കാരുണ്യവും സേവനവും പ്രതീക്ഷിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് അവ നിഷേധിക്കപ്പെടുമ്പോൾ മനുഷ്യർക്കുണ്ടാകുന്ന വേദനയും നിസ്സഹായതയും പറഞ്ഞറിയിക്കാനാവാത്തതാണ്. എല്ലായ്‌പ്പോഴും സാധാരണക്കാരാകും ഇത്തരം അവസ്ഥയിൽപ്പെട്ട് ദുരിതം അനുഭവിക്കേണ്ടിവരുന്നത്. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇതുപോലുള്ള സംഭവങ്ങൾ രാജ്യത്തു ദിവസേന നടക്കുന്നുണ്ട്. അവയിൽ വളരെ കുറച്ചു മാത്രമേ പൊതുജനശ്രദ്ധയിൽ വരാറുള്ളൂ. കഴിഞ്ഞ ദിവസം 'കേരളകൗമുദി"യുടെ മുഖ്യവാർത്ത സർക്കാർ ആശുപത്രികളിൽ പൊതുവേ നിലനിൽക്കുന്ന അരാജകത്വത്തിലേക്കും അനാസ്ഥയിലേക്കും വെളിച്ചം വീശുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ തന്നെയാണ്. ഇതിനൊപ്പം തന്നെ ജനസേവകരാകേണ്ട പൊലീസിന്റെ ഭാഗത്തുനിന്ന് സമീപ ദിവസങ്ങളിലുണ്ടായ ചില തിക്താനുഭവങ്ങൾ കൂടി പരിശോധിച്ചാൽ സാധാരണക്കാരുടെ ജീവിതം എത്രമാത്രം അരക്ഷിതവും ആശ്രയരഹിതവുമാണെന്നു ആർക്കും ബോദ്ധ്യപ്പെടും.
ഗുജറാത്തിലെ രാജ്‌കോട്ടിലെ സർക്കാർ കൊവിഡ് ആശുപത്രിയിലെ ഐ.സി.യുവിൽ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ ആറു കൊവിഡ് രോഗികളാണ് ദാരുണമായി വെന്തുമരിച്ചത്. ചികിത്സ തേടി എത്തുന്നവരുടെ സുരക്ഷിതത്വം ആശുപത്രിയുടെ ചുമതലയാണെന്നിരിക്കെ ഇതുപോലുള്ള ദുരന്ത സംഭവങ്ങൾ ആവർത്തിക്കുന്നതിനു പിന്നിൽ ചുമതലപ്പെട്ടവരുടെ അനാസ്ഥ തന്നെയാണു കാണാനാവുക. ഗുജറാത്തിൽത്തന്നെ കഴിഞ്ഞ ആഗസ്റ്റിലും ഇതുപോലൊരു ദുരന്ത സംഭവമുണ്ടായി. അന്ന് അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു തീപിടിത്തമുണ്ടായത്. എട്ടു കൊവിഡ് രോഗികൾ വെന്തുമരിച്ച സംഭവത്തെത്തുടർന്ന് ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റിംഗ് കർക്കശമാക്കിയിരുന്നു. പഴുതുകൾ ഇപ്പോഴും ശേഷിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് വെള്ളിയാഴ്ചത്തെ ദുരന്തം. സുപ്രീംകോടതി ഈ സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. ദുരന്തങ്ങൾ ആവർത്തിച്ചിട്ടും വേണ്ടത്ര ജാഗ്രത കാണിക്കാത്ത അധികൃത മനോഭാവത്തെ നിശിത ഭാഷയിലാണ് കോടതി വിമർശിച്ചത്. കൊവിഡ് ആശുപത്രികളിൽ പലതിലും ഇതുപോലുള്ള അനിഷ്ട സംഭവങ്ങൾ നടക്കുന്നുണ്ട്. പ്രശസ്തമായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോലും കൊവിഡ് രോഗി പരിചരണം കിട്ടാതെ പുഴുവരിച്ച സംഭവമുണ്ടായി. ഒന്നിലധികം കൊവിഡ് രോഗികളുടെ ആത്മഹത്യയ്ക്കും ആ ആശുപത്രി സാക്ഷിയായി.
തൈക്കാട് സ്‌ത്രീകളുടെ ആശുപത്രിയിൽ രണ്ടാമത്തെ പ്രസവത്തിനെത്തിയ യുവതിക്കുണ്ടായ ദാരുണാനുഭവം ഞെട്ടിക്കുന്നതാണ്. സിസേറിയനു വിധേയയായ യുവതിയുടെ വയറ്റിൽ നിന്ന് പഞ്ഞി മാറ്റാതെ തുന്നിക്കെട്ടിയതിനെത്തുടർന്നുണ്ടായ ശാരീരിക ക്ളേശം മാറ്റാൻ എസ്.എ.ടിയിൽ രണ്ട് ശസ്ത്രക്രിയകൾ കൂടി നടത്തേണ്ടിവന്നു. അന്വേഷണവും റിപ്പോർട്ട് തേടലുമൊക്കെ ഈ സംഭവത്തിലും ഉണ്ടാകുമായിരിക്കും. ആശുപത്രി സ്റ്റാഫിന്റെ പ്രകടമായ അനാസ്ഥയുടെ ഫലമായി യുവതിക്ക് ദിവസങ്ങളോളം അനുഭവിക്കേണ്ടിവന്ന ശാരീരികവും മാനസികവുമായ ക്ളേശത്തിന് ആരു സമാധാനം പറയും. നഷ്ടപരിഹാരം നൽകാൻ ആരു മുന്നോട്ടുവരും. ഉത്തരവാദികളെ കണ്ടെത്തിയാൽത്തന്നെ ഏതാനും ദിവസത്തെ സസ്‌പെൻഷനോ വകുപ്പുതല നടപടിയോ കൊണ്ട് പ്രശ്നം അവസാനിപ്പിക്കും. വേണ്ടത്ര നിയമബോധമില്ലാത്തതിനാൽ ആരും ഉയർന്ന നഷ്ടപരിഹാരം തേടി കോടതിയിൽ പോകുകയുമില്ല. അനാസ്ഥ പെരുകാനും ദുരന്തങ്ങൾ ആവർത്തിക്കാനും ഇടയാകുന്നത് അങ്ങനെയാണ്.
ഉത്തർപ്രദേശിലെ സംഭാൽ ജില്ലാ ആശുപത്രിയുടെ വരാന്തയിൽ അനാഥ നിലയിൽ സ്ട്രെച്ചറിൽ കിടക്കുന്ന പെൺകുട്ടിയുടെ ജഡത്തിന്റെ കാലുകൾ തെരുവുനായ കടിച്ചുവലിക്കുന്ന വീഡിയോ ദൃശ്യം ആരെയും ഞെട്ടിക്കാൻ പോന്നതാണ്. റോഡപകടത്തിൽ മരിച്ച കുട്ടിയുടെ ജഡമായിരുന്നു അത്. ഒന്നര മണിക്കൂറോളമാണ് വരാന്തയിൽ നോക്കാൻ പോലും ആളില്ലാതെ ജഡം കിടന്നത്. അനാസ്ഥ ദൃഷ്ടിയിൽപ്പെട്ട ആരോ അതിന്റെ വീഡിയോ ദൃശ്യം സമൂഹമാദ്ധ്യമത്തിലിട്ടപ്പോഴാണ് രാജ്യത്തൊട്ടാകെ ഇതിനെതിരെ പ്രതിഷേധമുയർന്നത്. തൂപ്പുകാരനെയും വാർഡ് ബോയിയെയും സസ്പെൻഡ് ചെയ്തുകൊണ്ട് ആശുപത്രി മേധാവികൾ സ്വന്തം പാപക്കറ കഴുകിക്കളയാൻ ശ്രമിക്കുകയായിരുന്നു. മനസ്സാക്ഷിയുള്ളവരെ മുഴുവൻ ഞെട്ടിച്ച ഈ സംഭവത്തിന്റെ പേരിൽ ആശുപത്രിയിലെ ഏറ്റവും താഴെ തട്ടിലുള്ള രണ്ടു ശിപായിമാർ മാത്രം ശിക്ഷിക്കപ്പെട്ടാൽ മതിയോ എന്നതാണ് ചോദ്യം. ഗുജറാത്തിലും യു.പിയിലും കേരളത്തിലും മാത്രമല്ല രാജ്യമൊട്ടുക്കുള്ള സർക്കാർ ആശുപത്രികളിലെല്ലാം മറയില്ലാതെ നടക്കുന്ന നിത്യസംഭവങ്ങളിൽ ചിലവ മാത്രമാണിത്. അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെ ധാർഷ്ട്യത്തിനും അവഗണനയ്ക്കും ഇരയാകേണ്ടിവരുന്ന പാവങ്ങൾ എന്തും സഹിച്ചുകൊള്ളുമെന്ന് അറിയാവുന്നതുകൊണ്ടു മാത്രമാണ് ഇതൊക്കെ നിർബാധം തുടർന്നുകൊണ്ടേയിരിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തും ഏറെ പേരെടുത്തിട്ടുള്ള കേരള പൊലീസിന്റെ യശസ്സിന് ഏറെ കളങ്കമുണ്ടാക്കിയ ചില അനുഭവങ്ങളെക്കുറിച്ചും പറയാതിരിക്കാനാവില്ല. തലസ്ഥാന ജില്ലയിലെ നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കാനെത്തിയ ഒരു അച്ഛനും പുത്രിക്കുമുണ്ടായ ദുരനുഭവം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് ലോകം അറിഞ്ഞത്. എ.എസ്.ഐയുടെ അധിക്ഷേപവും ഭർത്സനവും കണക്കിന് ഏറ്റുവാങ്ങേണ്ടിവന്ന ആ കുടുംബനാഥൻ ഉന്നതങ്ങളിൽ പരാതി സമർപ്പിച്ച് സങ്കട പരിഹാരത്തിനായി കാത്തിരിക്കുകയാണ്. കോൺസ്റ്റബിൾ മുതൽ മുകളിലുള്ള സകല പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് അങ്ങേയറ്റം മാന്യമായി പെരുമാറണമെന്നാണു വയ്പ്. പരാതിയുമായി എത്തുന്നവരെ സ്വീകരിച്ചിരുത്തി സംയമനത്തോടെ എല്ലാം കേൾക്കണമെന്നും നിർദ്ദേശമുള്ളതാണ്. പൊലീസ് സ്റ്റേഷന്റെ ബോർഡിൽ ജനമൈത്രി എന്നുകൂടി എഴുതിവച്ചതിനപ്പുറം ഒരുവിധ മൈത്രിയുമില്ലാത്തവിധമാണ് പല പൊലീസുകാരുടെയും പെരുമാറ്റമെന്ന് പരക്കെ പരാതി ഉയരാറുണ്ട്. കണ്ണൂർ ചെറുപുഴയിൽ വഴിയോരക്കച്ചവടത്തിലേർപ്പെട്ട പാവങ്ങളെ അസഭ്യം പറഞ്ഞ് വിരട്ടിയോടിച്ച സർക്കിൾ ഇൻസ്പെക്ടറും ചടയമംഗലത്ത് 69കാരനെ നടുറോഡിലിട്ട് തല്ലിച്ചതച്ച എസ്.ഐയുമൊക്കെ പൊലീസിന്റെ നല്ല മാതൃകകളേയല്ല. പരാതി ഉയർന്നപ്പോൾ സ്ഥലം മാറ്റിയും പരിശീലനത്തിനയച്ചും മുഖം മിനുക്കാനാണ് പൊലീസ് തലപ്പത്തിലുള്ളവർ ശ്രമിച്ചത്. ഇപ്പോഴത്തെക്കാൾ കൂടുതലായി പുതുതായി എന്തു പരിശീലനമാണ് ഇവർക്ക് നൽകാനാവുക. വായ തുറന്നാൽ അസഭ്യമേ വരൂ എന്നുള്ളവർക്ക് ശിക്ഷ വേറെയാണു നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |