'ആലിൻ കായ് പഴുക്കുമ്പോൾ കാക്കയ്‌ക്ക് വായിൽ പുണ്ണ് ' എന്നൊരു ചൊല്ലുണ്ട്. അക്ഷരാർത്ഥത്തിൽ ആ അവസ്ഥയിലാണ് ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വവും തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായ കോൺഗ്രസുകാരും അതിന് വേണ്ടി ഉടുപ്പ് തയ്പ്പിച്ച ചില കുട്ടിനേതാക്കളും. അഞ്ചു വർഷത്തിലൊരിക്കൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് എത്തുമ്പോഴാണ് സ്ഥാനാർത്ഥിയായോ, സ്ഥാനാർത്ഥി പരിഗണനാ പട്ടികയിൽ ഉൾപ്പെട്ട ആളോ ആയിട്ടൊക്കെ ഒന്നു വിലസാൻ പറ്റുന്നത്. ജനപ്രതിനിധിയുടെ കുപ്പായത്തിൽ ഒരിക്കൽ കയറിപ്പറ്റി, പിന്നീട് അത് ഊരാതെ ശരീരത്തിൽ തന്നെ തുന്നിച്ചേർക്കാൻ വെമ്പൽ കൊള്ളുന്നവരും പരക്കം പായുന്നതും ഈ ഘട്ടത്തിലാണ്. ഇങ്ങനെ പലവിധ ചുറ്റുപാടുകളിൽ നിന്ന് ജില്ലാ കോൺഗ്രസ് ആസ്ഥാനത്ത് സ്ഥാനാർത്ഥി മോഹവുമായി പട്ടികയിൽ ഇടം കിട്ടാൻ പെടാപ്പാടു പെട്ടവരാണ് അപ്രതീക്ഷിത അടിയിൽ വീണുപോയത്. സ്ഥാനാർത്ഥി മോഹികളുടെ തലവര നിശ്ചയിക്കേണ്ട പ്രധാന നേതാക്കൾക്കും കിട്ടി നല്ല അടി. അടിച്ചു പരിക്കേൽപ്പിച്ചത് രാഷ്ട്രീയ എതിരാളികളൊന്നുമല്ല, കേട്ടോ. സാക്ഷാൽ 'കൊവിഡ്.'
അതോടെ സ്ഥാനാർത്ഥികളായവർക്ക് ഊട്ടിയും അല്ലാത്തവർക്ക് ചട്ടിയും കിട്ടി ബോധിച്ചു. പാരവയ്പ്, തെറിവിളി, തുണിപറിയ്ക്കൽ, കൈയാംകളി, കാലുവാരൽ തുടങ്ങിയ നാടൻ കലാരൂപങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് അവതരിപ്പിക്കുന്ന സ്പെഷ്യൽ ഐറ്റംസാണ്. ആരും തിരിഞ്ഞുനോക്കാതെ കിടന്ന ജില്ലാ കോൺഗ്രസ് ആസ്ഥാനം സീറ്റുവിഭജനവും സ്ഥാനാർത്ഥി നിർണയവും തുടങ്ങിയതോടെ സജീവമായി. ഓരോ മുറികളിലും ആൾക്കൂട്ടം. മന്ദിരമുറ്റത്ത് വാഹനങ്ങളുടെ പ്രളയം. ഖദറുടുപ്പിന്റെ മടക്കിത്തേച്ച കൈയുടെ തുമ്പ് കൊണ്ട് പലർക്കും മുറിവേറ്റു. ഒരാഴ്ചയോളം മാരത്തൺ ചർച്ച നടന്നിട്ടും സീറ്രു വിഭജനം എങ്ങുമെത്തിയില്ല.'നടക്കാത്ത പ്രസവത്താൽ വീർപ്പുമുട്ടുന്ന' ഗർഭിണിയുടെ അവസ്ഥയിലാണ് പലരും നടുവും താങ്ങി ഡി.സി.സി ഓഫീസിന് മുന്നിൽ നിന്നത്. മുകളിലെ നിലയിൽ അനുരഞ്ജന ചർച്ച നടക്കുമ്പോൾ, താഴത്തെ നിലയിൽ കൂട്ടയടി നടക്കും. താഴെ അനുരഞ്ജനം നടക്കുമ്പോൾ മുകളിൽ കൂട്ടയടി . ഘടകക്ഷികളും കോൺഗ്രസും തമ്മിലും ഘടകക്ഷികൾ തമ്മിൽ തമ്മിലും കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിലും ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ ആർജ്ജവത്തിൽ പൊരിഞ്ഞ പോരാട്ടം.
നാലഞ്ചുദിവസത്തെ ചർച്ചകൾ കഴിഞ്ഞതോടെ സീറ്രുകൾ ഒരു വിധത്തിൽ പിച്ചിക്കീറി വീതം വച്ചു. വീതംവച്ച സീറ്രുകളിൽ ആരെ പ്രതിഷ്ഠിക്കുമെന്നതായി അടുത്ത വൈതരണി. ഗ്രൂപ്പുതിരിച്ച് നേതാക്കളുടെ ശുപാർശക്കത്തുകൾ, ഘടകക്ഷികളുടെ പരാതികൾ, ഇലത്തണ്ടുമൊടിച്ച് മറ്റൊരു ഘടകക്ഷിയുടെ വിങ്ങിപ്പൊട്ടലുകൾ അങ്ങനെ നീണ്ടു ഓരോ ഘട്ടവും. വീണ്ടും ചർച്ചകൾ, പരിപ്പുവടയും പഴംപൊരിയും, കട്ടൻചായ...അങ്ങനെ കാര്യങ്ങൾ പുരോഗമിച്ച് തോണി ഒരു വിധം അക്കരെയെത്തുന്ന മട്ടായി.കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡ് എം.ലിജു, ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, സെക്രട്ടറി കെ.പി.ശ്രീകുമാർ,മുൻ എം.എൽ.എ ബാബു പ്രസാദ്, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ് തുടങ്ങിയ നേതാക്കളാണ് ചർച്ചകളിൽ പങ്കെടുത്തു തീരുമാനമെടുക്കേണ്ട വിധികർത്താക്കൾ. ഞാൻ ഈ നാട്ടുകാരിയേ അല്ലേ എന്ന മട്ടിൽ അരൂർ എം.എൽ.എ ഷാനി മോൾ ഉസ്മാനും അതുവഴിയൊക്കെ ഒന്നു വന്നുപോയി. തിരഞ്ഞെടുപ്പല്ലേ, പറ്റിയാൽ തന്റെ അനുയായികളിലാരെയെങ്കിലും സ്ഥാനാർത്ഥി പട്ടികയിലൊന്ന് ഉൾപ്പെടുത്താൻ സാധിച്ചെങ്കിലോ എന്ന നിസ്വാർത്ഥ ചിന്തകാരണമാണ് ചർക്കയും നൂലും എപ്പോഴും ഒപ്പം കരുതുന്ന ഷാനിമോൾ അവിടേക്ക് വരാൻ കാരണം.
ഏതായാലും കൂട്ടപ്പൊരിച്ചിൽ ഏതാണ്ട് ഗുണ്ടു പൊട്ടലിന്റെ ഘട്ടത്തിലേക്ക് എത്തിയപ്പോൾ ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന് ഒരു തലവേദന. 'എന്തൊരു തലവേദന' എന്ന് ലിജു ആത്മഗതം പോലെയൊന്നു പറഞ്ഞുപോയി. തൊട്ടപ്പുറത്തിരുന്ന നേതാവിന് ഇതോടെ പരിഭവം. തന്നെക്കുറിച്ചാണ് 'തലവേദന'യെന്ന് പറഞ്ഞതെന്നായി അദ്ദേഹത്തിന്റെ പരാതി. തലവേദനയും നേരിയ പനിയുടെ ലക്ഷണവും കണ്ടതോടെ ലിജുവിന് തെല്ല് സംശയം. കൊവിഡിന്റെ ആധിക്യമുള്ള നാടാണല്ലോ ആലപ്പുഴ. പിന്നെ അമാന്തിച്ചില്ല, നേരെ പോയി ടെസ്റ്റ് നടത്തി. ഫലം വന്നപ്പോൾ പോസിറ്റീവ്. തനിക്ക് കൊവിഡ് പിടിപെട്ട കാര്യം മറ്റുള്ളവരെ അറിയിക്കേണ്ടത് ഉത്തമനായ കോൺഗ്രസുകാരന്റെ ധർമ്മമാണല്ലോ. അദ്ദേഹം കെ.പി.സി.സി വൈസ് പ്രസിഡന്റ് വിഷ്ണുനാഥിനെ വിളിച്ചു. ഫോണെടുത്ത വിഷ്ണുനാഥിന്റെ ശബ്ദം ഇങ്ങനെ '' ലിജു ഞാൻ കൊവിഡ് ബാധിച്ച് ക്വാറന്റീനിലാണ്. പിന്നെ വിളിക്കാം''.കൊവിഡ് വന്നാൽപ്പോലും ഗ്രൂപ്പ് വൈരം മറക്കില്ലെന്ന ആത്മഗതത്തോടെ മുതിർന്ന നേതാവ് ഷുക്കൂറിനെയാണ് പിന്നെ ലിജു വിളിച്ചത്. അങ്ങേത്തലയ്ക്കൽ നിന്ന് ആദ്യം കേട്ടത് കുത്തികുത്തിയുള്ള ചുമ ശബ്ദം. തൊട്ടു പിന്നാലെ ഷുക്കൂറിന്റെ ക്ഷീണസ്വരത്തിലുള്ള മറുപടി.'എനിക്ക് കൊവിഡാ, ഞാൻ ക്വാറന്റൈനിലാ''.പിന്നെ വിളിച്ചത് മുതിർന്ന നേതാവ് ബാബുപ്രസാദിനെ. അപ്പോൾ ബി.എസ്.എൻ.എല്ലുകാരുടെ ഇമ്പമാർന്ന മറുപടി, കക്ഷി പരിധിക്ക് പുറത്താണെന്ന്.
ഇത്രയുമായതോടെ വശംകെട്ട ലിജു തന്റെ ഫേസ്ബുക്ക് ആയുധമാക്കി. തനിക്ക് കൊവിഡ് പോസിറ്റീവാണെന്നും താനുമായി അടുത്ത് ഇടപഴകിയവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചുള്ളതായിരുന്നു പോസ്റ്ര്. വീണ്ടും ഫേസ് ബുക്ക് ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഷാനിമോൾ ഉസ്മാൻ വക പോസ്റ്ര്.'എനിക്ക് കൊവിഡ് പോസിറ്രീവായതിനാൽ ഞാൻ ക്വാറന്റീനിലാണ്. അടുത്ത പ്രവർത്തകർ ജാഗ്രത കാട്ടുക'. ഡി.സി.സി ഓഫീസിൽ വന്നുപോയ ഷാനിമോൾ വരെ പോസിറ്റീവായതോടെ ഡി.സി.സി പരിസരത്തെത്തിയ കുട്ടിനേതാക്കളും മുതിർന്ന നേതാക്കളും നെട്ടോട്ടമായി, കൊവിഡ് പരിശോധനയ്ക്ക്. ഏതായാലും പ്രചാരണ രംഗത്ത് ഇപ്പോൾ ഇവരുടെ തലചിത്രമുള്ള പോസ്റ്ററുകൾ മാത്രമാണ് സജീവം.
ഇതുകൂടി കേൾക്കണെ
ഡി.സി.സി പ്രസിഡന്റിന് കൊവിഡ് പോസിറ്റീവെന്ന അറിയിപ്പ് വന്നപ്പോൾ,ഡി.സി.സി ആസ്ഥാനത്തെ വരാന്തയിൽ നിന്ന് കേട്ട ഒരു നിശബ്ദ തേങ്ങൽ ഇങ്ങനെ 'എന്റെ പേപ്പറിൽ കൂടി ഒപ്പിട്ടിട്ടു പരിശോധനാ ഫലം വന്നാൽ മതിയായിരുന്നു'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |