ഞാൻ ജനിച്ചവർഷമാണ് മറഡോണ അർജന്റീനയ്ക്ക് ഫുട്ബാൾ ലോക കിരീടം നേടിക്കൊടുത്തത്.
മറഡോണയെക്കുറിച്ച് ആസിഫ് അലി എഴുതുന്നു
1986 ൽ ആണ് മറഡോണ അർജന്റീനയ്ക്ക് ഫുട്ബാൾ ലോക കിരീടം നേടിക്കൊടുക്കുന്നത്. ആ വർഷമാണ് ഞാൻ ജനിച്ചത്. ആ വർഷത്തോടുള്ള ഹൃദയബന്ധം മറഡോണയോടുമുണ്ട്.ഇതിഹാസ താരമെന്നതിലുപരി വിവാദങ്ങളുടെ നായകൻ കൂടിയായിരുന്നു മറഡോണ.
ഒരു ലോക ഫുട്ബോളർക്ക് വേണ്ട ഉയരമില്ലാത്തയാളായിരുന്നു മറഡോണ. പക്ഷേ ആ അഞ്ചടി നാലിഞ്ചുകാരന്റെ പന്തടക്കവും ട്രിബിളിംഗുമെല്ലാം ഏതൊരു ഫുട്ബാൾ ആരാധകനെയും ആവേശം കൊള്ളിക്കുമായിരുന്നു.ഒരു റിബലിനോട് തോന്നുന്ന ഇഷ്ടം. ലോകമെമ്പാടും മറഡോണയ്ക്ക് ആരാധകരുണ്ടായത് ആ ഒരിഷ്ടത്തിൽ നിന്നായിരിക്കണം. ഞാൻ ഫുട്ബാളിനെപ്പറ്റി അറിഞ്ഞുതുടങ്ങുന്ന കാലംമുതൽ മറഡോണ വിവാദ നായകനാണ്. സ്വന്തം കരിയർ അദ്ദേഹം നശിപ്പിച്ചതിനെപ്പറ്റിയൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.ഗോൾഡൻ കിഡ് എന്ന ചെല്ലപ്പേരുള്ള അദ്ദേഹം ശരിക്കും ഒരു പൊട്ടിത്തെറിച്ച മനുഷ്യനായിരുന്നു. കളിക്കളത്തിൽ മാത്രമല്ല പൊതുചടങ്ങുകളിൽ പോലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആ 'പൊട്ടിത്തെറി" കാണാൻ കഴിയുമായിരുന്നു.നമ്മുടെ നാട്ടിൽ ഒരു ജൂവലറി ഉദ്ഘാടനത്തിന് വന്നപ്പോഴാണ് മലയാളികൾക്ക് മറഡോണയോടുള്ള സ്നേഹത്തിന്റെയും ആരാധനയുടെയും ആഴം എല്ലാവർക്കും മനസിലായത്. ആ സ്നേഹാരാധന മറഡോണയെ തന്നെ അത്‌ഭുതപ്പെടുത്തിയിട്ടുണ്ടാവണം.
ഫുട്ബാൾ എന്ന് പറയുമ്പോൾത്തന്നെ മറഡോണയെയാണ് ഒാർമ്മ വരിക. മറഡോണയുടേത് മാത്രമായ ചില സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളുടെയും ആരാധകനാണ് ഞാനും. രണ്ട് കൈയിലും വാച്ച് കെട്ടുന്ന ആളായിരുന്നു മറഡോണ. ഫോട്ടോകളിലും കളിക്കിടയിലെ വിശ്രമ നേരത്തിൽ മറഡോണ വന്നിരിക്കുമ്പോഴുമൊക്കെ രണ്ട് കൈയിലും വാച്ച് കെട്ടിയിട്ടുണ്ടോയെന്ന് ഞാൻ ശ്രദ്ധിച്ചുനോക്കുമായിരുന്നു.
കളിയിലും ജീവിതത്തിലും തന്റേതായ സ്റ്റൈൽ കാത്തുസൂക്ഷിച്ചിരുന്ന താരങ്ങളുടെ താരം.
ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹം ഒരുപാട് കൊച്ചുകൊച്ച് ഫുട്ബാൾ ക്ളബുകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. അവരെ മുൻനിരയിലേക്ക് കൊണ്ടുവരാൻ പ്രയത്‌നിച്ചിരുന്നു.
(എസ്. അനിൽകുമാറിനോട് പറഞ്ഞത്)
ഡിഗോ മറഡോണ ഒരു യഥാർത്ഥ വിഗ്രഹം. കളിയിലെ ഇതിഹാസം.
- മമ്മൂട്ടി
ഇതിഹാസത്തിന് നിത്യശാന്തി
- മോഹൻലാൽ
അദ്ദേഹത്തിന്റെ മാന്ത്രികത കാണാൻ ഇൗ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ നമ്മളൊക്കെ അനുഗ്രഹിക്കപ്പെട്ടവരാണ്.
- ദുൽഖർ സൽമാൻ
ഇതിഹാസത്തിന് വിട
- പൃഥിരാജ്
ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു. പ്രിയ ഡിഗോ വിട
- മഞ്ജുവാര്യർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |