ചാലക്കുടി: കൊരട്ടി കട്ടപ്പുറത്ത് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ രണ്ടുപേരെ സി.ഐ: ബി.കെ. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കൊന്നക്കുഴി കിഴക്കെപുറത്ത് വീട്ടിൽ അനിൽ(37), കുലയിടം പാറയം കോളനിയിലെ കക്കാട് വീട്ടിൽ വിജിത്ത്(32) എന്നിവരാണ് അറസ്റ്റിലായത്. മരിച്ച പുളിയിനം വലിയവീട്ടിൽ എബിൻ ഡേവിസും അറസ്റ്റിലായവരും സുഹൃത്തുക്കളായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച എബിനാണ് കൂട്ടുകാരെ വിളിച്ചു വരുത്തിയത്. രണ്ടു വർഷം മുമ്പ് അനിലിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഡേവിസിനെ ഇവർ മർദ്ദിച്ചിരുന്നു. അന്നുമുതൽ നിലനിൽക്കുന്ന വൈരാഗ്യം പറഞ്ഞു തീർക്കുന്നതിനായിരുന്നു ഡേവിസ് ഇവരെ പാറക്കൂട്ടത്തേക്ക് വിളിച്ചു വരുത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മൂവരും കള്ളുഷാപ്പുകളിൽ കയറി മദ്യപിക്കുകയും ചെയ്തു. ഇതിനിടെ വീണ്ടും അനിലിന്റെ ഫോൺ ഡേവിസ് കൈക്കലാക്കി. ഇതോടെ പരസ്പരം വാക്കേറ്റം നടന്നു.
തുടർന്ന് ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ എബിൻ ഡേവിസിനെ എടുത്തുകൊണ്ടു പോയാണ് പരിസരത്തെ കാനാലിൽ ഇട്ടത്. വ്യാഴാഴ്ച പുലർച്ചെ വിജിത്തും, അനിലും സംഭവ സ്ഥലത്തെത്തി മരണം ഉറപ്പാക്കിയെന്നും പറയുന്നു. തുടർന്ന് സ്ഥം വിടാൻ ഒരുങ്ങുന്നതിനിടെ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റിലായവർ നേരത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കൊലപാതകം ഉൾപ്പെടെ വിജിത്തിന്റെ പേരിൽ എട്ടു കേസുകളുണ്ട്.
കഞ്ചാവ് വിൽപ്പന ഉൾപ്പെടെ അനിലിന്റെ പേരിലും അഞ്ചു കേസുകളുണ്ട്. മരിച്ച എബിൻ ഡേവിസും കഞ്ചാവ് വിതരണം, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു. ഇയാൾ പുളിയിനത്ത് നിന്നും മൂന്നുമാസം മുമ്പാണ് തിരുമുടിക്കുന്നിലെ വാടക വീട്ടിൽ താമസമാക്കിയത്. തൃശൂർ റൂറൽ എസ്.പി: ആർ. വിശ്വനാഥ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസിൽ മറ്റു പ്രതികളില്ലെന്ന് എസ്.പി പറഞ്ഞു.
പ്രിൻസിപ്പൽ എസ്.ഐ: ഷാജു എടത്താടൻ, എ.എസ്.ഐമാരായ എം.എസ്. പ്രദീപ്, ബിജു, മുഹമ്മദ് ബാഷി, പി.എം. മൂസ, ജിനു തച്ചേത്ത്, സി.പി.ഒ രഞ്ജിത്ത്, ഷെഫീക്, രതീഷ്, സജീവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |