SignIn
Kerala Kaumudi Online
Tuesday, 08 July 2025 4.17 PM IST

നിയമത്തിന്റെ വഴിക്ക് പോകാത്ത നിയമം

Increase Font Size Decrease Font Size Print Page
photo

ദശരഥപത്നിയായ കൈകേയിക്ക് ഒരു ഉപദേശിയുണ്ടായിരുന്നു- മന്ഥര. വിശ്വസ്തയായ ദാസിയായിരുന്നു കൂനിയായ മന്ഥര. ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ അയോദ്ധ്യയിൽ ഒരുക്കങ്ങൾ നടക്കുമ്പോൾ കൈകയിക്ക് മന്ഥര ഒരു ഉപദേശം കൊടുത്തു. അയോദ്ധ്യയുടെ ചരിത്രത്തെ തലകുത്തിനിറുത്തിയ ഉപദേശമായിരുന്നു അത്. ശ്രീരാമനെ വനവാസത്തിനയച്ച് കൈകേയിപുത്രനായ ഭരതനെ യുവരാജാവായി വാഴിക്കണമെന്നായിരുന്നു ആ ഉപദേശം. അതിനുള്ള കുതന്ത്രങ്ങളും അക്കമിട്ടു പറഞ്ഞുകൊടുത്തു. പണ്ട് ദേവാസുരയുദ്ധത്തിൽ ഇന്ദ്രനെ സഹായിക്കാനായെത്തിയ ദശരഥൻ ഒരേസമയം പത്ത് ദിക്കിലേക്ക് തേരിന്റെ മുഖംതിരിച്ച് പോരാടുമ്പോൾ അച്ചുതണ്ടിന്റെ ചാവി ഇളകി. തേരിൽ ഒപ്പമുണ്ടായിരുന്ന കൈകേയി അത് യഥാസ്ഥാനത്ത് തള്ളിയിട്ട് വിരലുകൾകൊണ്ട് അമർത്തിപ്പിടിച്ചു. വിരൽചതഞ്ഞു ചോരയൊലിച്ച ഈ സാഹസം അറിഞ്ഞപ്പോൾ മനസലിഞ്ഞ ദശരഥൻ ഇഷ്ടമുള്ള രണ്ടു വരങ്ങൾ ചോദിച്ചുകൊള്ളാൻ കൈകേയിയോട് പറഞ്ഞു. ഇപ്പോൾ അതാവശ്യമില്ലെന്നും വേണ്ടിവന്നാൽ അപ്പോൾ ചോദിച്ചുകൊള്ളാമെന്നുമായിരുന്നു കൈകേയിയുടെ പ്രതികരണം. കൈകേയിപോലും മറന്നുപോയ ആ വരം പൊടിതട്ടിയെടുത്ത് വിളമ്പിക്കൊടുത്തു മന്ഥര. ദശരഥനെയും അയോദ്ധ്യയിലെ ജനങ്ങളെയും തീരാവേദനയിലാഴ്ത്തിയ ആ വരദാനം മന്ഥരയുടെ കാർമ്മികത്വത്തിൽ കൈകേയി നടപ്പിലാക്കി. രാമൻ സീതാലക്ഷ്മണസമേതനായി കാട്ടിലേക്കുപോയി. ഭരതൻ യുവാരാജാവുമായി. മന്ഥരയുടെ ഉപദേശം തക്കസമയത്ത് വിളയാടിയിരുന്നില്ലെങ്കിൽ സൂര്യവംശരാജാക്കന്മാരുടെ ചരിത്രംതന്നെ മറ്റൊരു വിധത്തിലാകുമായിരുന്നു.

നമ്മുടെ സർക്കാരിന് ഒന്നല്ല,​ ഒരു കൂട്ടം ഉപദേശകരുണ്ട്. ഉപദേശകരുടെ മഞ്ചലിരിക്കുന്ന കേരളസർക്കാർ സ്ത്രീസുരക്ഷയെ മുൻനിറുത്തിയും സൈബർ ദുരുപയോഗത്തെ ചെറുക്കാനുമായി ഒരു ഓർഡിനൻസ് ഇറക്കി. പെട്ടെന്ന് കേൾക്കുമ്പോൾ ആരും കൈയടിച്ചുപോകും. ആ നിലയിലായിരുന്നു മുഖ്യമന്ത്രിയുടെ ഇതു സംബന്ധിച്ച വിശദീകരണങ്ങളെല്ലാം. പക്ഷേ,​ പൊലീസ് നിയമഭേദഗതി-118 A എന്ന നിലയിലിറക്കിയ ഓർഡിനൻസ് അതിന്റെ മൂന്നാംനാൾ പെട്ടിയിൽവച്ച് പൂട്ടേണ്ടിവന്നു. ദ്രുതമരണം പ്രാപിച്ച ആ അഭിശപ്തനിയമം എത്രയും വേഗം മറവുചെയ്യണമെന്നാണ് മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ബി.ആർ.പി ഭാസ്കർ ആവശ്യപ്പെട്ടത്. അദ്ദഹം മാത്രമല്ല അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽനിന്ന് വിഖ്യാത അഭിഭാഷകൻ പ്രശാന്ത് ഭൂഷണുൾപ്പെടെ രാഷ്ട്രീയഭേദമന്യെ സ്വബോധമുള്ള സകലരും എതിർപ്പുമായി രംഗത്തുവന്നു. കണ്ണൂർ പൊളിറ്റിക്സിനുമുന്നിൽ പലപ്പോഴും നോക്കുകുത്തിയാകാറുള്ള സീതാറാം യെച്ചൂരിയും വിയോജിപ്പുമായി മുന്നിലെത്തി.

തിരഞ്ഞെടുപ്പുകളുടെ താളമേളങ്ങൾ നിറഞ്ഞ പശ്ചാത്തലത്തിൽ ഇത്ര തിടുക്കപ്പെട്ട് ഇങ്ങനെയൊരു ഓർഡിനൻസ് ഇറക്കി നാണംകെടാനുള്ള ഉൾവിളി എന്തായിരുന്നു?കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ശത്രുക്കൾപോലും പ്രതീക്ഷിക്കാത്തത്രയും ഹീനമായ പ്രവൃത്തികൾ പുറത്തുവരികയും അന്വേഷണങ്ങളുടെ വേലിയേറ്റത്തിൽ സകലമാന മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയകളും സംസ്ഥാന സർക്കാരിനെതിരെ കല്ലും നെല്ലും കൂട്ടിയിളക്കി ശർക്കരയും തേനും ചിലപ്പോൾ എലിവിഷവും ചേർത്ത് വിളമ്പുകയും ചെയ്യുന്ന അവസരത്തിൽ അതിനെല്ലാം വിലങ്ങിടാമെന്ന് ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടാവുമോ?​ പ്രയോഗിച്ചവർക്കെതിരെതന്നെ തിരിച്ചടിക്കാവുന്ന ഇരുതലമൂർച്ചയുള്ള വിഷായുധമാണതെന്ന് അറിയാത്തവരാണോ ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്?​ അങ്ങനെയാവാൻ തരമില്ല. നിയമസഭാതിരഞ്ഞെടുപ്പുകൂടി കഴിയുമ്പോഴേക്ക് നിയമപരമായി സ്വാഭാവിക മരണം പ്രാപിക്കാവുന്നതാണ് ഈ ഓർഡിനൻസ് എന്നുകൂടി ഉപദേശം കിട്ടിയിട്ടാവാം മുന്നും പിന്നും നോക്കാതെ എടുത്തങ്ങു പ്രയോഗിച്ചത്. എന്തായാലും പിൻവലിക്കാനായി മാത്രം സൃഷ്ടിച്ച ഒരു കരിനിയമം എന്ന പേരിലാവും വരും കാലം ഇതിനെ രേഖപ്പെടുത്തുക.

പിൻവലിച്ചെങ്കിലും കേരളഗവർണർ ഒപ്പിട്ട ഈ ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുള്ള കേന്ദ്രനിയമത്തിനും സുപ്രീംകോടതി നിലപാടിനും വിരുദ്ധമായതും കൺകറന്റ് ലിസ്റ്റിൽപ്പെട്ടതുമായ ഇത്തരം ഒരു നിയമഭേദഗതി നിയമസഭ പാസാക്കിയാൽപോലും രാഷ്ട്രപതിയുടെ അനുമതിയില്ലാതെ നടപ്പിലാക്കാൻ കഴിയില്ല എന്നിരിക്കെ ഈ ഓർഡിനൻസിൽ ഗവർണർ എങ്ങനെ ഒപ്പിട്ടുവെന്നും നിയമപരി‌‌ജ്ഞാനമുള്ളവർ ആശങ്കപ്പെടുന്നുണ്ട്.

ഒരു അശ്ലീലത്തെ മറ്റൊരു അശ്ളീലംകൊണ്ട് നേരിടുംവിധം സമീപകാലത്തുനടന്ന ഒരു സംഭവത്തിന്റെ ചുവടുപിടിച്ചു കൊണ്ടുവന്ന നിയമഭേദഗതിയുടെ ലക്ഷ്യം അത്ര ശുഭപ്രദമല്ല എന്നാണ് ഇതു സംബന്ധിച്ചുണ്ടായ ചർച്ചകളും തീരുമാനങ്ങളുമെല്ലാം വെളിപ്പെടുത്തുന്നത്. സൈബർ മീഡിയയെ മാത്രമല്ല,​ എല്ലാതരത്തിലുള്ള വിനിമയോപാധികളെയും നിയമഭേദഗതിയിൽ കൂട്ടിക്കെട്ടിയിരുന്നു. വി‌ജ്ഞാപനം ഇറങ്ങുന്നതിനു മുമ്പും അതിന്റെ അടുത്ത ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതല്ല വാസ്തവമെന്ന് വ്യക്തമാക്കുന്നതായിരുന്നു സമൂഹത്തിന്റെ നാനാമേഖലകളിൽനിന്നുണ്ടായ പ്രതികരണങ്ങൾ. ഫേസ് ബുക്കും ട്വിറ്ററും തുടങ്ങി പത്ര,​ശ്രവ്യ,​ദൃശ്യ മാദ്ധ്യമങ്ങളും ഓൺലൈൻ മാദ്ധ്യമങ്ങളും വാട്സാപ്പും'വരെ കൈകാര്യം ചെയ്യുന്നവർ വിലങ്ങണിഞ്ഞ് ജയിലഴിക്കുള്ളിലാവാൻ വഴിതുറക്കുന്നതായിരുന്നു പെട്ടിയിലടക്കം ചെയ്ത പൊലീസ് നിയമഭേദഗതി. അതിന്റെ ഗതി ഇങ്ങനെയായിരുന്നില്ലെങ്കിൽ കേരളജനതയുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഗതി എന്താകുമായിരുന്നെന്ന് പറയാവതല്ല.

പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയ്ക്കുണ്ടായ നോട്ടപ്പിശകാണ് പൊലീസ് ആക്ടിൽ സംഭവിച്ചതെന്നാണ് അത് പിൻവലിച്ച ദിവസത്തെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. കഷ്ടമെന്നല്ലാതെ എന്തുപറയാൻ?​ സംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് ഒരു ഓർഡിനൻസ് പിൻവലിക്കാനായി മറ്റൊരു ഓർഡിനൻസ് ഇറക്കേണ്ടിവരുന്നത്. ഇനിയെങ്കിലും പഠിക്കുമോ പാഠം?​ പഠിച്ചാൽ ഭരണക്കാർക്കും അതുവഴി ജനങ്ങൾക്കും കൊള്ളാം.

നവംബർ 21 ന് ഗവർണറുടെ അംഗീകാരത്തോടെ പ്രാബല്യത്തിൽവന്ന പൊലീസ് നിയമഭേദഗതി ഓർഡിനൻസ് അതേ കരങ്ങളാൽത്തന്നെ റദ്ദാക്കേണ്ടിവന്നു. ഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള റിപ്പീലിംഗ് ഓർഡിനൻസിൽ നവംബർ 25ന് വൈകിട്ടാണ് ഗവർണർ തുല്യംചാർത്തിയത്. 24നു ചേർന്ന മന്ത്രിസഭായോഗമാണ് ഓർഡിനൻസ് പിൻവലിക്കാൻ ഗവർണറോട് ശുപാർശ ചെയ്തത്. നിയമസഭാസമ്മേളനം തുടങ്ങി ആറ് ആഴ്ചയ്ക്കുള്ളിൽ പകരം ബിൽ കൊണ്ടുവന്നില്ലെങ്കിൽ അസാധുവാകുന്നതാണ് ഓർഡിനൻസ്. അങ്ങനെ സ്വാഭാവികമരണത്തിന് ചില ഓർ‌ഡിനൻസുകളെ സർക്കാർ കണ്ണടച്ച് വിട്ടുകൊടുത്തിട്ടുമുണ്ട്. ഇവിടെ സൃഷ്ടിച്ചവർക്കുതന്നെ അതിനെ തല്ലിക്കൊന്ന് ശവപ്പെട്ടിയിലാക്കേണ്ടിവന്നു. അഭിപ്രായം ഇരുമ്പുലക്കയല്ല എന്നാണ് സി.വി.കുഞ്ഞുരാമൻ പറഞ്ഞത്. അഭിപ്രായം മാത്രമല്ല,​ ഓർഡിനൻസും ഇരുമ്പുലക്കയല്ലെന്നും അത് ഇഷ്ടമില്ലാത്തവരെയെല്ലാം പ്രഹരിക്കാനുള്ള ആയുധമല്ലെന്നും വെളിപ്പെട്ടു. ഈ ദൃശ്യം കാണാനായാൽ മന്ഥരപോലും മൂക്കത്ത് വിരൽവച്ചുപോകും.

TAGS: KALLUM NELLUM, NIYAMATHINTE VAZHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.