തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികളെയും പ്രതിപക്ഷ ആക്രമണത്തെയും പ്രതിരോധിക്കാൻ സർക്കാരും ഇടതുമുന്നണിയും ഉയർത്തിക്കാട്ടുന്ന വികസനം തന്നെ പ്രത്യാക്രമണത്തിനുള്ള ആയുധമാക്കുകയാണ് യു.ഡി. എഫ്. അതിന്റെ ഭാഗമായാണ് ഇപ്പോൾ കെ - റെയിൽ പദ്ധതിയും വിവാദമാക്കുന്നത്.
ഗെയ്ൽ പൈപ്പ് ലൈൻ പൂർത്തീകരണവും ലൈഫ് ഭവന പദ്ധതിയും ഉൾപ്പെടെ അവഗണിക്കാനാവാത്ത വികസന യാഥാർത്ഥ്യങ്ങളാണെന്നും അവയെല്ലാം ഇടതുമുന്നണിക്ക് ഗുണമാകുമെന്നും പ്രതിപക്ഷത്തിന് ബോദ്ധ്യമുണ്ട്. കെ-ഫോണും ഇ-മൊബിലിറ്റിയുമടക്കമുള്ള വൻകിട പദ്ധതികൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ 'വികസനത്തിന് തടയിടാനുള്ള' നീക്കമാണെന്ന് ഇടതുകേന്ദ്രങ്ങൾ ആരോപിക്കുന്നത് ഈ നേട്ടങ്ങളുടെ പിൻബലത്തിലാണ്.
എന്നാൽ നേട്ടങ്ങളായി സർക്കാർ അവകാശപ്പെടുന്ന വികസന പദ്ധതികളിൽ അഴിമതിയും ക്രമക്കേടുമുണ്ടെന്ന് കാട്ടാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ജനപക്ഷത്ത് നിന്നുള്ള വികസനമല്ല ഇടതുപക്ഷത്തിന്റേതെന്നാണ് ആക്ഷേപം. ആദ്യപടിയായാണ് കെ-റെയിൽ പദ്ധതിയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്നലെ പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.
കെ - റെയിലിനായി വൻതോതിൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. പതിനൊന്ന് ജില്ലകളിലായി 20,000ത്തിൽപ്പരം കുടുംബങ്ങളെയും 15,000ത്തിൽപ്പരം വ്യാപാരസ്ഥാപനങ്ങളെയും ഒഴിപ്പിക്കണം. ഇത് വലിയൊരു ജനവിഭാഗത്തിൽ സൃഷ്ടിക്കുന്ന ആശങ്ക തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കി മുതലെടുക്കാമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.
സർക്കാരിന്റെ പല പദ്ധതികൾക്കും ചുക്കാൻ പിടിച്ച എം. ശിവശങ്കർ ആരോപണ നിഴലിലായത് സർക്കാർ തലപ്പത്ത് അഴിമതിയാണെന്ന് പ്രചരിപ്പിക്കാൻ ഉപകരിക്കും. ശിവശങ്കറിന്റെ ബുദ്ധിയിൽ ഉരുത്തിരിഞ്ഞ കെ-റെയിലും സുതാര്യമല്ലെന്ന് വരുത്തണം.
പദ്ധതിയുടെ 28 ശതമാനം മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ചെലവ്. ബാക്കി കേന്ദ്രസഹായവും വിദേശവായ്പയുമാണ്. കേന്ദ്രം പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. കേന്ദ്ര ധനമന്ത്രാലയം പദ്ധതി നിരസിക്കുകയുമുണ്ടായി. പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങളും നടന്നിട്ടില്ല. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകരുതെന്ന റവന്യൂവകുപ്പ് നിർദ്ദേശവും കാറ്റിൽ പറത്തിയാണ് സർക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് റിയൽ എസ്റ്റേറ്റ് കുംഭകോണത്തിനാണെന്ന് ആരോപിച്ച പ്രതിപക്ഷനേതാവ് സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടിരിക്കയുമാണ്. പദ്ധതിയുടെ കൺസൾട്ടൻസി ലഭിച്ച ഫ്രഞ്ച് കമ്പനി സിസ്ട്ര, സ്‌പ്രിൻക്ലറും ഇ-മൊബിലിറ്റിയും പോലെ മറ്റൊരു കൺസൾട്ടൻസി അഴിമതിക്ക് കളമൊരുക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |