തിരുവനന്തപുരം: കെ എസ് എഫ് ഇയിൽ കഴിഞ്ഞദിവസം നടന്ന വിജിലൻസ് റെയ്ഡിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. വിജിലൻസ് അല്പംകൂടി ഔചിത്യത്തോടെ പെരുമാറണമെന്നും സംസ്ഥാന സർക്കാർ പറയുന്നതുപോലെ വിജിലൻസ് പ്രവർത്തിക്കും എന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ അറിവില്ല. അല്പംകൂടി ഔചിത്യത്തോടെ വിജിലൻസ് പെരുമാറണം. ഒരു സർക്കാർ സ്ഥാപനത്തെ എതിരാളികൾക്ക് താറടിക്കാനുളള സന്ദർഭമാണ് അന്വേഷണം. കെ എസ് എഫ് ഇ തകർന്നാൽ അതിന്റെ ലാഭം സ്വകാര്യ സ്ഥാപനങ്ങൾക്കാണ്. വിജിലസ് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നു. ആവശ്യമെങ്കിൽ സർക്കാർ നടപടി സ്വീകരിക്കും. ഇതൊക്കെ സ്വാഭാവിക നടപടിക്രമങ്ങൾ. എന്നാൽ ഇത് ഓരാേന്നും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതാണ് അസ്വാഭാവിക നടപടി- ധനമന്ത്രി പറഞ്ഞു. കേരളസർക്കാർ പറയുന്നത് പോലയേ കേരളത്തിലെ വിജിലൻസ് പ്രവർത്തിക്കുകയുള്ളൂ. അതിനാൽ പ്രതിപക്ഷ നേതാവോ വി മുരളീധരനോ ഇപ്പോൾ ഞങ്ങൾക്കെന്തെങ്കിലും കിട്ടുമെന്ന് പറഞ്ഞിരിക്കേണ്ടെന്ന് ധനമന്ത്രി പരിഹസിക്കുകയും ചെയ്തു.
'വിജിലൻസ് അന്വേഷണം നടത്തുന്നതിന് ആരും എതിരല്ല, ഒരു ധനകാര്യ സ്ഥാപനത്തെ താറടിക്കാനായി രാഷ്ട്രീയ എതിരാളികൾക്ക് സന്ദർഭം ഒരുക്കിക്കൊടുക്കുന്ന രീതിയിലാവരുത് അത്. വിജിലൻസ് അന്വേഷണം നടത്തുന്നത് സർക്കാർ അറിയണമെന്നില്ല. ഓരോ കാര്യവും മുഖ്യമന്ത്രിയോ വകുപ്പ്മന്ത്രിയോ അറിഞ്ഞുകൊണ്ടല്ല ചെയ്യുന്നത്. വിജിലൻസ് അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. സി ആന്റ് എ ജി ഉൾപ്പടെയുളളവർ നേരത്തെയും കെ എസ് എഫ് ഇയിൽ വിവിധ പരിശോധന നടത്തിയിട്ടുണ്ട്. അതിന്റെ റിപ്പോർട്ടുകളുമുണ്ട്. അതൊന്നും മാദ്ധ്യമങ്ങളിലൂടെയല്ല പുറത്തുവന്നത്. എന്നാൽ വിജിലൻസ് പരിശോധനയുടെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. അത് ആരാണ് ചോർത്തിക്കൊടുക്കുന്നത്. കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം നടത്താൻ വഴിതുറക്കുകയാണ് വിജിലൻസ് അന്വേഷണമെന്നാണ് ചിലരുടെ ഭാവന. ഇ ഡിയെ വിടാം എന്നൊക്കെ വി മുരളീധരൻ ഇപ്പോൾതന്നെ മനഃപായസം ഉണ്ടുതുടങ്ങിയിട്ടുണ്ട്. ഞാൻ വിചാരിച്ചത് മുരളീധരൻ വിദേശകാര്യ സഹമന്ത്രിയാണെന്നാണ്, എന്നാൽ കേരളത്തിൽ നടക്കുന്ന വിഷയങ്ങളിൽ ഏത് വകുപ്പായാലും ഇടപെടാമെന്നാണ് മുരളീധരന്റെ ഭാവം. ജനം കൂടെയുണ്ടെങ്കിൽ സി ബി ഐക്കും ഇ ഡിക്കും പട്ടാളത്തിനും പൊലീസിനും ഒന്നും ചെയ്യാൻ പറ്റില്ല. അതാണ് ഡൽഹിയിലും കാണുന്നത് -മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |