്നു കലോദയം കളരിയിൽ ടി. ടി. കൃഷ്ണന്റെ സഹപാഠികൾ. ഒന്നരവർഷത്തെ പഠനംകൊണ്ട് തന്നെ മികച്ച കഴിവ് കാഴ്ചവയ്ക്കാൻ കൃഷ്ണനെന്ന കലാകാരന് കഴിഞ്ഞു. ഇതിനിടയിൽ അദ്ദേഹത്തെ വേദനിപ്പിക്കുന്ന കുറേ സംഭവങ്ങൾ കളിയോഗത്തിലുണ്ടായി. വേഷത്തിലെ മികവിനു പകരം ജാതിയിലെ മികവ് അരങ്ങ് തീരുമാനിക്കാൻ തുടങ്ങിയതാണ് ഈ കലാകാരന്റെ കണ്ണിൽ കണ്ണീരുപൊടിയാൻ കാരണം. പല വേദികളും ഈഴവ ചെക്കന്റെ മുമ്പിൽകൊട്ടിയടക്കപ്പെട്ടു. മുഖത്ത് ചുട്ടി കുത്തി കഴിഞ്ഞിട്ടും വേഷം മറ്റൊരു സവർണ്ണന് മാറ്റികൊടുത്ത സംഭംവം പോലുമുണ്ടായിട്ടുണ്ട്. പക്ഷേ ദുഃഖം കടിച്ചമർത്തിക്കൊണ്ട് എല്ലാ അവഗണനകളും സഹിച്ച് മൂന്ന് വർഷം അവിടെത്തന്നെ പിടിച്ചുനിന്നു അദ്ദേഹം. അപ്പോഴേക്കും കൃഷ്ണൻ അറിയപ്പെടുന്ന വേഷക്കാരനായി മാറിയിരുന്നു.പ്രസിദ്ധ ചെണ്ടവാദകനായ പുല്ലൂർ ഗോവിന്ദമാരാരുടെയും മദ്ദളവിദഗ്ദൻ നാറാത്ത് കുഞ്ഞിരാമമാരാരുടേയും സ്നേഹവും പ്രോത്സാഹനവും കൃഷ്ണനെ കഥകളി രംഗത്ത് സ്ഥിരപ്പെടുത്താൻ ഏറെ സഹായിച്ചിരുന്നു.
ന്റെ കഥകളി ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത് പറശ്ശിനി മടപ്പുര കഥകളി യോഗത്തിൽ വെച്ചാണ്. അവഗണനയുടെ ആഴക്കടലിൽ നിന്നും കൃഷ്ണനെ രക്ഷിച്ചത് കുഞ്ഞിരാമ മാരാറാണെന്ന് ടി.ടി.കൃഷ്ണൻ ഇന്നും നന്ദിയോടെ ഓർക്കുന്നുണ്ട്. അക്കാലത്തെ മികച്ച ആശാനും കടത്തനാടൻ സമ്പ്രദായത്തിലെ പ്രമുഖനുമായ കൊച്ചു ഗോവിന്ദനാശാന്റെ ശിക്ഷണവും കുഞ്ഞിരാമൻ നായരെന്ന സഹവേഷക്കാരന്റെ സ്നേഹവും ടി.ടി.യുടെ കഥകളിവേഷത്തിന് ചാരുതയേകി . കത്തിവേഷത്തിലും താടിയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു കൃഷ്ണൻ. പക്ഷേ കൃഷ്ണന്റെ ആകാരവും കളരി അഭ്യാസത്തിലെ തികവും കൃഷ്ണനെന്ന കലാകാരനെ ചുവന്ന താടിലേക്ക് അടയാളപ്പെടുത്തുകയായിരുന്നു. പ്രഗൽഭ ഗുരുക്കന്മാരായ നാട്യരത്നം കാനാ കണ്ണൻ നായർ ആശാൻ, കണ്ണൻ പാട്ടാളി ആശാൻ തുടങ്ങിയവരുടെ ശിഷ്യത്വവും കൃഷ്ണന്റെ വേഷത്തിന് ബലം നല്കി. കഥകളിയിലെ ഏറെ സങ്കീർണ വേഷങ്ങളായ ദുശ്ശാസനൻ, ത്രീകർത്തൻ, ബാലി, ബകൻ ഇവയ്ക്ക് പുറമെ കരി, കാട്ടാളൻ തുടങ്ങിയ വിവിധങ്ങളായ വേഷങ്ങൾ അണിയാൻ ടി. ടിയുടെ ശരീരം പാകപ്പെടുകയായിരുന്നു. പറശ്ശിനികടവ് കളിയോഗത്തിൽ വച്ച് അക്കാലത്ത് ദുര്യോധനവധം രണ്ട് ദുര്യോധന വേഷക്കാരായിരുന്നു ചെയ്തിരുന്നത്. കൃഷ്ണന്റെ കായബലം ആദ്യാവസാന ദുര്യോധന വേഷത്തിന് വഴിതെളിയിച്ചു. കൃഷ്ണന്റെ താടി വേഷത്തിന് ഏറെ ആരാധകരുണ്ടായിരുന്നു. ഗ്രാമ ഗ്രാമാന്തരങ്ങളിൽ പോയി കഥകളി അവതിരിപ്പിച്ചിട്ടുണ്ട്.
അക്കാലത്ത്. ടി. ടി. കൃഷ്ണനാശാന്റെ ഖ്യാതി പറശ്ശിനിക്കടവിൽ നിന്ന് പുറത്തേക്കൊഴുകാൻ തുടങ്ങി. അദ്ദേഹത്തിന്റെ കഥകളി ജീവിതത്തിന്റെ മൂന്നാം ഘട്ടം തുടങ്ങുന്നത് രാജ്യതലസ്ഥാനത്താണ്.ന്യൂഡൽഹിയിൽ കലാമണ്ഡലം രാധാമാരാർ നടത്തിയ ഡാൻസ് ഗ്രൂപ്പിലെ കഥകളി, നൃത്ത കലാകാരനായി തിളങ്ങി നാലുവർഷം. ഒറിസ്സയിലെ വാണി ഡാൻസ് ആന്റ്മ്യൂസിക്കൽസ് സ്കൂളിലും ഒരുവർഷം അദ്ധ്യാപക വേഷം കെട്ടി. ഇക്കാലത്ത് ഭാരത സർക്കാറിന്റെ ദക്ഷിണമേഖലാ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സംസ്ഥാനങ്ങളിലും തന്റെ കഥകളി പാടവം കാഴ്ചവയ്ക്കാൻ അവസരം കിട്ടിയിരുന്നു ടിടിക്ക്. 1989 ലെ റിപ്പബ്ലിക്ക് ദിന പരിപാടിയിൽ കേരള സർക്കാർ തിരഞ്ഞെടുത്ത കലാസംഘത്തിൽ ഉൾപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേകപ്രശംസക്കും അർഹത നേടിയിരുന്നു. ദേശാന്തര ഗമനം കഴിഞ്ഞ് നാട്ടിൽ വന്ന കൃഷ്ണൻ ആശാൻ കളരി മർമ്മ ചികിത്സകനായി വേഷമിട്ടു ഏറെ നാൾ. അക്കാലത്ത് അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയ പലരും ആദരവോടെ ഇന്നുംകാണാൻ വരുന്നുണ്ട്. അതിലൊരാൾ പി.പി. ലക്ഷ്മണനായിരുന്നു. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റും കണ്ണൂരിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ നിറസാന്നിദ്ധ്യവുമായിരുന്ന പി.പി.ലക്ഷ്മണന് വർഷം തോറുമുളള ഉഴിച്ചിൽ നടത്തിയിരുന്നത് കൃഷ്ണനായിരുന്നു. പത്മ ശ്രീ ജേതാവും പ്രസിദ്ധ ചെണ്ടവാദകനുമായ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ വർഷാന്തമുളള ആയുർവേദ വിധിപ്രകാരമുളള ഉഴിച്ചിൽ നടത്തുന്നതും കൃഷ്ണനാണ്. വേഷത്തിൽ ശോഭിച്ച കളിയാശാന്റെ കിരീടത്തിൽ ആട്ടക്കഥാ രചനയുടെ രത്നക്കല്ലുകളുമുണ്ട്. പിലാത്തറ വച്ച് അരങ്ങേറ്റം കുറിച്ച മഗ്ദലനമറിയം കഥകളിയുടെ ആട്ടക്കഥ രചിച്ചത് കൃഷ്ണനെന്ന ആട്ടക്കഥാകാരനാണ്
2014 ൽ പയ്യന്നൂരിൽവച്ച് ഫോക്ലാന്റിന്റെ ആഭിമുഖ്യത്തിൽ 'കൃഷ്ണനിലാവ്"എന്ന പേരിൽ ടിടിയുടെ സപ്തതി ആഘോഷം സമുചിതമായി ആചരിച്ചിരുന്നു. അനിൽ പുത്തലത്ത് സംവിധാനം ചെയ്ത 'കൃഷ്ണനാട്ടം" എന്ന ഡോക്യുമെന്ററി സിനിമ ടി. ടി. കൃഷ്ണനെന്ന കഥകളി കലാകാരന്റെ അരങ്ങിലനുഭവിച്ച തീക്ഷണമായ ജാതി ഭ്രഷ്ടിന്റെ അനുഭവ പാഠമാണ് .കഥകളി കലാകാരന്മാർക്ക് പ്രോത്സാഹനം ലഭിക്കാത്ത മണ്ണിൽ പിറന്നത് കൃഷ്ണനാശാന്റെ വളർച്ചയേയും ബാധിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. യോഗ്യതയും കഴിവും വച്ച് തേടി വരേണ്ട പല അംഗീകാരങ്ങളും ബഹുമതികളും മടിച്ചു മടിച്ചാണ് ടിടിയുടെ പടിക്കലെത്തിയത്. അങ്ങനെ എത്തിയവയിൽ കേരളസംഗീതനാടക അക്കാഡമിയുടെ ഗുരു ശിഷ്യ പുരസ്കാരം, പാലക്കാട് നാണു നായർ സ്മാരക കേന്ദ്രത്തിന്റെ രൗദ്രശ്രീപട്ടം, പ്രഥമ നാട്യരത്നം കാനാകണ്ണൻ നായർ പുരസ്കാരം, കണ്ണൻ പാട്ടാളി സ്മാരക നാട്യാചാര്യ പുരസ്കാരം, ഗണിത ജ്യോതിഷ ചക്രവർത്തി വി.പി.കെ. പൊതുവാളിന്റെ സ്മാരണാർത്ഥം ഏർപ്പെടുത്തിയ പണ്ഡിത സേവാ പുരസ്കാരം എന്നിവ ഉൾപ്പെടുന്നു. എഴു പത്താറിന്റെ നിറവിൽ നിൽക്കുമ്പോഴാണ് കേരള കലാഅക്കാഡമി ഈ വർഷത്തെ കഥകളിക്കുളള അവാർഡ് നൽകി ആദരിച്ചത്.
(ലേഖകന്റെ ഫോൺ:9847305699)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |