തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ ബാർ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ സ്പീക്കറുടെ അനുമതി തേടി. മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാറിനും കെ. ബാബുവിനുമെതിരായ ആരോപണത്തിൽ അന്വേഷണത്തിന് ഗവർണറോട് അനുമതി തേടും. ആശയക്കുഴപ്പത്തെ തുടർന്ന്, ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ബാറുടമ ബിജു രമേശ് ഉന്നയിച്ച ആരോപണമുണ്ടായ വേളയിൽ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റും,. നിയമസഭാംഗവുമായിരുന്നു. മന്ത്രിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ മാത്രം അനുമതി മതിയെന്നും, ഗവർണറുടെ അനുമതി തേടേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് നിയമോപദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ടോടെയാണ് പ്രതിപക്ഷനേതാവിനെതിരായ അന്വേഷണാനുമതി തേടിയുള്ള ഫയൽ സ്പീക്കറുടെ ഓഫീസിലേക്കയച്ചത്. ശിവകുമാറും ബാബുവും അന്ന് മന്ത്രിമാരായിരുന്നതിനാൽ ഗവർണറോട് അന്വേഷണാനുമതി തേടണമെന്നാണ് നിയമോപദേശം.
പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിന് ആദ്യം ഗവർണറുടെ അനുമതി തേടാനാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ, നേരത്തേ അന്വേഷിച്ച് തള്ളിയ ഫയലായതിനാൽ വീണ്ടും അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവർണർക്ക് കത്ത് നൽകി. ഈ സാഹചര്യത്തിൽ ഗവർണർ നിയമോപദേശം തേടിയ ശേഷമേ അനുമതി നൽകൂവെന്നായിരുന്നു നിഗമനം. ആശയക്കുഴപ്പം കാരണം പത്ത് ദിവസത്തോളമായി ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കെട്ടിക്കിടന്നു.
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകളിൽ നിന്ന് പിരിച്ച തുകയിൽ ഒരു കോടി രൂപ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും, ബാക്കി തുക മന്ത്രിമാരായ കെ. ബാബുവിനും വി.എസ്. ശിവകുമാറിനും നൽകിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. എന്നാൽ, നേരത്തേ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ ആരോപണമാണ് ഇതെന്നായിരുന്നു യു.ഡി.എഫിന്റെ വാദം. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ബിജു രമേശ് നൽകിയ രഹസ്യമൊഴിയിൽ ചെന്നിത്തലയുടെ പേരില്ലായിരുന്നു. രഹസ്യമൊഴിയുടെ ഭാഗമായി സമർപ്പിച്ച സി.ഡിയിലെ സംഭാഷണങ്ങളിൽ ചെന്നിത്തലയുടെയും ശിവകുമാറിന്റെയുമടക്കം പേരുകളുണ്ടായിരുന്നതിനാലാണ് അക്കാര്യവും അന്ന് വിജിലൻസ് അന്വേഷിച്ചതെന്നാണ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |