പല സവിശേഷതകളാലും ഏറെ വ്യത്യസ്തവും കൗതുകകരവുമായ ഒരു ആത്മകഥയാണ് ഉപഗുപ്തൻ കെ. അയിലറയുടെ 'ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ" ഒരു പ്രത്യേകത, അദ്ധ്യായങ്ങൾക്ക് ഒടുവിൽ ചേർത്തിട്ടുള്ള കാവ്യമധുരമായ ശ്ലോകങ്ങളാണ്. ഉപഗുപ്തന് അൻപതു വർഷത്തെ സജീവവും വൈവിദ്ധ്യവുമാർന്ന ഔദ്യോഗിക സേവനാനുഭവങ്ങൾ കൂടാതെ മൂന്നാമത്തെ വയസുമുതലുള്ള രസകരമായ കാര്യങ്ങളുമുണ്ട് ഓർത്തെടുക്കുവാനും നല്ല ഒഴുക്കുള്ള ആഖ്യാന ശൈലിയിൽ എഴുതുവാനും. ജോലിയിലിരുന്ന പല സ്ഥലങ്ങളുടെയും സവിശേഷതകളും ആഘോഷങ്ങളും ഒരു യാത്രാവിവരണം പോലെ ഈ പുസ്തകത്തിൽ വർണിക്കുന്നുമുണ്ട്. പത്താംക്ലാസ് കഴിഞ്ഞ് ജോലിക്കായി അദ്ദേഹം മദ്ധ്യപ്രദേശിലേയ്ക്ക് ട്രെയിൻ കയറുകയും ആ യാത്രയ്ക്കിടെ തന്റെ ബാല്യകാലം ഓർത്തെടുക്കുകയും ചെയ്യുന്നു. മദ്ധ്യപ്രദേശിലും ഒറീസയിലുമായി നാലര വർഷം കേന്ദ്രസർവീസിൽ ജോലിചെയ്ത ശേഷം ഉപഗുപ്തൻ,തികച്ചും വ്യത്യസ്തമായ അന്തരീക്ഷവും അനുഭവങ്ങളും കാത്തിരുന്ന കൊൽക്കത്തയിലെ പ്ലാനിംഗ് കമ്മീഷൻ ഓഫീസിലെത്തുന്നു. നൈറ്റ് കോളേജിൽ ചേർന്നു പഠിച്ച് ബി.കോം ഓണേഴ്സ് ജയിച്ച് എം.കോമിന് പഠിക്കുമ്പോഴാണ് ഉപഗുപ്തന് ഡൽഹിയ്ക്ക് മാറ്റമായത്. ഡൽഹിയിൽ പ്ലാനിംഗ് കമ്മീഷനിൽ നിന്നും ഗസറ്റഡ് ഓഫീസറായി തൊഴിൽ മന്ത്രാലയത്തിലെത്തുകയും അവിടെനിന്നും തന്റെ എതിർപ്പുകൾ വകവയ്ക്കാതെ അദ്ദേഹത്തെ തിരുവനന്തപുരത്തെ എമിഗ്രേഷൻ ഓഫീസിന്റെ ചുമതല ഏറ്റെടുക്കുവാനായി സ്ഥലം മാറ്റുന്നു.
അഞ്ചു വർഷക്കാലം തിരുവനന്തപുരത്ത് എമിഗ്രേഷൻ ഓഫീസർ എന്ന നിലയിൽ അഴിമതിക്കും മനുഷ്യക്കടത്തിനും എതിരേ ഉപഗുപ്തൻ നടത്തിയ നിരന്തരമായ പരിശ്രമങ്ങൾ വിവരിക്കുന്ന 'അനന്തപുരി യുദ്ധകാണ്ഡ" മാണ് ആരെയുംഏറ്റവുമധികം ആകർഷിക്കുന്നതും ചിന്താധീനരാക്കുന്നതും. ഡൽഹിയിൽ ഗ്രാമീണ വികസന മന്ത്രാലയത്തിൽ എത്തിയ ഉപഗുപ്തൻ ഫിനാൻസ് അണ്ടർ സെക്രട്ടറിയായിരിക്കെ മന്ത്രാലയത്തിലെ ഉന്നതർക്കിടയിൽ നടന്നിരുന്ന അഴിമതികൾക്കെതിരെ തികച്ചും നിയമപരവും നിഷ്പക്ഷവുമായ നിലപാടുകൾ സ്വീകരിച്ചത് പല ഉന്നതർക്കും രുചിക്കാതായി. ദിശാ ബോധം നഷ്ട്ടപ്പെട്ട ഇന്നത്തെ തലമുറ ചെറുപ്പക്കാരും പ്രവാസികളും, സംസ്ഥാനകേന്ദ്ര സർക്കാർ ജീവനക്കാരും അവശ്യം ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്. കഠിനാദ്ധ്വാനത്തിന്റെ, ധീരമായ, ആദർശ സമ്പന്നമായ, ജീവിതം എങ്ങിനെ രൂപപ്പെടുത്തിയെടുക്കണമെന്ന് അവർ ഈ കൃതിയിൽ നിന്ന് പഠിക്കുവാനിടയുണ്ട്. വിവിധ രീതികളിൽ അതീവ ശ്രദ്ധേയമായ ഈ ആത്മകഥ മലയാളവായനക്കാരുടെ മുൻപിൽ എടുത്തു വയ്ക്കാൻ എനിക്ക് ഏറെ സന്തോഷമുണ്ട്; അതിലേറെ അഭിമാനവും.
പബ്ലിഷേഴ്സ്: പ്രഭാത് ബുക്ക് ഹൗസ്, ₹300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |