തിരുവനന്തപുരം: മസാല ബോണ്ടിലെ ഇ.ഡി അന്വേഷണം സംസ്ഥാന നിയമസഭയോടുള്ള അവഹേളനവും ഭരണം സ്തംഭിപ്പിക്കാനുള്ള ശ്രമവുമാണെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് ഇഡി. ഭരണഘടന വ്യാഖ്യാനിക്കാൻ കോടതിയുണ്ട്. നിയമനിർമ്മാണത്തിന് സഭയുണ്ട്. റിസർവ് ബാങ്ക് അനുമതി ഭരണഘടനാനുസൃതമല്ലെന്ന സി.എ.ജി പരാമർശത്തിൽ പിടിച്ചുള്ള അന്വേഷണത്തിന് ജനങ്ങൾ മറുപടി നൽകുമെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഭരണസ്തംഭനത്തിനുള്ള ശ്രമങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും ചെറുക്കും.സി.എ.ജി. റിപ്പോർട്ട് നിയസഭയിൽ സമർപ്പിക്കാനിരിക്കുന്നതേയുള്ളൂ. അതിനു ശേഷം,പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കേണ്ടത്. അതിനു മുമ്പ് ഇ.ഡി നിയമനടപടിയിലേക്കു കടന്നത് നിയമസഭയുടെ അവകാശ ലംഘനമാണ്.ഇ.ഡി. മാധ്യമങ്ങൾക്ക് വാട്ട്സ് ആപ്പ് വഴി വാർത്ത ചോർത്തുന്നു. തലക്കെട്ടു പോലും എങ്ങനെ വേണമെന്ന് ഉപദേശിക്കുന്നു.എ.ജി സുനിൽ രാജ് ആ പദവിക്കു ചേരാത്ത രീതിയിലാണ് പെരുമാറുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇ.ഡി. അയച്ച വാട്ട്സ് ആപ്പ് സന്ദേശമെന്നു പറഞ്ഞ് മാധ്യമങ്ങൾക്കു മുന്നിൽ മെബൈൽ ഫോൺ ഉയർത്തിക്കാണിച്ചായിരുന്നു ഐസക്കിന്റെ രൂക്ഷ പ്രതികരണം.
പ്രതിപക്ഷവുമായി ഇ.ഡിക്ക് എന്ത് ഏർപ്പാട്?: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീഴ്ത്താൻ പ്രതിപക്ഷവും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിൽ എന്തെങ്കിലും ഏർപ്പാടുണ്ടോയെന്നും, അതുകൊണ്ടാണോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൗനം പാലിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക്ക്. സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ തനിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. എന്നാൽ ,സഭയിൽ വയ്ക്കാത്ത സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.ബി.ഐയോട് ഇ.ഡി വിശദാംശങ്ങൾ തേടിയത് അവകാശ ലംഘനമല്ലേയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
കരട് റിപ്പോർട്ടിൽ രണ്ടു പാരഗ്രാഫിൽ മാത്രമാണ് കിഫ്ബിയെക്കുറിച്ച് പരമാർശമുണ്ടായിരുന്നത്. എന്നാൽ, കരടിൽ ചർച്ച ചെയ്യാത്ത ഭരണഘടനാസാധുത സംബന്ധിച്ച നിഗമനങ്ങളായി നാല് പേജാണ് അന്തിമ റിപ്പോർട്ടിൽ എഴുതിച്ചേർത്തതെന്നും ധനമന്ത്രി പറഞ്ഞു. മസാല ബോണ്ടിൽ ഇ.ഡി അന്വേഷണമാരംഭിച്ച സാഹചര്യത്തിലായിരുന്നു ഐസക്കിന്റെ വാർത്താസമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |