ഒരു സ്ഥലപ്പേരിൽ എന്തിരിക്കുന്നുവെന്ന് ചോദിക്കാം. നാട്ടിലെ പല സ്ഥലപ്പേരുകൾക്കും പിന്നിൽ ചരിത്രപരമായ പ്രാധാന്യമോ ഐതിഹ്യമോ ഒക്കെ ഉണ്ടാകാം. കൊല്ലം ചിന്നക്കടയ്ക്ക് ആ പേര് കിട്ടിയത് നൂറ്റാണ്ടുകൾക്ക് മുമ്പ് ചീനക്കാർ കൊല്ലത്ത് കച്ചവടത്തിനായി വന്നതിനാലാണ്. അതുപോലെ കൊല്ലം താലൂക്കാഫീസ് ജംഗ്ഷന് ആ പേര് കിട്ടാൻ ചരിത്രപരമായ കാരണങ്ങളുണ്ട്. വേലുത്തമ്പിദളവയുടെ കാലത്ത് അദ്ദേഹത്തിന് തങ്ങാനും ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാനുമായി നിർമ്മിച്ചതാണ് പഴയ താലൂക്കാഫീസ് കെട്ടിടം. വേലുത്തമ്പിയുടെ കാലത്ത് തന്നെ ഇത് കസ്ബ ജയിലായെന്ന് ചരിത്രകാരന്മാർ പറയുന്നു. പിന്നീട് കേണൽ മൺറോയുടെ കാലത്താണ് കച്ചേരിയായത്. അന്ന് മുതലാണ് താലൂക്ക് കച്ചേരിയെന്നറിയപ്പെട്ട് തുടങ്ങിയത്. ബ്രിട്ടീഷ് ഭരണത്തിനെതിരായി നടന്ന സമരകാലത്ത് പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ ഇവിടെ കസ്ബ ജയിലിൽ പാർപ്പിച്ചതും മറ്റൊരു ചരിത്രം. ഇത്രയേറെ പ്രാധാന്യമേറിയ സ്ഥലത്തിന്റെ പേരാണ് ഏതാനും ദിവസം മുമ്പ് രായ്ക്ക് രാമാനം മാറ്റിയെഴുതിയത്. എം. മുകേഷ് എം.എൽ.എ യുടെ ഫണ്ട് ഉപയോഗിച്ച് താലൂക്ക് കച്ചേരി ജംഗ്ഷനിൽ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബോർഡിൽ 'വേളാങ്കണ്ണി പള്ളി ജംഗ്ഷൻ" എന്നെഴുതി വച്ചത് കണ്ട് കൊല്ലം നിവാസികൾ അത്ഭുതപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടിയുണ്ടായത്. കൊല്ലത്തെ ഒരു പ്രമുഖ സമുദായത്തിന്റെ ആരാധനാലയത്തിന്റെ പേര് നൽകിയതിനാൽ ഇടത്, വലത് രാഷ്ട്രീയ പാർട്ടികൾക്ക് മിണ്ടാൻ പറ്റാതായി. എന്നാൽ പൊതുസമൂഹം ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. സാംസ്കാരിക നായകർക്കും പൊതുപ്രവർത്തകർക്കും ഒപ്പം ബി.ജെ.പിയും പ്രതിഷേധമുയർത്തിയെങ്കിലും പഴയപേരിലേക്ക് മാറ്റാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
പേരുമാറ്റത്തിനു പിന്നിലെ രാഷ്ട്രീയത്തിനുപരി തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സാമുദായിക പ്രീണനത്തിനുള്ള ചിലരുടെ വ്യഗ്രതയാണ് ഇതിനുപിന്നിൽ നിഴലിക്കുന്നതെന്ന് ഉള്ളിലേക്ക് അന്വേഷിച്ചാൽ വ്യക്തമാകും. കൊല്ലം കോർപറേഷൻ 2000 ൽ രൂപീകരിച്ചതു മുതൽ ഇടതുമുന്നണി ഭരണത്തിലാണ്. ഇക്കുറി അതിനൊരു മാറ്റം വരുത്താനാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പരിശ്രമമെങ്കിലും അത് എത്രത്തോളം വിജയിക്കുമെന്നറിയാൻ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കേണ്ടിവരും. സ്ഥാനാർത്ഥി നിർണയം പൂർത്തിയായി പ്രചരണത്തിന്റെ പാരമ്യത്തിലാണിപ്പോൾ. കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനം ഇക്കുറി വനിതാസംവരണമാണ്. ഇടതുമുന്നണിയ്ക്കാണ് ഭൂരിപക്ഷമെങ്കിൽ ആദ്യനാലുവർഷം സി.പി.എമ്മിനും അവസാന വർഷം സി.പി.ഐ യ്ക്കുമെന്നതാണ് ഇതുവരെയുള്ള കീഴ് വഴക്കം. യു.ഡി.എഫിന് ഇതുവരെ അധികാരം കിട്ടാത്തതിനാൽ മേയർ സ്ഥാനം പങ്ക് വയ്ക്കുന്നത് സംബന്ധിച്ച് നിലവിൽ കീഴ് വഴക്കമില്ല.
സി.പി.എം ഇതുവരെ മേയർ ആരെന്നത് സംബന്ധിച്ച് മുൻകൂട്ടി പ്രഖ്യാപിക്കാറില്ല. എന്നാൽ ഇക്കുറി ചിലർ സ്വയം പ്രഖ്യാപിത മേയറായി രംഗപ്രവേശം ചെയ്തതിൽ സി.പി.എമ്മിൽ തന്നെ എതിർപ്പുയരുന്നുണ്ട്. മുൻ മേയർ പ്രസന്ന ഏണസ്റ്റിന്റെ പേരാണ് പേരാണ് വീണ്ടും മേയറാകുന്നമെന്ന തരത്തിൽ പ്രചാരണം കൊഴുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സാമുദായിക പ്രീണനമാണ് താലൂക്ക് കച്ചേരി ജംഗ്ഷന്റെ പേരുമാറ്റത്തിനു പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. ഒരുസമുദായത്തിൽ പെട്ടവരെത്തന്നെ വീണ്ടും മേയറാക്കുന്ന രീതിയല്ല സി.പി.എം ഇതുവരെ തുടർന്ന് വന്നത്. 2000 ൽ കോർപ്പറേഷൻ നിലവിൽ വന്ന ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പുതുമുഖമായിരുന്ന അഡ്വ. സബിതാ ബീഗത്തെയാണ് മേയറാക്കിയത്. പിന്നീട് എൻ.പദ്മലോചനനും വി. രാജേന്ദ്രബാബുവും മേയറായി. ഇക്കുറി ഭൂരിപക്ഷം ലഭിച്ചാൽ പാർട്ടിയിലെ മറ്റൊരാൾക്ക് അവസരം നൽകണമെന്നതാണ് പാർട്ടിയിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നത്. അതിനിടെയാണ് സ്വയംപ്രഖ്യാപിത മേയറെന്ന നിലയിലുള്ള മുൻ മേയർക്കു വേണ്ടിയുള്ള പ്രചാരണം.
മേയറാകാൻ യോഗ്യർ വേറെയും
എൽ.ഡി.എഫാണ് വീണ്ടും അധികാരത്തിൽ വരുന്നതെങ്കിൽ മേയറാകാൻ സി.പി.എമ്മിൽ യോഗ്യരായ വനിതകൾ വേറെയുമുണ്ട്. കോളേജ് ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന ഗീതാകുമാരി കഴിഞ്ഞ നാലുതവണയായി തുടർച്ചയായി ആ ഡിവിഷനെ പ്രതിനിധീകരിക്കുകയാണ്. കഴിഞ്ഞ ഭരണസമിതിയിൽ അവസാനത്തെ ഒരുവർഷം ഡെപ്യൂട്ടി മേയറായിരുന്ന ഗീതാകുമാരിയെ ഇക്കുറി മത്സരിപ്പിക്കാതിരിക്കാൻ ശ്രമം നടന്നിരുന്നു. ജയിച്ചാൽ മേയറാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പാർട്ടിയിലെ തന്നെ ചിലരുടെ നീക്കമായിരുന്നു ഇത്. പ്രസന്ന ഏണസ്റ്റ് രണ്ടാം തവണ മേയറാകുന്നതിനോട് ജില്ലയിൽ നിന്നുള്ള മന്ത്രിയായ ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കും താത്പര്യക്കുറവുണ്ടെന്നാണ് അറിയുന്നത്. നിയമസഭയിൽ കുണ്ടറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മേഴ്സിക്കുട്ടിയമ്മയ്ക്ക് വീണ്ടും മത്സരിക്കാൻ ആഗ്രഹമുണ്ട്. ജയിക്കുകയും ഇടതു മുന്നണിക്ക് തുടർഭരണം ലഭിക്കുകയും ചെയ്താൽ ഒരിയ്ക്കൽക്കൂടി മന്ത്രിയാകാനുള്ള സാദ്ധ്യതയ്ക്ക് മങ്ങലേൽക്കുമെന്നതാണ് ഒരു കാരണം. സാമുദായിക പ്രാതിനിധ്യം പരിഗണിക്കേണ്ടി വരുമ്പോൾ കൊല്ലം മേയറാകുന്നയാളിന്റെ അതേ സമുദായത്തിൽ നിന്ന് മറ്റൊരാളെ മന്ത്രിയാക്കാനുള്ള സാദ്ധ്യത കുറയും. ഇപ്പോൾ തന്നെ ഇതേ സമുദായത്തിൽ നിന്നുള്ള കൊല്ലത്തുകാർ മറ്റു പല സ്ഥാനങ്ങളും കൈയ്യടക്കിയിട്ടുണ്ട്. യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ആണ് മറ്റൊരാൾ. ഗീതാകുമാരിയ്ക്ക് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെങ്കിലും ജില്ലയിൽ പാർട്ടിയെ നിയന്ത്രിക്കുന്ന മറ്റു ചിലരുടെ തീരുമാനമാകും ഇക്കാര്യത്തിൽ നിർണായകമാകുക.
പത്രിക തള്ളരുതെന്നാവശ്യപ്പെട്ട് ഹർജി
താമരക്കുളം ഡിവിഷനിൽ മത്സരിക്കുന്ന പ്രസന്ന ഏണസ്റ്റ് തന്റെ നാമനിർദ്ദേശ പത്രിക തള്ളരുതെന്നാവശ്യപ്പെട്ട് അവർ തന്നെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അവർ മുമ്പ് മേയറായിരുന്ന കാലത്ത് കോർപ്പറേഷൻ പരിധിയിൽ സൗജന്യ സേവനത്തിനായി ആംബുലൻസുകൾ വാങ്ങിയതിൽ കോർപ്പറേഷന് 18 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടായെന്ന ലോക്കൽ ഫണ്ട് ആഡിറ്റിലെ പരാമർശമാണ് ഹർജി നൽകാൻ കാരണമായത്. അന്നത്തെ മേയറെക്കൂടാതെ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനിയർ എന്നിവർക്ക് തുല്യ ബാദ്ധ്യതയുണ്ടെന്ന് കാട്ടി കഴിഞ്ഞമാസം അഞ്ചിന് പ്രസന്ന ഏണസ്റ്റിന് ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടറുടെ കത്ത് ലഭിച്ചിരുന്നു. രണ്ട് മാസത്തിനകം വിശദീകരണം നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതുസംബന്ധിച്ച് ഈ മാസം ആറിന് കോർപ്പറേഷനിലും നോട്ടീസ് ലഭിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരെങ്കിലും ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർക്ക് പരാതിനൽകിയാലോ എന്ന് ഭയന്നായിരുന്നു മുൻകൂട്ടി കോടതിയെ സമീപിച്ചത്. വിശദീകരണം നൽകാൻ അടുത്ത മാസം വരെ സമയം ഉണ്ടെന്നിരിയ്ക്കെ ഇതിന്റെ പേരിൽ പത്രിക തള്ളരുതെന്നാണ് പ്രസന്ന ഹർജിയിൽ ആവശ്യപ്പെട്ടത്. ആരും പരാതിപ്പെടാതിരുന്നതിനാൽ പത്രിക സാധുവായി. ഇനി ഹർജി പരിഗണിക്കുന്നത് ആറ് മാസം കഴിഞ്ഞാണെന്നതിനാൽ അതുവരെ പ്രശ്നമുണ്ടാകില്ലെങ്കിലും പ്രതികൂല പരാമർശം കോടതിയിൽ നിന്നുണ്ടായാൽ പ്രശ്നം ഗുരുതരമാകുമെന്നത് ഉറപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |