ഒരുവശത്ത് സോളാർ, മറുവശത്ത് ബാർകോഴ, മറ്റൊരിടത്ത് പ്ലസ്ടു കോഴ.... തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിലിലെത്തി നിൽക്കെ, പ്രതിപക്ഷനേതാക്കളെ ഒന്നാകെ പൂട്ടാനൊരുങ്ങുകയാണ് സർക്കാർ. വിജിലൻസ് കേസാണ് ആയുധം. കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ച ശേഷം കെ.എം.മാണിയുടെ മരണത്തോടെ അവസാനിച്ച ബാർകോഴക്കേസ് വീണ്ടും ഉയിർത്തെഴുന്നേറ്റ് പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണായുധമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെ ബാർകോഴക്കേസ്, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം 14നേതാക്കൾക്കെതിരെ സോളാർ വിവാദനായികയുടെ പരാതിയിലെ പീഡനക്കേസ്, പ്രളയപുനർനിർമ്മാണ പദ്ധതിയായ പുനർജനിക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വി.ഡി.സതീശൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് കേസ്, അഴീക്കോട് സ്കൂളിൽ പ്ലസ്ടുബാച്ച് അനുവദിച്ചതിന് 25ലക്ഷം കോഴവാങ്ങിയെന്ന കേസിലും അനധികൃത സ്വത്തുസമ്പാദനക്കേസിലും ലീഗ് എം.എൽ.എ കെ.എം.ഷാജിക്കെതിരെ വിജിലൻസ് കേസ്, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ, അഞ്ച് കോടി കോഴയാവശ്യപ്പെട്ടെന്ന ചാനൽവാർത്തയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് എം.പി എം.കെ.രാഘവനെതിരെ കേസ് എന്നിങ്ങനെ ആയുധങ്ങളെല്ലാം റെഡിയായിട്ടുണ്ട്. ബാർകോഴ, പുനർജനി കേസുകളിൽ എം.എൽ.എമാർക്കെതിരായ അന്വേഷണത്തിന് സർക്കാർ സ്പീക്കറുടെ അനുമതി തേടിയിട്ടുമുണ്ട്.
ആറുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബാർകോഴക്കേസ് വീണ്ടും സജീവമാവുന്നത്. പൂട്ടിക്കിടന്ന 418 ബാറുകളുടെ ലെെസൻസ് പുതുക്കി നൽകാൻ ധനമന്ത്രി കെ.എം.മാണിക്ക് ഒരു കോടി കോഴ നൽകിയെന്ന് ബാർഹോട്ടൽ ഉടമകളുടെ സംഘടനാ നേതാവ് ബിജുരമേശ് 2014ൽ ചാനൽചർച്ചയിൽ വെളിപ്പെടുത്തിയതാണ് ആദ്യബാർകോഴക്കേസിന്റെ തുടക്കമെങ്കിൽ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രിമാരായ കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്ക് പണമെത്തിച്ചെന്ന് കഴിഞ്ഞമാസം ബിജു വെളിപ്പെടുത്തിയതാണ് പുതിയ കേസിനിടയാക്കിയത്. ബിജുവിന്റെ വെളിപ്പെടുത്തലിൽ രഹസ്യ പരിശോധന നടത്തിയ വിജിലൻസ് ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ട് പ്രാഥമികഅന്വേഷണത്തിന് സർക്കാരിന്റെ അനുമതിതേടി. ചെന്നിത്തലയ്ക്കും രണ്ട് മുൻമന്ത്രിമാർക്കുമെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകി. ബാർകോഴക്കേസ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ മുഖ്യപ്രചാരണായുധമായി മാറുന്ന സ്ഥിതിയാണിപ്പോൾ.
തിരഞ്ഞെടുപ്പ് ഗോദയിൽ വീണ്ടും ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബായി മാറുകയാണ് സോളാർകേസ്. ബാർകോഴക്കേസിനേക്കാൾ ഗുരുതരമാണ് സോളാർ നായികയുടെ പീഡനപരാതിയിലെ കേസ് . 20വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണിത് . യു.ഡി.എഫ് നേതാക്കൾക്കെതിരായ 14 പീഡനക്കേസുകളാണ് സർക്കാരിന്റെ തുറുപ്പുചീട്ട്. എല്ലാ കേസുകളിലും ക്രൈംബ്രാഞ്ച് പരാതിക്കാരിയുടെ മൊഴിയെടുത്തു. 2017 ഒക്ടോബർ 11 ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ്, കേസിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്. സോളാർ നായിക സരിതയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്ത്, ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരേ രണ്ട് എഫ്.ഐ.ആറുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. പിന്നീട്, 2019ലെ ലോക്സഭാതിരഞ്ഞെടുപ്പ് സമയത്ത് ഹൈബി ഈഡൻ, അടൂർപ്രകാശ്, എ.പി അനിൽകുമാർ എന്നിവർക്കെതിരെയടക്കം 14കേസുകളെടുത്തു. ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ, അഡി.ഡി.ജി.പി അനിൽകാന്ത്, ഐ.ജി ദിനേന്ദ്രകശ്യപ് എന്നിവർ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്മാറിയപ്പോൾ എ.ഡി.ജി.പി ഷേഖ്ദർവേഷ് സാബിഹിനെ നിയോഗിച്ചെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങി. കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് സംശയമുണ്ടെന്ന് നിയമവിദഗ്ദ്ധരുടെ ഉപദേശം ലഭിച്ചതായി അനിൽകാന്ത് അന്ന് ഡി.ജി.പിയെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പായതോടെ, സോളാർകേസ് പൊടിതട്ടിയെടുത്തിരിക്കുകയാണിപ്പോൾ.
എന്നാൽ ക്രൈംബ്രാഞ്ചിന് സോളാർപീഡനക്കേസിൽ തെളിവുകണ്ടെത്തുക ശ്രമകരമായിരിക്കും. യു.ഡി.എഫ് നേതാക്കൾക്കെതിരെ ബലാത്സംഗം, പണം കൈപറ്റൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഫോണിലൂടെ ശല്യംചെയ്യൽ, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ജോസ് കെ.മാണിക്കും അബ്ദുള്ളക്കുട്ടിക്കുമെതിരേ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ ക്രൈംബ്രാഞ്ച് നേരത്തേ നടത്തിയ അന്വേഷണത്തിൽ തെളിയിക്കാനായിരുന്നില്ല. മലപ്പുറം, ഇടുക്കി ജില്ലകളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മുൻമന്ത്രി എ.പി അനിൽകുമാറിനെതിരായ മൊഴി. ആ പദ്ധതികള്‍ക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നതാണ് പൊരുത്തക്കേട്. അനിൽകുമാർ ഹോട്ടലിൽ താമസിച്ചതിന്റെ രേഖകളും കിട്ടിയിട്ടില്ല. എന്നാൽ, നിർഭയകേസിനു ശേഷം 2013ഏപ്രിൽ രണ്ടിനുണ്ടായ ക്രിമിനൽ നിയമഭേദഗതിയാണ് സർക്കാരിന്റെ തുറുപ്പുചീട്ട്. സ്ത്രീകൾക്ക് നേരെയുള്ള പുരുഷന്റെ നോട്ടം, വാക്ക്, ചേഷ്ട എന്നിവയെല്ലാം ലൈംഗികക്കുറ്റത്തിന്റെ പരിധിയിലാക്കി. ഇതോടെ, സോളാർ ഇടപാടിൽ ആനുകൂല്യം നൽകാമെന്ന് വാഗ്ദാനം ചെയ്തതടക്കം ഉന്നത അധികാരസ്ഥാനങ്ങളിലുള്ളവർ നടത്തിയ പീഡനക്കേസ് ശക്തമായി. ഇരയുടെ മൊഴി സാഹചര്യത്തെളിവുകളുടെ പിൻബലത്തോടെ, പ്രധാനതെളിവായി അംഗീകരിക്കപ്പെട്ടതോടെ, വൈദ്യപരിശോധനാ റിപ്പോർട്ട് അനിവാര്യമല്ലാതായി. കുറ്റം തെളിയിക്കാനുള്ള ബാദ്ധ്യത വാദിക്കല്ല, പ്രതിക്കാണ്.
കത്തിപ്പടർന്ന് ബിജുവിന്റെ വെളിപ്പെടുത്തൽ
എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബുവിന്റെ നിർദ്ദേശമനുസരിച്ച് ബാറുടമകളിൽ നിന്ന് പത്തുകോടി രൂപ പിരിച്ചെടുത്തെന്നും 50 ലക്ഷം രൂപ ബാബുവിന്റെ ഓഫീസിലും ഒരു കോടി രൂപ ചെന്നിത്തലയുടെ കെ.പി.സി.സിയിലെ ഓഫീസിലും എത്തിച്ചെന്നുമാണ് ബിജുരമേശിന്റെ വെളിപ്പെടുത്തൽ. 25ലക്ഷം രൂപ ആരോഗ്യമന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന്റെ വീട്ടിലെത്തിച്ചു. കെ.ബാബുവിന്റെ നിർദ്ദേശപ്രകാരം പലർക്കും പണം നൽകി. ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കോഴപ്പണം കൈമാറിയതിന് മുഹമ്മദ് റഫീഖ് എന്ന ദൃക്സാക്ഷിയുണ്ട്. മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ ജോസ് കെ. മാണി പത്തുകോടി വാഗ്ദാനം ചെയ്തു. എസ്.പി.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെളിവുകൾ അട്ടിമറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |