തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്കായി സർക്കാർ വാങ്ങിയ ആന്റിജൻ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 32,122 കിറ്റുകൾ തിരിച്ചയച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷനാണ് കിറ്റുകൾ സംഭരിച്ചിരുന്നത്.
പൂനെ ആസ്ഥാനമായ മൈ ലാബ് ഡിസ്‌കവറി സൊലൂഷൻസിൽ നിന്ന് വാങ്ങിയ കിറ്റുകളാണ് മടക്കിയത്. വാങ്ങിയത് ഒരു ലക്ഷം കിറ്റുകൾ. ഇതിൽ 62,858 കിറ്റുകൾ ഉപയോഗിച്ചു. 5020 കിറ്റുകളിലെ ഫലമാണ് കൃത്യമല്ലെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ബാക്കിയായ 32,12 2 കിറ്റുകൾ മടക്കി അയയ്ക്കാൻ തീരുമാനിച്ചത്.
4.59 കോടി രൂപയുടേതാണ് കിറ്റുകൾ. കിറ്റുകൾ ഉപയോഗിച്ചതിനാൽ മുഴുവൻ തുകയും കമ്പനിക്ക് നല്കാൻ ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി. മറ്റ് കമ്പനികളുടെ കിറ്റുകൾ സ്‌റ്റോക്കുള്ളതിനാൽ പരിശോധന മുടങ്ങില്ല. സംസ്ഥാനത്ത് എഴുപത് ശതമാനത്തിലേറെയും ആന്റിജൻ പരിശോധനയാണ് നടക്കുന്നത്. ആർ.ടി.പി.സി.ആർ പരിശോധനകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. ആന്റിജൻ പരിശോധനകൾക്ക് കൃത്യത കുറവാണെന്നും ആർ.ടി.പി.സി.ആർ പരിശോധനകൾ കൂട്ടണമെന്നും ആരോഗ്യ വിദഗ്ദ്ധരും നിർദ്ദേശിച്ചിരുന്നു. വീണ്ടും വിവിധ കമ്പനികളുടെ 10 ലക്ഷം പരിശോധനാ കിറ്റുകൾ കൂടി വാങ്ങാനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |