കാൽപ്പന്തിന്റെ മൈതാനത്തു നിന്ന് കേളീജാലത്തിന്റെ മാന്ത്രികേതിഹാസം മാഞ്ഞിരിക്കുന്നു.
അർജന്റീനയെന്ന ലാറ്റിനമേരിക്കൻ രാജ്യത്തു നിന്ന് ഫുട്ബാളിന്റെ അഭൗമസൗന്ദര്യംകൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച, കളിക്കളത്തിൽ കലാകാരനും ജീവിതത്തിൽ കലാപകാരിയുമായ അപൂർവപ്രതിഭയുടെ, റഫറിയുടെ നിയന്ത്രണങ്ങളെ വകവെയ്ക്കാത്ത ഉന്മാദഭരിതമായ കളിക്കാണ് ദൈവം അവസാന വിസിൽ മുഴക്കിയത്. മൈതാനത്ത് എതിരാളികൾക്കും ജീവിതത്തിൽ ഏറ്റവും അടുപ്പമുള്ളവർക്കും പൂർണമായും മനസിലാക്കാൻ കഴിയാത്ത പ്രഹേളികയായിരുന്നു ഡീഗോ. അയാളെ ദൈവത്തിന് ഏറെയിഷ്ടമായിരുന്നു.ലോകകപ്പിൽ ഗോളടിക്കാൻ ദൈവം ഒരു 'കൈ' നൽകി തന്നെ സഹായിച്ചുവെന്ന് മറഡോണ പറഞ്ഞിട്ടുണ്ട്. അതേ മത്സരത്തിലെ തന്നെ നൂറ്റാണ്ടിന്റെ ഗോളിൽ മറഡോണയുടെ ഉള്ളിലെ ദൈവിക സാന്നിദ്ധ്യമാകാം സ്പർശിച്ചത്. ഒരുപക്ഷേ ദൈവത്തെക്കാളേറെ ചെകുത്താനും ഡീഗോയെ സ്നേഹിച്ചിരുന്നിരിക്കാം. അതിനാലാകണം ലഹരിയുടെ ഉന്മത്തവഴികളിലേക്ക് അയാളെ നിരന്തരം ഒപ്പം കൂട്ടിയത്.
ഒരുപക്ഷേ, ഡീഗോ ഒരിക്കലും മാതൃകയാക്കാനാകാത്തൊരു ജീവിതശൈലിക്ക് ഉടമയായിരുന്നിരിക്കാം. പക്ഷേ, കളിക്കളത്തിൽ പദചലനങ്ങളിലെ ദൈവികസ്പർശം കൊണ്ട് അയാൾ വിസ്മയിപ്പിച്ചത് ഒരു തലമുറയെയോ ആ കാലഘട്ടത്തെയോ മാത്രമായിരുന്നില്ല. വരാനിരിക്കുന്ന തലമുറകൾക്കു മുന്നിൽ രഹസ്യത്തിന്റെ ചുരുളഴിയാത്ത മായാജാലമായി മറഡോണയുടെ കേളീശൈലി നിലകൊള്ളുന്നു. അതിന്റെ അതീന്ദ്രിയ വശീകരണശക്തിക്കു മുന്നിൽ വ്യക്തിജീവിതത്തിന്റെ കറുപ്പടരുകൾ മാഞ്ഞുപോകുന്നു.
ഒരു പകുതിയിൽ മാലാഖയും മറുപകുതിയിൽ മാരീചനുമായിരുന്നു മറഡോണ. കളിക്കളത്തിൽ മാലാഖയുടെ വേഷം പകർന്നാടുമ്പോഴും പുറത്ത് വിലക്കപ്പെട്ട വസന്തം തേടി അയാൾ എതിർപ്പുകളെ കൂസാതെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. പാദങ്ങളിൽ ഒട്ടിച്ചുചേർത്തെന്ന പോലെ പന്തുമായുള്ള ഓട്ടവും അപ്രതീക്ഷിതമായ പതുങ്ങലും പിന്നെ ഞൊടിയിടയിലൊരു കുതിപ്പും കൊണ്ടാണ് മറഡോണ എതിരാളികളെ അപ്രസക്തമാക്കിയിരുന്നത്. ചെറുക്കാൻ നിൽക്കുന്നവരുടെ കണക്കുകൂട്ടലുകൾക്ക് എപ്പോഴും അപ്രാപ്യമായിരുന്നു ആ അഞ്ചടി അഞ്ചിഞ്ചുകാരന്റെ ഗതിവേഗം. തന്നെ തടുക്കാൻ ഉയരത്തിന്റെ കോട്ടകെട്ടിയവർക്കിടയിലൂടെ ഒരു റോക്കറ്റുപോലെ വളഞ്ഞും ചെരിഞ്ഞും പുളഞ്ഞും വേഗം കുറച്ചും കൂട്ടിയും പന്തുമായി ഡീഗോ കടന്നുപൊയ്ക്കൊണ്ടേയിരുന്നു.
ലോകകപ്പുകളെ ലോകത്തിനു പ്രിയപ്പെട്ടവനാക്കിയവനാണ് ഡീഗോ. നാലു ലോകകപ്പുകൾ ആ മേളപ്രമാണിയുടെ കൊട്ടിക്കയറലുകൾക്ക് സാക്ഷിയായി. വമ്പൻ താരങ്ങൾ ആരുമില്ലാത്ത ഒരു കുഞ്ഞുടീമിനെയും കൂട്ടി വന്ന് കൊടുങ്കാറ്റായി മാറിയാണ് 1986ലെ മെക്സിക്കോ ലോകകപ്പിൽ ഡീഗോ മുത്തമിട്ടത്. ആ ലോകകപ്പ് ഇന്നും ഓർമ്മിക്കപ്പെടുന്നത് ഡീഗോയുടെ പേരിലാണ്. നാലുവർഷങ്ങൾക്കു ശേഷം കലാശക്കളിയിൽ ജർമ്മൻ വന്മതിൽ കടക്കാനാവാതെ, മറികടക്കാനാവാതെ വന്നെങ്കിലും ആരാധകർ ആർപ്പുവിളിച്ചത് ഡീഗോയ്ക്കു വേണ്ടിയാണ്. പക്ഷേ 1994ൽ അമേരിക്കൻ ലോകകപ്പിൽ നിരോധിതമരുന്നുപയോഗത്തിന് പിടിക്കപ്പെട്ടു. ഒരിക്കൽ അമരക്കാരനായി നെഞ്ചുവിരിച്ചു നിന്ന ലോകകപ്പ് വേദിയിൽ നിന്ന് നാണംകെട്ട് ശിരസുതാഴ്ത്തി മടങ്ങുന്ന ഡീഗോ ഒരു ദുരന്തദൃശ്യമായിരുന്നു. അപ്പോഴേക്കും പിടിവിട്ടുപോയിരുന്ന ശീലക്കേടുകൾ പിന്നീട് പലതവണ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ ഡ്രിബിളിംഗ് നടത്തിച്ചു.
കളിക്കളത്തിലെ വിപ്ളവം ജീവിതത്തിലും മറഡോണ വിടാതെ ചേർത്തുപിടിച്ചിരുന്നു. ചെഗുവേരയും ഫിദൽ കാസ്ട്രോയും പച്ചകുത്തപ്പെട്ടത് ആ ശരീരത്തിലല്ല,ഹൃദയത്തിലായിരുന്നു. മദർ തെരേസയുടെ ജീവകാരുണ്യത്തെയും ഹ്യൂഗോ ഷാവേസിന്റെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെയും വാഴ്ത്തിയ മറഡോണയിലെ വിപ്ളവകാരി അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷിനെ ചവറ്റുകുട്ടയെന്നും ഡൊണാൾഡ് ട്രംപിനെ യുദ്ധക്കൊതിയനായ കോമാളിയെന്നും പരിഹസിക്കാനും മടിച്ചില്ല. തനിക്ക് ശരിയെന്നു തോന്നുന്ന പക്ഷത്തിനു വേണ്ടി മറഡോണയിലെ മനുഷ്യൻ ആരെയും പേടിക്കാതെ ശബ്ദിച്ചുകൊണ്ടേയിരുന്നു.
കളിക്കണക്കുകളിലും ചിട്ടതെറ്റാത്ത ജീവിതത്തിലും മറഡോണയെക്കാൾ ഏറെ മുന്നിലാണ് പെലെ. എന്നാൽ തന്റെ ശരികൾകൊണ്ടും തെറ്റുകൾ കൊണ്ടും ആൾക്കൂട്ടത്തെ തന്നിലേക്ക് ആകർഷിക്കുന്ന അതിശക്തമായ കാന്തികവലയം മറഡോണയ്ക്കുണ്ടായിരുന്നു. പ്രശസ്തിയും കുപ്രസിദ്ധിയും ഒരേ സന്തോഷത്തോടെ മറഡോണയെ വാരിപ്പുണർന്നു.
ഇന്ത്യയിൽ എൺപതുകളുടെ മദ്ധ്യത്തോടെയാണ് ടെലിവിഷൻ പ്രചുരപ്രചാരത്തിൽ വന്നത്. പെലെ കേട്ടറിവായിരുന്നെങ്കിൽ മറഡോണയെ കണ്ടറിയാൻ അവസരം ലഭിച്ചത് നമ്മുടെ നാട്ടിൽ അദ്ദേഹത്തിന് വീരപരിവേഷം നൽകി. അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെ ആഴം 2008ൽ കൊൽക്കത്തയിലും 2021ൽ കണ്ണൂരും എത്തിയപ്പോൾ കണ്ടറിഞ്ഞതാണ്. ഇതേ വരവേൽപ്പ് ലോകമെമ്പാടും ഡീഗോയ്ക്ക് ലഭിച്ചിരുന്നു.
മറഡോണയുടെ കാൽചലനങ്ങളെയും പന്തടക്കത്തെയും കുറിച്ച് പല ശാസ്ത്രീയ പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും ആ മാന്ത്രികത വിശദീകരിക്കാനായിട്ടില്ല. മൈതാനമദ്ധ്യത്തിലേക്ക് മറഡോണ അവതരിക്കപ്പെട്ടപ്പോൾ ഫെറെങ്ക് പുഷ്‌കാസും ഗെർഡ് മുള്ളറും പെലെയും സോക്രട്ടീസും ബെക്കൻബോവറുമൊക്കെ ആ വിസ്മയത്തിന് വഴിമാറി. എന്നാൽ റൊണാൾഡോയും സിദാനും ബെക്കാമും ഫിഗോയും ക്രിസ്റ്റ്യാനോയും മെസിയുമൊക്കെ പിന്നാലെ വന്നിട്ടും ഡീഗോ മറഡോണ ഇന്നും പ്രസക്തനായി തുടരുന്നു. ഒരേയൊരാൾക്കു വേണ്ടി ദൈവം പണിത സിംഹാസത്തിലായിരുന്നു മറഡോണയുടെ വാഴ്ച. അറുപതാണ്ടുകൾ മാത്രമായിരുന്നു ആയുസെങ്കിലും അറുന്നൂറാണ്ടുകളെ ഉദ്ദീപിപ്പിക്കാനുള്ള വിസ്മയം ആ മനുഷ്യനിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പറയാം, ഡീഗോ മറഡോണയെന്ന കേളീജാലത്തിന്റെ മഴവില്ല് മൈതാനങ്ങളുടെ ലോകവിശാലതയിൽ നിന്ന് വിടപറഞ്ഞിട്ടില്ല. കാൽപ്പന്തിന്റെ മാന്ത്രികന് പ്രണാമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |