SignIn
Kerala Kaumudi Online
Monday, 07 July 2025 12.31 PM IST

പ്രദർശനത്തിനുണ്ട് മമ്മികൾ

Increase Font Size Decrease Font Size Print Page
mummy

ഈജിപ്തിലെ സക്കാറയിൽ ഏറ്റവും പഴക്കമേറിയ സോസർ പിരമിഡിന് സമീപത്തെ പന്തലിൽ പ്രദർശനത്തിന് വച്ചിരിക്കുകയാണ് 2500 വർഷം പഴക്കമുള്ള നൂറോളം മമ്മികൾ. 2020ലെ ഏറ്റവും വലിയ പുരാവസ്തു കണ്ടെത്തലെന്നാണ് ഈ മമ്മികളെ ഈജിപ്ഷ്യൻ പുരാവസ്തു മന്ത്രാലയം വിശേഷിപ്പിക്കുന്നത്. ഏതാണ്ട് മൂന്നുവർഷം നീണ്ട ദൗത്യത്തിനൊടുവിലാണ് ഈജിപ്ഷ്യൻ അധികൃതർ ഈ അമൂല്യ മമ്മി ശേഖരത്തെ പരസ്യമാക്കിയിരിക്കുന്നത്. ഈജിപ്ഷ്യൻ സമൂഹത്തിൽ ഉന്നത സ്ഥാനത്തുണ്ടായിരുന്നവരുടെ മമ്മികളാണ് ഇവയെന്ന് സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസ് ജനറൽ ഡയറക്ടർ മുസ്തഫ വാസിരി പറയുന്നു. ഇതിന് പുറമേ ശവസംസ്‌കാരത്തിന് ഉപയോഗിക്കുന്ന മുഖാവരണങ്ങൾ, പഴക്കം ചെന്ന ജാറുകൾ തുടങ്ങി മറ്റു ചില പുരാവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തിലെ നാല് മ്യൂസിയങ്ങൾക്കാണ് മമ്മികളെ വിതരണം ചെയ്യുന്നത്. ഇതിലൊന്ന് അടുത്തവർഷം തുടങ്ങാനിരിക്കുന്ന ന്യൂ ഗ്രാന്റ് ഈജിപ്ഷ്യൻ മ്യൂസിയമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് സക്കാറ വലിയ ശവപ്പറമ്പായിരുന്നു എന്ന് വീണ്ടും തെളിയിക്കുന്നതാണ് ഈ കണ്ടെത്തൽ എന്ന് വിദഗ്ദ്ധർ പറയുന്നു.

സൗമിത്ര ചാറ്റർജിക്ക് വിട

വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചതാണ് കഴിഞ്ഞയാഴ്ചയിലെ ഏറ്റവും വലിയ നഷ്ടം. 85 വയസായിരുന്നു. നടൻ, കവി, നാടകകൃത്ത്, പരിഭാഷകൻ, നാടക സംവിധായകൻ, മാഗസിൻ എഡിറ്റർ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്നു. സത്യജിത് റേയുടെ അപ്പു, ഡിക്ടീവ് ഫെലൂദ,ചാരുലതയിലെ അമൽ തുടങ്ങിയ കഥാപാത്രങ്ങൾ അന്താരാഷ്ട്ര തലത്തിലും പ്രശസ്തനാക്കി. മുഖ്യധാര വാണിജ്യസിനിമകളുടെയും ഭാഗമായി. ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. അവസാന കാലത്തും ഹ്രസ്വ ചിത്രങ്ങളിലടക്കം സജീവമായി.

2004ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.1935 ജനുവരി 19ന് കൊൽക്കത്തയിലാണ് ജനനം. സത്യജിത് റേയുടെ അപ്പു ട്രിലോളജിയിലെ അവസാന ചിത്രമായ അപുർ സൻസാറിലൂടെ (അപ്പുവിന്റെ ലോകം) 1959ലാണ് സിനിമയിലെ അരങ്ങേറ്റം. അഭിജാൻ,ചാരുലത,ദേവി, സോനാർ കെല്ല, ജോയ് ബാബ ഫെലുനാഥ്,മഹാപുരുഷ്, ഗണശത്രു തുടങ്ങി 14 സിനിമകളിൽ റേയ്‌ക്കൊപ്പം പ്രവർത്തിച്ചു. മൃണാൾസെൻ, തപൻസിൻഹ, തരുൺ മജുംദാർ തുടങ്ങിയ പ്രമുഖരുടെ സിനിമകളിലുംഅഭിനയിച്ചു.

പ്രപഞ്ചത്തിന്റെ ശബ്ദം

പ്രപഞ്ചത്തിലെ ഏറ്റവും ഭയാനകമായ ശബ്ദം പുറത്തുവിട്ട് നാസ. ഹെലിക്സ് എന്ന നെബുലയുടെ 'ശബ്ദത്തിന്റെ' സോണിഫിക്കേഷൻ വീഡിയോയാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ആരു കേട്ടാലും ഭയന്ന് പോകുന്ന രീതിയിലുള്ള ശബ്ദമാണ് നെബുലയിൽ നിന്ന് പുറത്ത് വരുന്നത്.

ഭൂമിയിൽ നിന്നും 655 പ്രകാശവർഷം അകലെയാണ് ഹെലിക്‌സ് നെബുല. നക്ഷത്രങ്ങൾ അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്‌ഫോടനത്താലോ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകൾ.

ഡേറ്റയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയാണ് 'സോണിഫിക്കേഷൻ'. ബഹിരാകാശത്ത് നമുക്ക് ശബ്ദം കേൾക്കാനാകില്ല. ബഹിരാകാശ വസ്തുക്കൾക്കുള്ളിൽ സംഭവിക്കുന്ന ചലനങ്ങളെ നമുക്ക് അവയുടെ ചിത്രങ്ങളെ സോണിഫിക്കേഷൻ ചെയ്യുന്നത് വഴി ശ്രവണരൂപത്തിൽ കേൾക്കാനാകുമെന്നും നാസ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വിശദമാക്കുന്നു.

കുതിച്ചുയർന്ന് സ്പേസ് എക്സ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശയാത്രികരെ സ്പേസ് എക്സ് പേടകം വിജയകരമായി വിക്ഷേപിച്ചു. ഓഗസ്റ്റിൽ വിജയകരമായി നടത്തിയ പരീക്ഷണ പറക്കലിനെത്തുടർന്നാണ് രണ്ടാം തവണ നാല് ബഹിരാകാശയാത്രികർ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ വഴി യാത്രതിരിച്ചത്. മൈക്കൽ ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ, ഷാനൻ വാക്കർ എന്നീ മൂന്ന് അമേരിക്കക്കാരും ജപ്പാനിലെ സോചി നൊഗുചിയുമാണ് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് യാത്രതിരിച്ചത്.

പശുക്കൾക്ക് മന്ത്രിസഭ

കന്നുകാലികളുടെ സംരക്ഷണത്തിനായി മദ്ധ്യപ്രദേശിൽ 'ഗോ കാബിനറ്റ്' രൂപീകരിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
സംസ്ഥാനത്തെ കന്നുകാലികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്താനാണ് ഗോ കാബിനറ്റ് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ആഭ്യന്തരം, കൃഷി എന്നി വകുപ്പുകൾ ഉൾപ്പെടുന്നതാണ് ഗോ കാബിനറ്റ്. 22ന് ഉച്ചയ്ക്ക് 12 ന് അഗർ മാൾവയിലെ ഗോ സംരക്ഷണ കേന്ദ്രത്തിലെ ഗോപഷ്ടമിയിൽ ആദ്യ യോഗം ചേരും. 2017ലാണ് 32 കോടി രൂപ ചെലവഴിച്ച് പശുക്കൾക്കായുള്ള സംരക്ഷണ കേന്ദ്രം മദ്ധ്യപ്രദേശിൽ ആരംഭിച്ചത്. ഭോപ്പാലിൽ നിന്ന് 190 കിലോമീറ്റർ അകലെയാണിത്. 472 ഹെക്ടറാണ് വിസ്തൃതി.

TAGS: RECAP, MUMMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.