ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും സുന്ദരിയായ നായികയെന്ന് സാക്ഷാൽ സത്യജിത്ത് റായ് വിശേഷിപ്പിച്ച ജയപ്രദ പഞ്ചാബി സിനിമയിൽ അഭിനയിക്കുന്നു.കെ.സി. ബൊക്കാഡിയ സംവിധാനം ചെയ്യുന്ന ഭൂത് അങ്കിൾ തുസി ഗ്രേറ്റ് ഹോ എന്ന ചിത്രത്തിലൂടെയാണ് അമ്പത്തിയെട്ടുകാരിയായ താരം പഞ്ചാബിയിൽ അരങ്ങേറ്റം കുറിക്കുന്നത്.ഹൊറർ - കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും.1974 -ൽ ഭൂമികോശം എന്ന തെലുങ്ക് ചിത്രത്തിലൂടെഅഭിനയരംഗത്തെത്തിയ ജയപ്രദ മാതൃഭാഷയായ തെലുങ്ക് കൂടാതെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.1985ൽ ജോഷി സംവിധാനം ചെയ്ത ഇനിയും കഥ തുടരും എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. മമ്മൂട്ടിയുടെ ഹിന്ദി ചിത്രമായ ധർത്തിപുത്രിയിലും അഭിനയിച്ച ജയപ്രദ മോഹൻലാലിനൊപ്പം ദേവദൂതനിലും പ്രണയത്തിലും അഭിനയിച്ചു. ഒടുവിലഭിനയിച്ച മലയാള ചിത്രം കിണറാണ്.തെലുങ്ക് ദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ജയപ്രദ പിന്നീട് സമാജ് വാദി പാർട്ടിയിലേക്കും, രാഷ്ട്രീയ ലോക്‌ദളിലേക്കും കൂട് മാറി. രണ്ട് വർഷമായി ബി.ജെ.പി അംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |