അപ്രതീക്ഷിതമായി എത്തിയ ശബ്ദ പുരസ്കാരം ,എഴുത്ത് വഴിയിലും തിളക്കം. ആഹ്ളാദ നിറവിൽ ശ്രുതി രാമചന്ദ്രനും
ഫ്രാൻസിസ് തോമസും....
സ്വന്തം സിനിമയിൽ ഭാര്യയെ നായികയാക്കി ഭർത്താവ്. ഭാര്യയുടെ ജന്മദിനത്തിന് സമ്മാനമായി എഴുതിയതാണ് കഥ . ആ ഭർത്താവിനെ ഫ്രാൻസിസ് തോമസ് എന്ന് വിളിക്കാം. ഈ കഥയിൽ നായികയായി അഭിനയിച്ച ഭാര്യ ശ്രുതി രാമചന്ദ്രനും.സിനിമ 'അന്വേഷണം". എന്നാൽ ശ്രുതി രാമചന്ദ്രൻ എന്നു കേൾക്കുമ്പോൾ സൺഡേ ഹോളിഡേയിലെ 'തേപ്പുകാരി'യുടെ മുഖം ആണ് പെട്ടെന്ന് ഒാർമ വരിക. ഇനി അതെല്ലാം മറന്നേക്കുക. രണ്ടു വലിയ ആഹ്ളാദം ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചു. അൻപതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ കമലയിലെ പ്രകടനത്തിനു ശ്രുതി രാമചന്ദ്രൻ മികച്ച ഡബിങ് ആർട്ടിസ്റ്റ്. ആമസോൺ പ്രൈമിൽ അടുത്തിടെ റിലീസ് ചെയ്ത 'പുത്തം പുതുകാലൈ" എന്ന ഹ്രസ്വചിത്രങ്ങളുടെ ആന്തോളജിയിലെ ആദ്യ സിനിമയായ 'ഇളമൈ ഇതോ ഇതോ" എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് ഫ്രാൻസിസും ശ്രുതിയും ചേർന്നാണ്.അപ്രതീക്ഷിതമായി ലഭിച്ചതാണ് സംസ്ഥാന പുരസ്കാരം. ലോക് ഡൗണിൽ അവിചാരിതമായി സംഭവിച്ചതാണ് ശ്രുതിയുടെ എഴുത്ത്. ചെമ്മീൻ ഉൾപ്പെടെ മലയാളത്തിലെ പഴയകാലചിത്രങ്ങളിൽ കൈയൊപ്പ് പതിപ്പിച്ച പരസ്യകലാകാരൻ എസ്. എ നായരുടെ ചെറുമകളാണ് ശ്രുതി. രഞ്ജിത് സംവിധാനം ചെയ്ത ഞാൻ എന്ന ചിത്രത്തിലൂടെ ആണ് സിനിമയിൽ എത്തുന്നത്. ആ സമയത്ത് ആർകിടെക്ചർ വിദ്യാർത്ഥി ആണ് ശ്രുതി. ഫ്രാൻസിസ് തോമസ് എന്ന ചെന്നൈക്കാരൻ മനസിലേക്ക് ഇടിച്ചു കയറുന്നതും അപ്പോഴാണ്. അതും അപ്രതീക്ഷിതം. സിനിമയിലേക്കുള്ള വരവും അപ്രതീക്ഷിതം തന്നെ. രണ്ടു റോളുകളിൽ ആയിരുന്നു ഫ്രാൻസിസും ശ്രുതിയും ഇതുവരെ. ഇനി വേഷങ്ങൾ ഒരുമിച്ച്.
ആദ്യസിനിമയിൽ ശബ്ദം കടമെടുത്ത ശ്രുതിക്ക് മികച്ച ഡബിങ് ആർട്ടിസ്റ്റ് പുരസ്കാരം?
ഞാൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ എന്റെ ഭാഷ നല്ലതല്ല. എന്നാൽ രണ്ടാമത്തെ ചിത്രമായ പ്രേതം മുതൽ എല്ലാ സിനിമയ്ക്കും ഞാൻ തന്നെ ഡബ് ചെയ്തു. തമിഴിൽ അഭിനയിച്ച 'ഡോൾ ഹൗസ് ഡയറീസ് " വെബ് സിരീസിലും എന്റെ ശബ്ദം ആണ്. എന്നാൽ തെലുങ്ക് ചിത്രം ഡിയർ കൊമ്രേഡിൽ ഡബ് ചെയ്യാൻ സാധിച്ചില്ല. ഡബിങ് എനിക്ക് ഇഷ്ടമാണ്. അഭിനയം കഴിഞ്ഞാൽ ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന ജോലി അതായിരിക്കും. കമലയ്ക്കുവേണ്ടിയാണ് ആദ്യമായി മറ്റൊരാൾക്ക് ഡബ് ചെയ്യുന്നത്. സ്വന്തംകഥാപാത്രത്തിന് ഡബ് ചെയ്യുന്നതുപോലെ എളുപ്പമല്ല അത്. റുഹാനി അസാദ്ധ്യമായി അഭിനയിച്ചുവച്ച കഥാപാത്രം .അവരുടെ പ്രകടനത്തെ എന്റെ ശബ്ദം കാരണം താഴ്ന്നുപോവാനും പാടില്ല. അതിനുമുകളിൽ നിൽക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.കടവന്ത്രയിലാണ് ഞാൻ താമസിക്കുന്നത്. വിസ് മയ സ്റ്റുഡിയോയുടെ അടുത്ത്. ഒാകെ ആണെങ്കിൽ ചെയ്യാമെന്ന ചിന്തയിൽ ആണ് പോയത്. ഡബ് ചെയ്യുംമുൻപ് രഞ്ജിത് ശങ്കർ സാർ തിരക്കഥ വ്യക്തമായി പറഞ്ഞുതന്നു. 'പ്രേതത്തിന്റെ ടീമായതിനാൽ ഗുണം ചെയ്തു.ഇനി ഡബ് ചെയ്യുമോ എന്നൊന്നും അറിയില്ല. എന്നാൽ കമലക്കുശേഷം എന്റെ മറ്റു ചിത്രങ്ങളിൽ ഏറെ ആസ്വദിച്ചു ഡബ് ചെയ്യാൻ സാധിച്ചു.
ഇളമൈ ഇതോ ഇതോ എന്ന സിനിമയിൽ പ്രണയിക്കുമ്പോൾ നമ്മൾ ചെറുപ്പമെന്ന് പറയുന്നത് രണ്ടുപേരുടെയും ജീവിതാനുഭവത്തിൽനിന്നാണല്ലേ ?
ഞങ്ങൾ രണ്ടുപേരുടെയും ജീവിതത്തിൽനിന്നു കുറേ കാര്യങ്ങൾ അതേപോലെ പകർത്തിയിട്ടുണ്ട്. ടൗവൽ ബെഡിൽ ഇടുന്നത് ഞാൻ ആണ്. സ്പൂൺ ഫ്രിഡ്ജിൽ വയ്ക്കുന്നത് ഫ്രാൻസിസ്. കപ്പും പ്ളേറ്റും ഉടയ്ക്കുന്നതും ഫ്രാൻസിസ് തന്നെ. കിച്ചനിൽ ഡാൻസ് കളിക്കുന്നതും ഫ്രാൻസിസ്. പ്രണയിക്കുമ്പോൾ ഏതു പ്രായത്തിലുള്ളവർക്കും ചെറുപ്പം തോന്നും. ഞങ്ങൾക്കും അത് തോന്നിയിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും പ്രായത്തിലുള്ള രണ്ടപേർ തമ്മിലുള്ള പ്രണയം, അതു സമൂഹം എങ്ങനെ ഉൾക്കൊള്ളുന്നു എന്നതായിരുന്നു സിനിമയുടെ പ്രമേയം.ഇളമൈ ഇതോ ഇതോ ഇംഗ്ളീഷിൽ ആണ് ഫ്രാൻസിസ് എഴുതിയത്. സുധ കൊങ്കരയും സഹസംവിധായകരും ചേർന്ന് തമിഴിലേക്ക് മാറ്റി. ഫ്രാൻസിസ് ചെന്നൈയിൽ നിന്നായതുകൊണ്ട് ഇംഗ്ളീഷിൽ എഴുതുമ്പോൾ തമിഴിൽ എന്ത് ഡയലോഗ് വരുമ്പോഴാണ് നന്നാവുക എന്ന് നല്ല നിശ്ചയമുണ്ട്.
എഴുത്തിന്റെ വഴിയിലേക്ക് ശ്രുതി എങ്ങനെയാണ് എത്തുന്നത്?
'അന്വേഷണം" ആണ് ഫ്രാൻസിസിന്റെ ആദ്യ തിരക്കഥ. പൂർത്തിയായശേഷമാണ് ഞാൻ വായിക്കുന്നത്. ഷൂട്ടിംഗ് നടക്കുമ്പോഴും തിരക്കഥയിൽ മാറ്റം വന്നു. അത് ഞങ്ങൾ ഒന്നിച്ചാണ് ചെയ്തത്. ആ ജോലി ഏറെ ആസ്വദിച്ചു.പരസ്യമേഖലയിൽ പതിമൂന്ന് വർഷമായി കോപ്പിറൈറ്ററായി ഫ്രാൻസിസ് ജോലി ചെയ്യുന്നു. കഥയെക്കുറിച്ച് ആലോചിക്കുമ്പോഴും എഴുതുമ്പോഴും പല പല അഭിപ്രായങ്ങൾ വരാറുണ്ടെങ്കിലും ഇതുവരെ അടിച്ചുപിരിയേണ്ടിവന്നില്ല. ഞാൻ ഒരു ആശയം പറഞ്ഞാൽ അത് വർക്കൗട്ടാവില്ലെങ്കിൽ എന്തുകൊണ്ട് കഴിയില്ലെന്ന് ഫ്രാൻസിസിന് പറയാൻ സാധിക്കുന്നുണ്ട്. എനിക്കും എഴുതാൻ ഇഷ്ടമാണെന്ന് ഫ്രാൻസിസിന് അറിയാം. ഞങ്ങൾക്ക് ഇടയിൽ ഈഗോ ഇല്ല. എനിക്ക് കൂടി താത്പര്യമുള്ളതാണെങ്കിൽ ഒന്നിച്ചു തന്നെ എഴുതും.
ആർക്കിടെക്ചർ പഠിച്ച ശ്രുതി അപ്രതീക്ഷിതമായി സിനിമയിൽ എത്തി?
വിധിയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. ആറുവർഷംമുൻപ് ആർകിടെക്ചർ കോഴ്സ് ചെയ്ത ഞാൻ ഒരു ഒാഫീസ് കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് സിനിമയിൽ എത്തുന്നത്. നാരായണി അനൂപിന്റെ നൃത്തക്ളാസിൽ പോയില്ലായിരുന്നെങ്കിൽ രഞ്ജിത് സാറിന്റെ 'ഞാൻ" എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിയില്ലായിരുന്നു. രഞ്ജിത് ശങ്കറിനെ പരിചയപ്പെടാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ പ്രേതത്തിൽ നായികയാവില്ലായിരുന്നു. വിധി എന്റെ ജീവിതത്തിൽ പലപ്പോഴായി ഇങ്ങനെ കടന്നുവരാറുണ്ട്. അതിനൊപ്പം കഠിനാദ്ധ്വാനവുമുണ്ട്. എല്ലാം വിധിക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്ന ആളല്ല. പറഞ്ഞുവച്ചിരിക്കുന്ന കുറേ കാര്യങ്ങളുണ്ട്. അത് വന്നുചേരുകതന്നെ ചെയ്യും.ആർക്കിടെക്ചർ, നൃത്തം എന്നിവയായിരുന്നു മുൻപ് എന്റെ ഇടങ്ങൾ.
ഫ്രാൻസിസ് എങ്ങനെയാണ് ജീവിതപാതിയായി എത്തുന്നത്?
ആർകിടെക്ചർ ബാച്ചിലർ കോഴ്സ് ചെയ്തത് മൈസൂരിൽ ആണ്. പി.ജി ചെയ്തത് സ് പെയിനിൽ. കോഴ്സിന്റെ ഭാഗമായി ചെന്നൈയിൽ എത്തുമ്പോഴാണ് ഫ്രാൻസിസിനെ പരിചയപ്പെടുന്നത്. പത്തുവർഷമായി ഫ്രാൻസിസിനെ അറിയാം. വിവാഹം കഴിഞ്ഞിട്ടു നാലുവർഷമാവുന്നു.
വീട്ടുവിശേഷം?
അച്ഛൻ രാമചന്ദ്രൻ . കൊച്ചിയിൽ ജി.ആർ. ടെക് എന്ന സ്ഥാപനം നടത്തുന്നു. അമ്മ ഗീത ചോയ്സ് സ്കൂൾ വൈസ് പ്രിൻസിപ്പലായിരുന്നു. അനുജത്തി കാവ്യ ചെന്നൈയിൽ അദ്ധ്യാപിക. സ്വിമ്മർ ആണ്. നാടക പ്രവർത്തനവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |