തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ- ബിനാമി ഇടപാടിൽ പ്രതിയായ ബിനീഷ് കോടിയേരിയുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. ബീനിഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലെ കോടിയേരി എന്ന വീടും കണ്ണൂരിലെ കുടുംബ ഓഹരിയും ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടും. ഇവരുടെ പേരിലുള്ള എല്ലാ സ്വത്തുക്കളുടെയും വിവരങ്ങൾ ഉടൻ കൈമാറണമെന്ന് രജിസ്ട്രേഷൻ ഐ.ജിക്ക് കഴിഞ്ഞ 9ന് ബംഗളൂരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ രാഹുൽ സിൻഹ കത്തു നൽകിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ ആക്ട്) സെക്ഷൻ 54 പ്രകാരമാണ് നടപടി.
ബിനീഷിന്റെ ബിനാമി കമ്പനികളെന്ന് സംശയിക്കുന്ന സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമഡീസ്, ബംഗളൂരു ദൂരവാണി നഗറിലെ ബി കാപ്പിറ്രൽ ഫിനാൻഷ്യൽ സർവീസ്, ബംഗളൂരു ഇവാ മാളിൽ പ്രവർത്തിക്കുന്ന ബീ കാപ്പിറ്രൽ ഫോറക്സ് ട്രേഡിംഗ് പ്രൈവറ്റ് ലിമറ്രഡ് എന്നിവയുടെയും സ്വത്തുവകകൾ കണ്ടുകെട്ടും. ബീനീഷിന്റെ ഭാര്യയുടെ പേരിലുള്ള സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മയക്കുമരുന്ന് കേസിലെ പ്രതി എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപ്, ഭാര്യ ആരിഫാ ബീവി എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്. ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് കഴിഞ്ഞമാസം രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബംഗളൂരു ഇ.ഡി മേഖലാ ഓഫീസിന്റെ നടപടി.
അറസ്റ്റ് തീയതിക്ക് ആറു വർഷം മുമ്പുവരെ വാങ്ങിയ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇ.ഡിക്ക് അധികാരമുണ്ട്. ബിനീഷ് കോടിയേരി അറസ്റ്റിലാവുന്നത് 2020 ഒക്ടോബർ 29നാണ്. ഇതനുസരിച്ച് ബിനീഷ് 2014 ഒക്ടോബർ 29നുശേഷം വാങ്ങിയ സ്വത്തുവകകൾ ഇ.ഡിക്ക് കണ്ടുകെട്ടാം. മരുതംകുഴിയിലെ കോടിയേരി എന്ന വീട് 2014 നവംബർ 11നാണ് ബിനീഷ് വാങ്ങിയത്. രജിസ്ട്രേഷനിൽ 50 ലക്ഷം രൂപയാണ് കാട്ടിയിട്ടുള്ളത്. ഏറെക്കാലം കോടിയേരി ബാലകൃഷ്ണൻ താമസിച്ചത് മരുതംകുഴിയിലെ കോടിയേരി എന്ന ഈ വീട്ടിലാണ്. സ്വാഭാവിക നടപടിക്രമം അനുസരിച്ച് അറസ്റ്റ് നടന്ന് 90 ദിവസത്തിനകം പ്രതികളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാം.
മയക്കുമരുന്ന് പ്രതി അനൂപിനു കൈമാറിയ പണം തിരുവനന്തപുരത്തു നിന്നു ബാങ്ക് വായ്‌പയെടുത്തതാണെന്നാണ് ബിനീഷിന്റെ മൊഴി. അബ്ദുൽ ലത്തീഫുമായി ചേർന്ന് ശംഖുംമുഖത്തു നടത്തുന്ന ഓൾഡ് കോഫി ഹൗസിന്റെ പേരിലാണ് വായ്പയെടുത്തതെന്നും പറഞ്ഞിരുന്നു. അക്കൗണ്ടുകളിൽ പണമെത്തിയ സമയം നോക്കുമ്പോൾ ഈ വാദത്തിൽ സംശയമുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ബിനീഷിന്റെ ഉറ്റബന്ധു 50ലക്ഷം രൂപയുടെ ഇടപാടിൽ സംശയനിഴലിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |