പതിനൊന്നാം മണിക്കൂറിൽ എന്തു തെളിവ്?
5 ദിവസം കസ്റ്റഡിയിൽ വിട്ടു
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഔദ്യോഗിക പദവികൾ എന്തെന്നു പറയാൻ പോലും ഭയമാണോയെന്ന മുനകൂർത്ത ചോദ്യവുമായി കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനം. സ്വർണക്കടത്തിന് ശിവശങ്കർ എങ്ങനെ ഒത്താശ ചെയ്തെന്നോ സഹായിച്ചെന്നോ വ്യക്തമാക്കാതെ ചോദ്യം ചെയ്യാൻ പതിനൊന്നാം മണിക്കൂറിൽ എന്തു തെളിവാണ് ലഭിച്ചതെന്നും കോടതി ചോദിച്ചു.
ശിവശങ്കർ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐ.ടി. സെക്രട്ടറിയുമാണ്. ഇൗ പദവികൾ പറയാൻ കസ്റ്റംസിനു ഭയമാണോ? മാധവൻ നായരുടെ മകൻ ശിവശങ്കർ എന്നു മാത്രമാണ് കസ്റ്റഡി അപേക്ഷയിൽ. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി പറയണം. ശിവശങ്കറിനെ ചോദ്യംചെയ്യാൻ പത്തു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷയിലാണ് സാമ്പത്തിക കുറ്റങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയുടെ വിമർശനം.
ഒൗദ്യോഗിക പദവിയിലിരുന്നാണ് പ്രതി കുറ്റകൃത്യത്തിന് സഹായം നൽകിയതെന്ന ആരോപണം കണക്കിലെടുത്ത് അഞ്ചു ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചു. ശിവശങ്കറിനെ എന്തിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നു പോലും അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കാൻ കഴിയുന്നില്ല. ഉന്നത പദവിയിലുള്ളയാൾ സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടത് ഗൗരവമുള്ളതും കേട്ടുകേൾവിയില്ലാത്തതുമാണ്. ഇതു പരിഗണിച്ചാണ് കസ്റ്റഡി അനുവദിക്കുന്നതെന്നും കോടതി പറഞ്ഞു.
ഇന്നലെ രാവിലെ അപേക്ഷ കോടതി പരിഗണനയ്ക്കെടുത്തപ്പോൾത്തന്നെ ശിവശങ്കറിന്റെ അഭിഭാഷകൻ എതിർത്തു. കഴിഞ്ഞ നാലു മാസമായി ഒമ്പതു തവണ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിട്ടും ലഭിക്കാത്ത വിവരങ്ങൾ ശിവശങ്കറിനെതിരെ കസ്റ്റഡിയിലിരിക്കെ സ്വപ്ന നൽകിയെന്നാണ് പറയുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു. ശിവശങ്കറിനെ അറസ്റ്റു ചെയ്ത് ഇത്രയും നാൾ കഴിഞ്ഞിട്ടും തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. മന:പൂർവം കുരുക്കാൻ ശ്രമിക്കുകയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡി അനുവദിക്കരുതെന്നും വാദിച്ചു. ഇൗ വാദങ്ങൾ കണക്കിലെടുത്താണ് അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് സി. ദീപു രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |