പിൻവലിച്ച് പുതിയ ഓർഡിനൻസിറക്കും
കൊച്ചി : വിവാദ പൊലീസ് ആക്ട് ഭേദഗതി പിൻവലിച്ച് പുതിയ ഒാർഡിനൻസ് കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്ന് ഇക്കാര്യത്തിൽ സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ സമയം അനുവദിച്ച് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജികൾ രണ്ടാഴ്ചകഴിഞ്ഞു വീണ്ടും പരിഗണിക്കാൻ മാറ്റി.
സൈബർ ആക്രമണങ്ങൾ തടയാനെന്ന പേരിൽ കൊണ്ടുവന്ന കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് ആർ.എസ്.പി നേതാക്കളായ ഷിബു ബേബി ജോൺ, എ.എ.അസീസ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും നൽകിയ പൊതുതാത്പര്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യം ഉൾപ്പെടെ ലംഘിക്കുന്ന തരത്തിലാണ് ഒാർഡിനൻസെന്നും ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകളാണ് ഇതിലുൾപ്പെടുത്തിയതെന്നും ആരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
തദ്ദേശഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം തടയുന്ന നടപടി സ്വേച്ഛാപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സുരേന്ദ്രന്റെ ഹർജിയിലെ ആരോപണം. കഴിഞ്ഞ ദിവസം ഹർജി പരിഗണനയ്ക്കു വന്നപ്പോൾ തന്നെ ഒാർഡിനൻസ് പിൻവലിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കില്ലെന്നും അഡിഷണൽ എ.ജി അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |